മണ്ണഞ്ചേരിയിലും പരിസരങ്ങളിലും ശുദ്ധജലക്ഷാമം രൂക്ഷം

Sunday 13 March 2016 4:11 pm IST

മുഹമ്മ: വരള്‍ച്ചയുടെ കാഠിന്യം ഏറിയതോടെ മണ്ണഞ്ചേരിയിലും പരിസര പ്രദേശങ്ങളിലും കുടിവെള്ള ക്ഷാമം രൂക്ഷമായി. കായലിലെ ജലനിരപ്പ് ക്രമാതീതമായി താഴുന്നത്മൂലം തോടുകളും തണ്ണീര്‍തടങ്ങളും വറ്റിവരണ്ടു. വിഷുവിന് വിളവെടുക്കുക എന്ന ലക്ഷ്യത്തോടെ സ്വാശ്രയ സംഘങ്ങളും പാരമ്പര്യ കര്‍ഷകരും തരിശ് നിലങ്ങളില്‍ ആരംഭിച്ച പച്ചക്കറി കൃഷിയും കരിഞ്ഞുണങ്ങുകയാണ്. ജലക്ഷാമം മൂലം പ്രതീക്ഷിച്ച വിളവ് ലഭിക്കുമോ എന്ന ആശങ്കയിലാണ് കര്‍ഷകര്‍. പഞ്ചായത്തിലെ 23 വാര്‍ഡുകളിലും കടുത്ത ശുദ്ധജല ദൗര്‍ലഭ്യം നിലനില്‍ക്കുകയാണ്. നാല്, അഞ്ച് വാര്‍ഡുകളിലും റോഡുമുക്കിന് കിഴക്കും ജലസംഭരണി ഉണ്ടെങ്കിലും പ്രദേശത്തെ മുഴുവന്‍പേര്‍ക്കും കുടിവെള്ളം ലഭിക്കുന്നില്ല. കായലോര മേഖലയില്‍ താമസിക്കുന്നവര്‍ കിലോമീറ്ററുകള്‍ താണ്ടിയാണ് ശുദ്ധജലം ശേഖരിക്കുന്നത്. സ്ത്രീകള്‍ അടക്കമുള്ളവര്‍ കന്നാസുകളില്‍ കുടിവെള്ളം ശേഖരിച്ച് തലചുമടായി കൊണ്ടുപോകുന്നത് ഇവിടങ്ങളില്‍ പതിവ് കാഴ്ചയായി. ഓരോ വര്‍ഷവും ബജറ്റില്‍ പ്രശ്‌നപരിഹാരത്തിനായി പഞ്ചായത്ത് തുക വകയിരുത്തുമെങ്കിലും ഭാഗികമായേ ഇതിനായി പണം ചെലവഴിക്കാറുള്ളു. മുന്‍കാലങ്ങളില്‍ ശുദ്ധജലം ശേഖരിച്ച് വാഹനങ്ങളില്‍ ഗ്രാമങ്ങള്‍തോറും വിതരണം ചെയ്തിരുന്നു. ഇക്കുറി വേനല്‍ കടുത്തിട്ടും അതിനുള്ള നടപടികളൊന്നും പഞ്ചായത്ത് ആവിഷ്‌ക്കരിച്ചിട്ടില്ലെന്ന് പരാതിയുണ്ട്. സമീപ പഞ്ചായത്തുകളായ ആര്യാടും മുഹമ്മയിലും സ്ഥിതി വ്യത്യസ്തമല്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.