മണ്ണുത്തി-വടക്കഞ്ചേരി ആറുവരിപ്പാതയുടെ നിര്‍മാണം പുരോഗമിക്കുന്നു

Sunday 13 March 2016 10:05 pm IST

തൃശൂര്‍: മണ്ണുത്തി - വടക്കഞ്ചേരി ആറുവരിപ്പാതയുടെ നിര്‍മാണം ദ്രുതഗതിയില്‍ പുരോഗമിക്കുന്നു. വടക്കഞ്ചേരി മുതല്‍ വാളയാര്‍ വരെയുള്ള നാലുവരിപ്പാതയുടെ നിര്‍മാണം നേരത്തെ പൂര്‍ത്തീകരിച്ചിരുന്നു. സ്ഥലമെടുപ്പിനെച്ചൊല്ലിയും ഉടമസ്ഥര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിനെച്ചൊല്ലിയും വര്‍ഷങ്ങള്‍ നീണ്ട പ്രശ്‌നത്തെച്ചൊല്ലിയായിരുന്നു മണ്ണുത്തി റോഡിന്റെ നിര്‍മാണം അനിശ്ചിതമായി നീണ്ടുപോയത്. എന്നാല്‍, ബാങ്ക് കണ്‍സോര്‍ഷ്യംവഴി റോഡ് നിര്‍മാണത്തിനാവശ്യമായ തുക ലഭ്യമായതിനെത്തുടര്‍ന്നാണ് പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായതും അതിവേഗത്തില്‍ പ്രവര്‍ത്തനം തുടങ്ങിയതും. ഈ മാസത്തോടെ കുതിരാനില്‍ പാറതുരക്കുന്ന ബൂമര്‍ ഡ്രില്ലിങ്ങ് എത്തുന്നതോടെ തുരങ്കത്തിന്റെ നിര്‍മാണം ആരംഭിക്കും. ഏകദേശം മൂന്ന് കിലോമീറ്ററോളം വരുന്നതാണ് തുരങ്കം. വടക്കഞ്ചേരി - മണ്ണുത്തി ദേശീയപാതയില്‍ ബൈപാസ് ഇല്ലാത്തതിനാല്‍ ഏതെങ്കിലും തരത്തിലുള്ള ഗതാഗതതടസ്സം വന്നാല്‍ മണിക്കൂറുകളോളം കുരുക്ക് അനുഭവപ്പെടുക സാധാരണയാണ്. ഇതിനു പരിഹാരം കണ്ടെത്തുക എന്നതാണ് പ്രധാനം. 940 മീറ്റര്‍ ദൂരത്തിലാണ് തുരങ്കം നിര്‍മിക്കുന്നത്. രണ്ട് തുരങ്കങ്ങളാണ് അങ്ങോട്ടുമിങ്ങോട്ടുമായി ഒരേസമയം നിര്‍മിക്കുന്നത്. ഇതിന് മുന്നോടിയായി ഇരുമ്പ് പാലത്തിന് സമീപത്തും വഴുക്കുംപാറയിലും മലതുരന്ന് മണ്ണെടുക്കുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഏറെക്കുറെ പൂര്‍ത്തിയായി. ഇനി ബൂമര്‍ മെഷീന്‍ എത്തുന്നതോടെ പാറപൊട്ടിക്കലിന് തുടക്കമാകും. ഇതിന് 200 കോടിരൂപയാണ് ചെലവ് വരിക. ഇതും ലഭ്യമായിക്കഴിഞ്ഞു. മഴക്കാലത്തിന് മുമ്പ് തുരങ്കം നിര്‍മിക്കാനാണ് ആലോചന. എങ്കിലും തുരങ്ക നിര്‍മാണത്തിന് ചുരുങ്ങിയത് മൂന്ന് മാസമെങ്കിലും വരും എന്നാണ് കണക്കുകൂട്ടല്‍. 2009ലാണ് ആറുവരിപ്പാതയുടെ നിര്‍മാണം ആരംഭിച്ചത്. 2012ല്‍ പൂര്‍ത്തീകരിക്കുമെന്നും പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ സ്ഥലമെടുപ്പിനെച്ചൊല്ലിയുള്ള പ്രശ്‌നങ്ങളാണ് ഇത് നീളുന്നതിന് കാരണമായത്. ഈ വര്‍ഷത്തോടെ പാതയുടെ നിര്‍മാണം പൂര്‍ത്തീകരിക്കുമെന്നാണ് അധികൃതര്‍ വ്യക്തമാക്കിയത്. നിത്യേന ആയിരക്കണക്കിന് വാഹനങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്. അന്യസംസ്ഥാനങ്ങളില്‍ നിന്നും വാളയാര്‍ വഴി കേരളത്തിലേക്കുള്ള ഏറ്റവും പ്രധാനപ്പെട്ട റോഡാണിത്. ആറുവരിപ്പാതയുടെ നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ ഇതുവഴിയുള്ള ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമാകും. കോയമ്പത്തൂര്‍-എറണാകുളം 190 കിലോമീറ്റര്‍ മൂന്ന് മണിക്കൂര്‍ കൊണ്ട് യാത്രചെയ്ത് എത്തിച്ചേരാവുന്ന വിധത്തിലാണ് ഇതിന്റെ നിര്‍മാണം. പട്ടിക്കാട് - മണ്ണുത്തി എന്നിവിടങ്ങളില്‍ സമാന്തര റോഡുകളുടെ നിര്‍മാണവും ആരംഭിച്ചുകഴിഞ്ഞു. വടക്കഞ്ചേരിയില്‍മേല്‍പ്പാലത്തിന്റെ പണിയും ആരംഭിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.