കെഎന്‍ഇഎഫ് സംസ്ഥാന സമ്മേളനം കണ്ണൂരില്‍ ആരംഭിച്ചു

Sunday 13 March 2016 12:17 am IST

കണ്ണൂര്‍: കേരള ന്യൂസ് പേപ്പര്‍ എംപ്ലോയീസ് ഫെഡറേഷന്‍ പതിനേഴാം സംസ്ഥാന സമ്മേളനം കണ്ണൂരില്‍ ആരംഭിച്ചു. ഇന്നലെ ഉച്ചക്ക് ഒരു മണിക്ക് സി.കണ്ണന്‍ സ്മാരക ഹാളില്‍ നടന്ന നേതൃയോഗം കെഎന്‍ഇഎഫ് ദേശീയ ജനറല്‍ സെക്രട്ടറി വി.ബാലഗോപാല്‍ ഉദ്ഘാടനം ചെയ്തു. വൈകുന്നേരം കാല്‍ടെക്‌സ് ജംഗ്ഷനില്‍ നിന്നും ആരംഭിച്ച റാലി സ്റ്റേഡിയം കോര്‍ണ്ണറില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന ട്രേഡ് യൂണിയന്‍ സമ്മേളനം സി. കൃഷ്ണന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ഗോപന്‍ നമ്പാട്ട് അധ്യക്ഷത വഹിച്ചു. ബിഎംഎസ് കണ്ണൂര്‍ ജില്ലാ പ്രസിഡണ്ട് അഡ്വ.കെ.പി.സുരേഷ് കുമാര്‍, സിഐടിയു സംസ്ഥാന സെക്രട്ടറി കെ.പി.സഹദേവന്‍, എസ്ടിയു സംസ്ഥാന സെക്രട്ടറി എം.എ.കരീം, ഐഎന്‍ടിയുസി ജില്ലാ പ്രസിഡണ്ട് പി.വി.ശശീന്ദ്രന്‍, പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സി.നാരായണന്‍, പ്രസ് ക്ലബ് പ്രസിഡണ്ട് കെ.ടി.ശശി, പി.അജീന്ദ്രന്‍, കെ.മധു, പൂക്കോടന്‍ ചന്ദ്രന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. തൊഴില്‍ നിയമപരിഷ്‌കാരങ്ങള്‍ എന്ന വിഷയത്തില്‍ ചര്‍ച്ച നടന്നു. ഇന്ന് രാവിലെ എട്ടിന് പ്രതിനിധികള്‍ക്കുള്ള മെഡിക്കല്‍ ക്യാമ്പ് നടക്കും. 10 മണിക്ക് മന്ത്രി കെ.സി. ജോസഫ് സമ്മേളനം ഉദ്ഘാടനം ചെയ്യും. പി.കെ. ശ്രീമതി എംപി മുഖ്യപ്രഭാഷണം നടത്തും. തുടര്‍ന്ന് ചേരുന്ന പ്രതിനിധി സമ്മേളനം പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. തൊഴില്‍ നിയമ പരിഷ്‌കാരങ്ങള്‍, ജസ്റ്റിസ് മജീദിയ വേജ് ബോര്‍ഡ് ശുപാര്‍ശയിലെ അപാകതകള്‍ പരിഹരിക്കല്‍, പുതിയ വേജ് ബോര്‍ഡിന് വേണ്ടിയുള്ള ഡിമാന്റ് നോട്ടീസ് നല്‍കല്‍, മാധ്യമപ്രവര്‍ത്തകര്‍ക്ക് ദേശീയ തലത്തില്‍ ക്ഷേമപദ്ധതികള്‍ ആരംഭിക്കല്‍, സംസ്ഥാന പെന്‍ഷന്‍പദ്ധതി കാലോചിതമായി പരിഷ്‌കരിക്കല്‍, മാധ്യമപ്രവര്‍ത്തകര്‍ക്ക് സമഗ്രക്ഷേമനിധി, മാധ്യപ്രവര്‍ത്തക ബാങ്ക്, പഠന ഗവേഷണകേന്ദ്രം ആരംഭിക്കുക തുടങ്ങിയ വിഷയങ്ങള്‍ സമ്മേളനം ചര്‍ച്ച ചെയ്യും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.