ശബരിമല കൊടിയേറ്റ് നാളെ; നട ഇന്ന് തുറക്കും

Sunday 13 March 2016 11:17 am IST

ശബരിമല: മീനമാസപൂജയ്ക്കും ഉത്സവത്തിനുമായി ശബരിഗിരി നാഥന്റെ തിരുനട ഇന്ന് തുറക്കും. പത്തുദിവസം നീണ്ടുനില്‍ക്കുന്ന ഉത്സവത്തിന് തിങ്കളാഴ്ച്ച രാവിലെ 10.20 നും 11 നും മധ്യേ തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ കാര്‍മികത്വത്തില്‍ കൊടിയേറ്റും. രണ്ടാം ഉത്സവം മുതല്‍ ഒന്‍പതാം ഉത്സവം വരെ രാവിലെ 11.30 ന് ഉത്സവബലിയും ഉച്ചയ്ക്ക് ഒന്നു മുതല്‍ 2.30 വരെ ഉത്സവബലി ദര്‍ശനവും നടക്കും. ഒന്‍പതാം ഉത്സവം വരെ അത്താഴപൂജക്ക് ശേഷം ശ്രീഭൂതബലിയുംഅഞ്ചാം ഉത്സവം മുതല്‍ ശ്രീഭൂതബലിക്കുശേഷം വിളക്കിനെഴുന്നെള്ളിപ്പും നടക്കും. ഒന്‍പതാം ഉത്സവമായ 22 ന് രാത്രി അയ്യപ്പസ്വാമി ശരംകുത്തിയിലേക്ക് പള്ളിവേട്ടയ്ക്കായി എഴുന്നെള്ളും. പള്ളിവേട്ടയ്ക്ക് ശേഷം തിരിച്ചെഴുന്നെള്ളുന്ന ദേവന്‍ ശ്രീകോവിലിന് വെളിയില്‍ കിഴക്കേ മണ്ഡപത്തിനോട് ചേര്‍ന്ന് പ്രത്യേകം തയ്യാറാക്കിയ ശയ്യയിലാണ് പള്ളിയുറങ്ങുന്നത്.23 ന് പുലര്‍ച്ചെ ദേവനെ ഉണര്‍ത്തി കണികാണിച്ച് ശുദ്ധി വരുത്തി ശ്രീകോവിലിലേക്ക് ആനയിക്കും.തുടര്‍ന്ന് അഭിഷേകവും മറ്റ് പൂജകളും നടത്തും. ഇതിന് ശേഷം രാവിലെ ഒമ്പതിന് പമ്പയിലേക്ക് ആറാട്ടിനായി പുറപ്പെടും. പമ്പയിലെ ആറാട്ടുകുളത്തില്‍ ആറാടിയ ശേഷം ദേവനെ പമ്പാ ഗണപതി കോവിലില്‍ എഴുന്നള്ളിച്ചിരുത്തും. പമ്പയില്‍ ആറാട്ട് സദ്യയ്ക്ക് ശേഷം ഉച്ചയ്ക്ക് മൂന്നിന് തിരിച്ചെഴുന്നെള്ളത്താരംഭിക്കും.സന്ധ്യയോടെ ആറാട്ടെഴുന്നെള്ളിപ്പ് സന്നിധാനത്തെത്തിയശേഷം കൊടിയിറക്കും.തുടര്‍ന്ന് ദേവനെ അകത്തെഴുന്നെള്ളിച്ച് ദീപാരാധന നടത്തും. അന്ന് രാത്രി പത്തുമണിയോടെ നടഅടയ്ക്കും.ഉത്സവദിവസങ്ങളില്‍ സന്നിധാനത്തെത്തുന്ന അയ്യപ്പ ഭക്തര്‍ക്ക് ദേവസ്വം ബോര്‍ഡ് അന്നദാനം നടത്തും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.