ഉദ്യോഗാര്‍ത്ഥികളെ പിഎസ്‌സി വട്ടം ചുറ്റിക്കുന്നു

Sunday 13 March 2016 10:48 pm IST

തിരുവനന്തപുരം: കേരള പബ്ലിക് സര്‍വ്വീസ് കമ്മിഷന്‍ ഉദ്യോഗാര്‍ത്ഥികളെ വട്ടം ചുറ്റിക്കുന്നു. ഓരോ തസ്തികയിലേക്കും വ്യത്യസ്ത നിയമങ്ങള്‍ നടപ്പാക്കിയാണ് ഉദ്യോഗാര്‍ത്ഥികളെ വട്ടം ചുറ്റിക്കുന്നത്. വര്‍ഷങ്ങളായി പരീക്ഷകള്‍ നടത്താത്ത ഒട്ടനവധി വകുപ്പുകള്‍ നിലവിലുണ്ട്. പല തസ്തികയിലേക്കും നോട്ടിഫിക്കേഷന്‍ നടത്തി കാലങ്ങള്‍ കഴിഞ്ഞാണ് പരീക്ഷ നടത്താറുള്ളത്. അതു കഴിഞ്ഞ് വര്‍ഷങ്ങള്‍ കഴിഞ്ഞാണ് ലിസ്റ്റ് പ്രസിദ്ധീകരിക്കുക. നിയമനം ലഭിച്ച് ജോലിയില്‍ പ്രവേശിക്കാന്‍ പിന്നെയും കാലതാമസം എടുക്കും. വര്‍ഷങ്ങള്‍ക്ക് മുമ്പ് നിയമന ഉത്തരവ് ലഭിച്ച കെഎസ്ആര്‍ടിസി കണ്ടക്ടര്‍മാര്‍ ഇതിന്റെ പ്രത്യക്ഷ ഉദാഹരണമാണ്. ടെക്‌നിക്കല്‍ യോഗ്യത ഉള്ളവരുടെ ഗതികേട് ഇതിലും കഷ്ടമാണ്. സാധാരണ പരീക്ഷകള്‍ക്ക് വേണ്ടിയുള്ള നോട്ടിഫിക്കേഷനില്‍ അപേക്ഷിക്കേണ്ടവരുടെ യോഗ്യതയെ സംബന്ധിച്ച് വ്യക്തമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കാറുണ്ട്. നിശ്ചിത യോഗ്യതയ്ക്ക് മുകളില്‍ ഉള്ളവരെയോ താഴ്ന്നവരെയോ സാധാരണഗതിയില്‍ ഒഴിവാക്കലാണ് പതിവ്. എന്നാല്‍ ടെക്‌നിക്കല്‍ യോഗ്യത ഉളളവര്‍ക്കായി നടത്തുന്ന പരീക്ഷകള്‍ നിയമ നടപടികളുടെ നൂലാമാലകളില്‍ കുടുങ്ങുന്ന ദയനീയമായ ചിത്രമാണ് നിലവിലുള്ളത്. അപേക്ഷ അയയ്ക്കാനുള്ള പിഎസ്‌സിയുടെ വെബ്‌സൈറ്റിലെ തുല്യത എന്ന ലിങ്കിന്റെ സഹായം വഴി ഏത് പരീക്ഷയ്ക്കും ഏത് യോഗ്യത ഉള്ളവര്‍ക്കും അപേക്ഷിക്കാന്‍ സാധിക്കും. ഉദാഹരണമായി ഇലക്ട്രിക്കല്‍ എഞ്ചിനീയറുടെ തസ്തികയിലേക്ക് കമ്പ്യൂട്ടര്‍ എഞ്ചിനീയര്‍ക്കും അപേക്ഷ അയയ്ക്കുവാന്‍ സാധിക്കും. ഇങ്ങനെ നിശ്ചിത യോഗ്യത ഇല്ലാത്തവര്‍ക്ക് പോലും പരീക്ഷ എഴുതാന്‍ അനുവദിക്കുന്നതിലൂടെ കോടിക്കണക്കിന് രൂപയാണ് ചെലവാക്കേണ്ടി വരുന്നത്. ഇപ്രകാരമുള്ള നൂലാമാലകള്‍ക്ക് ഏറ്റവും കൂടുതല്‍ ഇരയാകേണ്ടി വരുന്നത് ഇലക്ട്രിക്കല്‍ അനുബന്ധ കോഴ്‌സുകള്‍ പഠിച്ചവരാണ്. കാരണം കേന്ദ്ര സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള തൊഴില്‍ മന്ത്രാലയം നടത്തുന്ന ഐടിഐ കളില്‍ രണ്ട് വര്‍ഷമാണ് കോഴ്‌സുകളുടെ കാലാവധി. പോളിടെക്‌നിക് ഡിപ്ലോമകള്‍ക്ക് മൂന്ന് വര്‍ഷവും എഞ്ചിനീയറിംഗ് ഡിഗ്രിക്കാര്‍ക്ക് നാലുവര്‍ഷവുമാണ് പഠനകാലയളവ്. ഐടിഐ കോഴ്‌സുകളുടെ ഉയര്‍ന്ന യോഗ്യതകളല്ല ഡിഗ്രിയും ഡിപ്ലോമയും എന്ന് ഹൈക്കോടതി പല പ്രാവശ്യം വ്യക്തമാക്കിയിട്ടുണ്ട്. വസ്തുതകള്‍ ഇതൊക്കെയാണെങ്കിലും ഇരട്ടത്താപ്പ് നയമാണ് പിഎസ്‌സി ഈ കാര്യത്തില്‍ കാണിക്കുന്നത് എന്ന് പകല്‍ പോലെ വ്യക്തമാണ്. അടിസ്ഥാന യോഗ്യത ഐടിഐ പറയുന്ന തസ്തികളിലേക്ക് മറ്റുള്ളവരും അപേക്ഷിക്കുകയും പരീക്ഷ എഴുതുകയും ചെയ്യാറുണ്ട്. പരീക്ഷകളുടെ ചോദ്യപേപ്പറുകള്‍ ഉയര്‍ന്ന യോഗ്യതയുളളവര്‍ക്ക് അനുകൂലമായി വരുകയും ലിസ്റ്റ് വരുമ്പോള്‍ ഇവര്‍ ഉന്നത റാങ്കുകളില്‍ ഇടംനേടുകയും ചെയ്യും. അടിസ്ഥാന യോഗ്യത ഉളളവര്‍ പുറത്താവുകയാണ് പതിവ്. സ്വാഭാവികമായും കോടതിയില്‍ നിയമയുദ്ധം ഉണ്ടാവുകയും നിയമനകാര്യങ്ങളില്‍ അനിശ്ചിതത്വം ഉണ്ടാകുകയും ചെയ്യും. പലപ്പോഴും പരീക്ഷ നടത്തി എന്ന കാരണത്താല്‍ ഉയര്‍ന്ന യോഗ്യത ഉള്ളവരെ നിയമിക്കുന്നതിലേക്കും കാര്യങ്ങള്‍ എത്തിച്ചേരാറുണ്ട്. പല തവണ ഈ കാര്യങ്ങളെക്കുറിച്ചുള്ള പരാതികള്‍ സര്‍ക്കാരിനും പിഎസ്‌സിക്കും ലഭിച്ചിട്ടുണ്ടെങ്കിലും യാതൊരു ശ്രദ്ധയും ഇക്കാര്യത്തില്‍ ഉണ്ടാകുന്നില്ല എന്നതാണ് ശ്രദ്ധേയം. മുന്‍ കാലങ്ങളില്‍ ഐടിഐ യോഗ്യത ഉള്ളവരെ മാത്രം പരിഗണിച്ചിരുന്ന കെഎസ്ഇബിയുടെ മസ്ദൂര്‍ തസ്തിക പത്താം ക്ലാസ് തോറ്റവര്‍ക്ക് വേണ്ടി മാത്രമായി നിജപ്പെടുത്തിയതും ഇരുട്ടടിയായി. നിലവില്‍ ഈ യോഗ്യതയ്ക്ക് ഐടിഐ കഴിഞ്ഞവരെ പരിഗണിക്കാറുമില്ല. ഓരോ തസ്തികയിലേക്കും വ്യത്യസ്ത നിയമങ്ങള്‍. പത്താം ക്ലാസില്‍ എല്ലാ പേരെയും ജയിപ്പിക്കുന്നവര്‍ നാളെ ഈ തസ്തികയ്ക്ക് മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് ആള്‍ക്കാരെ പരിഗണിക്കുമോ എന്ന് തൊഴില്‍ രഹിതര്‍ ചോദിക്കുന്നു. ഐടിഐ യോഗ്യത പറയുന്ന വാട്ടര്‍ അതോറിറ്റിയിലെ പമ്പ് ഓപ്പറേറ്റര്‍, കെഎസഇബിയിലെ മീറ്റര്‍ റീഡര്‍ തുടങ്ങിയ തസ്തികകളിലേക്ക് എംടെക് യോഗ്യതയുള്ളവരെ വരെ പരീക്ഷ എഴുതാന്‍ അനുവദിക്കുകയും ഒടുവില്‍ നിയമ നടപടികളുടെ നൂലാമാലകളില്‍പെട്ട് വര്‍ഷങ്ങള്‍ തള്ളിനീക്കപ്പെടുന്ന ഗൂഢതന്ത്രങ്ങളുമുണ്ട്. അവസാനം ഈ വിഷയങ്ങളുടെ പേരുപറഞ്ഞ് ആയിരത്തിലധികം ഒഴിവുകള്‍ നിലവിലുള്ള ഈ തസ്തികളിലേക്ക് അപേക്ഷകള്‍ ക്ഷണിക്കാത്ത സാഹചര്യവുമുണ്ടായി. നിരന്തരമായ പരാതികള്‍ക്ക് മുന്നില്‍ മുട്ടുമടക്കേണ്ടിവന്നവര്‍ ഒടുവില്‍ പമ്പ് ഓപ്പറേറ്റര്‍ തസ്തികയിലേക്ക് പരീക്ഷ നടത്തിയിട്ട് മാസങ്ങള്‍ കഴിഞ്ഞു. പക്ഷേ ലിസ്റ്റിന്റെ വിവരങ്ങള്‍ അന്വേഷിക്കാനായി ഫോണ്‍ വിളിക്കാം എന്നു കരുതിയാല്‍ കുഴഞ്ഞത് തന്നെ. ഒരു നമ്പര്‍ മാത്രമേ നിലവില്‍ ഉള്ളൂ. ആ നമ്പര്‍ എടുക്കാന്‍ ആരും തയ്യാറുമല്ല. നേരിട്ട് അന്വേഷിച്ചാല്‍ ഒന്നും ആയിട്ടില്ല എന്ന സ്ഥിരം മറുപടി തന്നെ. പരീക്ഷ കഴിഞ്ഞ് ലിസ്റ്റ് കാത്തിരിക്കുന്ന തൊഴില്‍ രഹിതരെ വെല്ലുവിളിച്ചുകൊണ്ട് പമ്പ് ഓപ്പറേറ്റര്‍ തസ്തികയിലേക്ക് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകള്‍ വഴി ഈ മാസം 17ന് ഇന്റര്‍വ്യൂവിനുള്ള കത്ത് പലര്‍ക്കും ലഭിച്ചിട്ടുണ്ട്. ചില നേതാക്കന്മാരുടെ നോമിനികള്‍ക്ക് കയറിപ്പറ്റാനുള്ള കുറുക്ക് വഴിയാണ് ഇതെന്ന് ആക്ഷേപമുണ്ട്. വര്‍ഷങ്ങള്‍ നീണ്ടുനിന്ന പോരാട്ടങ്ങള്‍ക്ക് ശേഷം ആയിരത്തിലധികം ഒഴിവുകള്‍ ഉള്ള മീറ്റര്‍ റീഡര്‍ തസ്തികയിലേക്ക് ഒരു ഒഴിവിന് വേണ്ടി അടുത്ത മാസം പരീക്ഷ നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. ഏതൊക്കെ യോഗ്യതയുള്ളവരെ പരിഗണിക്കും, എത്ര പേര്‍ക്ക് നിയമനം നടക്കാന്‍ സാധ്യതയുണ്ട് എന്നീ കാര്യങ്ങളില്‍ ഇപ്പോഴും അവ്യക്തതയാണ്. അതാണ് പിഎസ്‌സി ആഗ്രഹിക്കുന്നതെന്ന് വ്യക്തമാക്കുന്നതാണ് ഇതിനോടൊപ്പം പ്രസിദ്ധീകരിച്ചിട്ടുള്ള സിലബസ്. ഈ തൊഴിലുമായി പുലബന്ധം പോലും ഇല്ലാത്ത ഒട്ടനവധി കാര്യങ്ങള്‍ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ പരീക്ഷ കഴിഞ്ഞാലും റാങ്ക് പട്ടികയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ തുടരും. അതുവഴി താല്ക്കാലിക ജീവനക്കാരെ ജോലി ചെയ്ത കാലാവധിയുടെ ദൈര്‍ഘ്യത്തിന്റെ ന്യായം പറഞ്ഞ് സ്ഥിര നിയമനം നല്‍കാനുമാണ് നീക്കം. കെഎസ്ആര്‍ടി സി പോലെയുള്ള വകുപ്പുകളില്‍ ഇത് നിത്യസംഭവമാണ്. മാറി വരുന്ന സര്‍ക്കാരുകളുടെ നോമിനികളായി എത്തുന്ന പിഎസ്‌സി അംഗങ്ങള്‍ രാഷ്ട്രീയ നേതാക്കന്മാരുടെ ചട്ടുകങ്ങളായി മാറുന്ന കാഴ്ചയാണ് കാണാനാകുന്നത്. ചിലരുടെ നോമിനികളെയും സ്വന്തക്കാരെയും ജോലിയില്‍ പ്രവേശിപ്പിക്കുന്നതിനായി ലിസ്റ്റിന്റെ കാലാവധി നീട്ടുന്നത് ഉള്‍പ്പെടെയുള്ള പല നാടകങ്ങള്‍ക്കും പിഎസ്‌സി തയ്യാറാകുന്നതായി ആക്ഷേപമുണ്ട്. ചില തസ്തികയിലേക്ക് അപേക്ഷ ക്ഷണിക്കുമ്പോള്‍ ആവശ്യപ്പെടുന്ന പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റുകളും വേണ്ടപ്പെട്ടവരെ ഉള്‍പ്പെടുത്തുന്നതിനുള്ള ഗൂഢനീക്കമായി വിലയിരുത്തപ്പെടുന്നു. പല പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റുകളുടെയും വിശ്വാസ്യതയും ചോദ്യം ചെയ്യപ്പെടുന്നുണ്ട്. പരീക്ഷകള്‍ക്ക് ശേഷം നടത്തുന്ന ഇന്റര്‍വ്യൂകളുടെ മാര്‍ക്കിലും വേണ്ടപ്പെട്ടവര്‍ക്കായി പല വിട്ടുവീഴ്ചകളും നടത്തുന്നന്നു. എഴുത്തു പരീക്ഷയില്‍ വളരെ പുറകിലാകുന്നവരില്‍ പലരും ഇന്റര്‍വ്യൂവിന്റെ മാര്‍ക്കിന്റെ സഹായം കൊണ്ട് മാത്രം റാങ്കില്‍ മുന്നിലേക്ക് വരുന്ന കാഴ്ച കാണാം. ഇത് ഒഴിവാക്കാനായി കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ നടപ്പിലാക്കിയ മാതൃകയില്‍ ഇന്റര്‍വ്യൂ ഒഴിവാക്കണം എന്ന വാദത്തിനും പിഎസ്‌സി ചെവികൊടുക്കുന്നില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.