വനത്തിനുള്ളില്‍ വ്യാജവാറ്റ് കേന്ദ്രങ്ങള്‍: വേനല്‍ ചൂടില്‍ കാട്ടുതീ പടരാന്‍ സാധ്യത

Sunday 13 March 2016 3:00 pm IST

കാഞ്ഞങ്ങാട്: കേരള കര്‍ണാടക വനാതിര്‍ത്തിക്കുള്ളില്‍ വ്യാപകമായി വ്യാജവാറ്റ് കേന്ദ്രങ്ങള്‍ പെരുകുന്നത് നാട്ടിലെ വ്യാജചാരായ വില്‍പനയും കാട്ടിലെ കാട്ടുതീയ്ക്കും കാരണമാകുന്നു. കശുമാങ്ങ സീസണ്‍ ആരംഭിച്ചതോടുകൂടിയാണ് വനത്തിനുള്ളില്‍ അടുപ്പ് കൂട്ടിയുള്ള വ്യാജവാറ്റ് നിര്‍മാണം വ്യാപകമായിരിക്കുന്നത്. വനത്തിനുളളിലായതുകൊണ്ടു തന്നെ എക്‌സൈസ് അധികൃതര്‍ക്കും പോലീസ് അധികാരികള്‍ക്കും വിവരം ലഭിക്കുന്നില്ല. വാറ്റു കേന്ദ്രങ്ങളില്‍ നിന്നും തയ്യാറാക്കുന്ന ചാരായം വലിയ കന്നാസുകളിലാക്കി ആവശ്യക്കാര്‍ക്ക് എത്തിച്ചുകൊടുക്കുകയാണ് ചെയ്യുന്നത്. കേരള അതിര്‍ത്തിയോട് ചേര്‍ന്ന് കര്‍ണാടക വനത്തിനുള്ളില്‍ നടക്കുന്ന വ്യാജവാറ്റ് കണ്ടെത്തി നശിപ്പിക്കാന്‍ കേരളത്തിലെ എക്‌സൈസ് വകുപ്പിന് അധികാരമില്ലന്നതിനാലാണ് വ്യാജവാറ്റുകാര്‍ അതിര്‍ത്തിപ്രദേശങ്ങള്‍ തെരഞ്ഞെടുക്കാന്‍ കാരണം. ഇവിടെ നിന്ന് പുറത്ത് കടത്തുന്ന വിവരം ലഭിച്ചാല്‍ മാത്രമെ പിടികൂടാന്‍ സാധിക്കുകയുള്ളു. കര്‍ണാടക വനത്തിനുള്ള വ്യാജ് വാറ്റ് കേന്ദ്രങ്ങളില്‍ നിന്നും വ്യാപകമായി വാറ്റ് കേരളത്തിലേക്ക് കടത്തുന്നുണ്ട്. മരുതോം വനത്തിനുള്ളിലും വ്യാപകമായി വാറ്റ് കേന്ദ്രങ്ങള്‍ ഉള്ളതായി സൂചനയുണ്ട്. ഇതിന്റെ തെളിവുകള്‍ പരിസ്ഥിതി പ്രവര്‍ത്തകര്‍ അധികൃതര്‍ക്ക് കൈമാറിയിട്ടുണ്ട്. വനത്തിനുള്ളിലെ പലഭാഗങ്ങളിലും അടുപ്പുകള്‍ കൂട്ടി തീയിട്ടതിന്റെ ലക്ഷണങ്ങള്‍ കാണാനുണ്ട്. വ്യാജവാറ്റ് കേന്ദ്രങ്ങള്‍ വര്‍ധിക്കുക വഴി വേനല്‍കാലത്ത് അതിഭീകരമായ കാട്ടുതീ പടരാന്‍ ഇടയാക്കുമെന്നും ഇവര്‍ പറയുന്നു. വനത്തിനുള്ളില്‍ കരിയിലയും വിറകും കൂട്ടി തീകത്തിച്ച് വാറ്റ് കഴിഞ്ഞതിന് ശേഷം തീ കൊടുത്താതെയാണ് വാറ്റ് സംഘം പിന്‍മാറുന്നത്. ഇതില്‍ നിന്നും കാറ്റില്‍ തീപടരാന്‍ സാധ്യത കൂടുതലാണ്. വിനോദ സഞ്ചാരികളുടെ പറുദീസയായ പനത്തടി പഞ്ചായത്തിലെ റാണിപുരം മാനിമലയില്‍ കഴിഞ്ഞ വര്‍ഷം വേനലിലുണ്ടായ കാട്ടുതീ ഇത്തരത്തില്‍ അലക്ഷ്യമായി വലിച്ചെറിഞ്ഞ തീപ്പൊരിയില്‍ നിന്നുണ്ടായതാണ്. ഏക്കറുകണക്കിന് പുല്‍മേടുകളാണ് അന്ന് കത്തിയമര്‍ന്നത്. മലമുകളിലായതുകൊണ്ട് തന്നെ തീ അണയ്ക്കാന്‍ അഗ്നിശമന സേനയ്ക്ക് സാധിക്കാത്തത് കാട്ടുതീയുടെ ഭീകരത കൂടാന്‍ കാരണമാകുന്നു. കാടിന്റെ ഉള്‍ഭാഗങ്ങളില്‍ കാട്ടുതീ പടര്‍ന്നാല്‍ വനപാലകര്‍ക്ക് കൃത്യമായ വിവരവും ലഭിക്കുന്നില്ല. പലപ്പോഴും അന്തരീക്ഷത്തില്‍ കാണുന്ന പുകപടലങ്ങള്‍ നോക്കിയാണ് തീപടര്‍ന്ന ഭാഗം മനസിലാക്കുന്നത്. വനമേഖലയില്‍ അഗ്നിശമന സേനയുടെ വാഹനങ്ങള്‍ എത്താത്തതുകൊണ്ട് തന്നെ നാട്ടുകാരെ അശ്രയിച്ച് മരങ്ങളുടെ ശിഖരങ്ങളും പച്ചിലക്കാടുകളും ഉപയോഗിച്ചാണ് പലപ്പോഴും തീയണയ്ക്കാറുള്ളത്. വനത്തിലെ ജീവികളുടെ ആവാസ വ്യവസ്ഥയാണ് അഗ്നിബാധയിലൂടെ നഷ്ടമാകുന്നത്. വനത്തിനുള്ളിലെ വ്യാജവാറ്റു തടയാന്‍ സാധിച്ചാല്‍ കാട്ടിലെ കാട്ടുതീയും നാട്ടിലെ വ്യാജചാരായ വില്‍പനയും കുറയ്ക്കാന്‍ സാധിക്കും. നായാട്ടുസംഘങ്ങളും കാട്ടുതീ പടരാന്‍ കാരണക്കാരാകുന്നുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.