മല്യ ഭാരതത്തിലേയ്ക്ക് മടങ്ങി വന്ന് പാസ്‌പോര്‍ട്ട് കൈമാറണം: മുകുള്‍ റോത്താഗി

Monday 14 March 2016 4:50 pm IST

ന്യൂദല്‍ഹി: വിജയ് മല്യ ഭാരതത്തിലേയ്ക്ക് മടങ്ങി വന്ന് പാസ്‌പോര്‍ട്ട് കൈമാറണമെന്ന് അറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്താഗി. വിജയ് മല്യയുടെ അഭിഭാഷകന്റെ നിലപാട് അറിഞ്ഞ ശേഷമായിരിയ്ക്കും മറ്റ് നടപടികളെ കുറിച്ച് തീരുമാനിയ്ക്കുകയെന്നും റോത്താഗി പറഞ്ഞു. നേരിട്ട് ഹാജരാകാന്‍ സുപ്രീംകോടതി ആവശ്യപ്പെട്ടിട്ടില്ലെങ്കിലും മല്യ നേരിട്ട് ഹാജരായി പാസ്‌പോര്‍ട്ട് കൈമാറാന്‍ തയ്യാറാവണമെന്ന് റോത്താഗി ആവശ്യപ്പെട്ടു. ഇത്തരം കേസുകളില്‍ അഭിഭാഷകന്‍ ഹാജരായാല്‍ മതിയാകും. മല്യയാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടതെന്നും റോത്താഗി അഭിപ്രായപ്പെട്ടു. ഐ.ഡി.ബി.ഐ ബാങ്കില്‍ നിന്ന് 900 കോടി രൂപയുടെ വായ്പയെടുത്ത് തിരിച്ചടയ്ക്കാത്തതിനുള്ള തട്ടിപ്പ് കേസ് അടക്കം നിരവധി കേസുകള്‍ വിജയ് മല്യയ്‌ക്കെതിരെ ഉണ്ട്. 17 ബാങ്കുകളില്‍ നിന്നായി 9000 കോടി രൂപയാണ് കിംഗ്ഫിഷര്‍ എയര്‍ലൈന്‍സ് അടക്കമുള്ള മല്യയുടെ കമ്പനി വായ്പ എടുത്തിരിയ്ക്കുന്നത്. മാര്‍ച്ച് രണ്ടിനാണ് മല്യ രാജ്യം വിട്ടത്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മല്യയ്ക്ക് ചോദ്യം ചെയ്യലിന് ഹാജരാവാന്‍ സമന്‍സ് അയച്ചിട്ടുണ്ട്. ഹൈദരാബാദ് കോടതി ജാമ്യമില്ലാ വാറണ്ടും പുറപ്പെടുവിച്ചു. താന്‍ മുങ്ങിയതല്ലെന്നും എന്നാല്‍ ഇപ്പോള്‍ ഭാരതത്തിലേയ്ക്ക് വന്നാല്‍ ശരിയാവില്ലെന്നുമാണ് മല്യ പറയുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.