റോം: ഇറ്റാലിയന്‍ ഫുട്ബോള്‍ ലീഗില്‍ ചാമ്പ്യന്മാര് യുവന്റസ് ഒന്നാമത് തുടരുന്നു. കഴിഞ്ഞ കളിയില്‍ സസ്സൗലൊയെ മടക്കമില്ലാത്ത ഒരു ഗോളിന് കീഴടക്കി രണ്ടാം സ്ഥാനക്കാര്‍ നെപ്പോളിയുമായുള്ള പോയിന്റ് വ്യത്യാസം ആറാക്കി ഉയര്‍ത്തി. ലീഗില്‍ തുടരെ 19ാം മത്സരമാണ് യുവന്റസ് തോല്‍ക്കാതെ പൂര്‍ത്തിയാക്കുന്നത്.
മുപ്പത്തിയാറാം മിനിറ്റില്‍ പൗലൊ ഡിബാല വിജയ ഗോള്‍ നേടി. മധ്യനിരയില്‍നിന്ന് വലതു ഭാഗത്തുകൂടെ കൊണ്ടുവന്ന പന്ത് യുവാന്‍ ക്വാര്ഡോഡോ ബോക്സില്‍ ഡിബാലയ്ക്ക് നല്‍കുകയായിരുന്നു. ബോക്സിനരികെ നിന്നുള്ള ഡിബാലയുടെ ഇടംങ്കാലന്‍ ഷോട്ട് ഗോളിക്ക് അവസരം നല്‍കാതെ വലയില്‍. ജയത്തോടെ 29 കളികളില്‍ 67 പോയിന്റായി യുവന്റസിന്. ഒരു മത്സരം കുറച്ചു കളിച്ച നെപ്പോളിക്ക് 61 പോയിന്റ്.
മലാഗയ്ക്ക് ജയം
മാഡ്രിഡ്: സ്പാനിഷ് ഫുട്ബോള്‍ ലീഗില്‍ മലാഗയ്ക്ക് ജയം. എതിരില്ലാത്ത ഒരു ഗോളിന് സ്പോര്‍ട്ടിങ് ഗിജോണിനെ കീഴടക്കി മലാഗ. 25ാം മിനിറ്റില്‍ യുവാന്‍ പാബ്ലൊ അനോര്‍ സ്കോറര്‍. 29 കളികളില്‍ 36 പോയിന്റുള്ള മലാഗ എട്ടാം സ്ഥാനത്ത്.
ഷാല്‍ക്കെ വീണു
ബെര്‍ലിന്‍: ജര്‍മന്‍ ഫുട്ബോള്‍ ലീഗില്‍ കരുത്തരായ ഷാല്‍ക്കെയ്ക്ക് അടിപതറി. എവേ മത്സരത്തില്‍ ഹെര്ത്തയോട് മടക്കമില്ലാത്ത രണ്ടു ഗോളിന് തോറ്റു ഷാല്‍ക്കെ. 42ാം മിനിറ്റില്‍ വെദാദ് ഇബിസെവിച്ചും, 65ാം മിനിറ്റില്‍ നിക്ലാസ് സ്റ്റാര്‍ക്കും ഹെര്‍ത്തയുടെ സ്കോറര്‍മാര്‍.
ജയിച്ചിരുന്നെങ്കില്‍ മൂന്നാം സ്ഥാനത്തെത്താമായിരുന്നു ഷാല്‍ക്കെയ്ക്ക്. ജയത്തോടെ ഹെര്‍ത്ത മൂന്നാം സ്ഥാനം സുരക്ഷിതമാക്കി. 26 കളികളില്‍ 45 പോയിന്റായി ഹെര്‍ത്തയ്ക്ക്, ഷാല്‍ക്കെയ്ക്ക് 41 പോയിന്റ്.
മൊണാക്കൊയ്ക്ക് സമനില
പാരീസ്: ഫ്രഞ്ച് ഫുട്ബോള്‍ ലീഗില്‍ രണ്ടാം സ്ഥാനക്കാര്‍ മൊണാക്കൊയ്ക്ക് സമനില. ലീഗില്‍ പതിനാറാം സ്ഥാനത്തുള്ള റെയ്മസിനോട് കുരുങ്ങി മൊണാക്കൊ (2-2). മൊണാക്കൊയ്ക്കായി വാഗ്നര്‍ ലവ് ഇരട്ട ഗോള്‍ നേടി. അഞ്ചാം മിനിറ്റില്‍ വാഗ്നറിലൂടെ മുന്നിലെത്തിയ ടീമിനെ 11ാം മിനിറ്റില്‍ ഗിയാറ്റന് ചര്ബൊന്നിയിറിലൂടെ പിടിച്ചുകെട്ടി റെയ്മസ്. 38ാം മിനിറ്റില്‍ വാഗ്നര്‍ വീണ്ടും ലീഡ് സമ്മാനിച്ചെങ്കിലും, 78ാം മിനിറ്റില്‍ ഡീഗൊയിലൂടെ റെയ്മസ് തിരിച്ചടിച്ചു.
മുപ്പത് കളികളില്‍ 52 പോയിന്റുമായി മൊണാക്കൊ രണ്ടാം സ്ഥാനത്ത് തുടരുന്നു. റെയ്മസിന് 33 പോയിന്റ്. മത്സരഫലം തത്കാലം മൊണാക്കൊയുടെ സ്ഥാനത്തിനു ഭീഷണിയാകില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: