വനിതാ ലോകകപ്പിനും ഇന്ന് തുടക്കം: ആദ്യ മത്സരം ഇന്ത്യ-ബംഗ്ലാദേശ്

Monday 14 March 2016 8:44 pm IST

ട്വന്റി 20: സൂപ്പര്‍ പോരാട്ടങ്ങള്‍ ഇന്ന് മുതല്‍ നാഗ്പൂര്‍: ഐപിഎല്ലിന്റെ നാട്ടിലേക്ക് ആദ്യമായി വിരുന്നെത്തിയ ട്വന്റി 20 ലോകകപ്പിന്റെ യഥാര്‍ത്ഥ പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കം. ഇന്ന് മുതല്‍ ഏപ്രില്‍ മൂന്ന് വരെ നടക്കുന്ന ത്രസിപ്പിക്കുന്ന പോരാട്ടങ്ങള്‍ക്ക് ഇന്ത്യയിലെ ഏഴ് സ്‌റ്റേഡിയങ്ങളാണ് വേദിയാകുന്നത്. ആകെ 23 മത്സരങ്ങളാണ് ആറാം പതിപ്പില്‍ അരങ്ങേറുക. കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍, ബെംഗളൂരുവിലെ ചിന്നസ്വാമി സ്‌റ്റേഡിയം, മുംബൈയിലെ വാങ്കഡെ, ധര്‍മ്മശാലയിലെ ഹിമാചല്‍ ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയം, ന്യൂദല്‍ഹിയിലെ ഫിറോസ് ഷാ കോട്‌ല, മൊഹായിലെ പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയം, നാഗ്പൂരിലെ വിദര്‍ഭ ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയം എന്നിവിടങ്ങൡലാണ് കുട്ടിക്രിക്കറ്റിന്റെ ആവേശങ്ങള്‍ നുരഞ്ഞൊഴുകുക. ട്വന്റി 20യുടെ ആറാം ലോകകപ്പിനാണ് ഇത്തവണ അരങ്ങൊരുങ്ങുന്നത്. ആതിഥേയരായ ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മില്‍ നാഗ്പൂരിലാണ് ആദ്യമത്സരം. ഫൈനല്‍ മത്സരം ഏപ്രില്‍ മൂന്നിന് കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡനിലും. വനിതാ ലോകകപ്പിനും ഇന്ന് തുടക്കം കുറിക്കും. പത്ത് ടീമുകളാണ് വനിതകളില്‍ പങ്കെടുക്കുന്നത്. ഇന്ത്യ-ബംഗ്ലാദേശ് പോരാട്ടത്തോടെയാണ് വനിതാ ലോകകപ്പിന് തുടക്കം കുറിക്കുക. ഇന്നത്തെ രണ്ടാം മത്സരത്തില്‍ രാത്രി 7.30ന് ന്യൂസിലാന്‍ഡ് ശ്രീലങ്കന്‍ വനിതകളുമായും ഏറ്റുമുട്ടും. ഗ്രൂപ്പ് എയില്‍ ഓസ്‌ട്രേലിയ, അയര്‍ലന്‍ഡ്, ന്യൂസിലാന്‍ഡ്, ശ്രീലങ്ക, ദക്ഷിണാഫ്രിക്ക ടീമുകളും ഗ്രൂപ്പ് ബിയില്‍ ഇന്ത്യക്കും ബംഗ്ലാദേശിനും പുറമെ ഇംഗ്ലണ്ട്, പാക്കിസ്ഥാന്‍, വെസ്റ്റ് ഇന്‍ഡീസ് ടീമുകളുമാണ് വനിതാ ട്വന്റി 20 ലോകകപ്പില്‍ അണിനിരക്കുന്നത്. ഏപ്രില്‍ മൂന്നിന് ഈഡന്‍ ഗാര്‍ഡനില്‍ തന്നെയാണ് വനിതാ ഫൈനലും നടക്കുക. പുരുഷ ലോകകപ്പിന്റെ യോഗ്യതാ മത്സരങ്ങള്‍ക്കൊടുവില്‍ ബംഗ്ലാദേശും അഫ്ഗാനിസ്ഥാനും അടുത്ത റൗണ്ടിലേക്ക് എത്തിയതോടെ സൂപ്പര്‍ പത്തിന്റെ ലൈനപ്പ് പൂര്‍ത്തിയായി. ഗ്രൂപ്പ് ഒന്നില്‍ ശ്രീലങ്ക, ദക്ഷിണാഫ്രിക്ക, വെസ്റ്റ് ഇന്‍ഡീസ്, ഇംഗ്ലണ്ട്, അഫ്ഗാനിസ്ഥാന്‍ എന്നീ ടീമുകളും ഗ്രൂപ്പ് രണ്ടില്‍ ആതിഥേയരായ ഇന്ത്യക്ക് പുറമെ ഓസ്‌ട്രേലിയ, പാക്കിസ്ഥാന്‍, ന്യൂസിലാന്‍ഡ്, ബംഗ്ലാദേശ് ടീമുകളും അണിനിരക്കും. സ്വന്തം മണ്ണില്‍ മത്സരിക്കുന്ന ഇന്ത്യയാണ് കടലാസിലും കളിക്കളത്തിലം കപ്പ് സ്വന്തമാക്കാന്‍ ഏറ്റവുമധികം സാധ്യത കല്‍പ്പിക്കുന്ന ടീം. ലോക റാങ്കിങിലെ ഒന്നാം സ്ഥാനക്കാരും സമീപകാലത്തെ ഉജ്ജ്വല പ്രകടനവുമാണ് ഇന്ത്യന്‍ സാധ്യത കൂട്ടുന്ന മുഖ്യഘടകം. നിലവിലെ ചാമ്പ്യന്മാരായ ശ്രീലങ്ക, മുന്‍ ചാമ്പ്യന്മാരായ പാക്കിസ്ഥാന്‍, വെസ്റ്റിന്‍ഡീസ്, ഇംഗ്ലണ്ട് എന്നിവരും കരുത്തരായ ഓസ്‌ട്രേലിയയും ന്യൂസിലാന്‍ഡും കിരീടം സ്വന്തമാക്കാനായി കച്ചമുറുക്കി ഇറങ്ങുമ്പോള്‍ പ്രവചനം അസാധ്യം. എന്നാല്‍ ആതിഥേയര്‍ ഇതുവരെ കിരീടം സ്വന്തമാക്കിയിട്ടില്ലെന്നതാണ് ട്വന്റി 20 ലോകപ്പിന്റെ ചരിത്രം. ഇത് തിരുത്തിക്കുറിക്കുക എന്നതാണ് ടീം ഇന്ത്യയുടെ ലക്ഷ്യം. കഴിഞ്ഞ അഞ്ച് ലോകകപ്പുകളിലും അഞ്ച് വ്യത്യസ്ത ടീമുകളായിരുന്നു കപ്പ് സ്വന്തമാക്കിയത്. മൂന്ന് തവണ ഫൈനല്‍ കളിച്ച ശ്രീലങ്കയാണ് മുമ്പന്മാര്‍. 2014-ല്‍ കിരീടം നേടിയ അവര്‍ 2009, 12 വര്‍ഷങ്ങളില്‍ റണ്ണേഴ്‌സപ്പായി. കഴിഞ്ഞ ലോകകപ്പില്‍ ഇന്ത്യയെ ആറ് വിക്കറ്റിന് കീഴടക്കിയാണ് സിംഹളപട ലോക ചാമ്പ്യന്മാരായത്. ഇന്ത്യയും പാക്കിസ്ഥാനും രണ്ട് തവണ ഫൈനല്‍ കളിക്കുകയും ഓരോ തവണ കിരീടം നേടുകയും ചെയ്തു. 2007-ലെ ആദ്യ ലോകകപ്പിലായിരുന്നു ഇന്ത്യന്‍ കിരീടധാരണം. അന്ന് പാക്കിസ്ഥാനെ അഞ്ച് റണ്‍സിന് പരാജയപ്പെടുത്തി. 2009ലെ രണ്ടാം ലോകകപ്പില്‍ പാക്കിസ്ഥാന്‍ ശ്രീലങ്കയെ പരാജയപ്പെടുത്തി ലോകചാമ്പ്യന്മാരായി. 2010-ല്‍ ഓസ്‌ട്രേലിയയെ പരാജയപ്പെടുത്തി ഇംഗ്ലണ്ടും 2012-ല്‍ ശ്രീലങ്കയെ കീഴടക്കി വെസ്റ്റിന്‍ഡീസും കുട്ടി ക്രിക്കറ്റിന്റെ ചക്രവര്‍ത്തിമാരായി. ലോക ക്രിക്കറ്റിലെ സൂപ്പര്‍ താരങ്ങളെല്ലാം ഐപിഎല്ലില്‍ കളിച്ചതിന്റെ അനുഭവസമ്പത്തുമായാണ് ലോകകപ്പില്‍ കളിക്കാനായി ഇന്ത്യയിലെത്തുന്നത്. ഇത്തവണ ബംഗ്ലാദേശും അഫ്ഗാനിസ്ഥാനുമാണ് കിരീടം നേടാന്‍ ഏറെ സാധ്യത കല്‍പ്പിക്കാത്ത ടീമുകള്‍. എന്നാല്‍ അഫ്ഗാനിസ്ഥാനെ ഏറെക്കുറെ പൂര്‍ണമായും തള്ളിക്കളയാമെങ്കിലും ബംഗ്ലാദേശിനെ തീര്‍ത്തും അവഗണിക്കാന്‍ കഴിയില്ല. പ്രത്യേകിച്ച് ഏഷ്യാകപ്പില്‍ പാക്കിസ്ഥാനെയും ശ്രീലങ്കയെയും അട്ടിമറിച്ച സ്ഥിതിക്ക്. ഏഷ്യാകപ്പില്‍ ബംഗ്ലാദേശ് ഫൈനലില്‍ ഉള്‍പ്പെടെ രണ്ട് തവണ കീഴടങ്ങിയത് ഇന്ത്യക്ക് മുന്നില്‍. സൂപ്പര്‍ പത്തിലേക്കുള്ള യോഗ്യതാ മത്സരത്തിലും ബംഗ്ലാദേശ് പരാജയമറിഞ്ഞില്ല. എന്തായാലും ഇനിയുള്ള ദിവസങ്ങള്‍ കുട്ടിക്രിക്കറ്റിന്റെ തീവ്രതയും ആവേശവും നിറഞ്ഞ, ആരാധകരുടെ മനംകവരുന്ന പോരാട്ടങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.