സ്‌കൂളുകളിലെ വികസന പ്രവൃത്തികള്‍ 31നകം പൂര്‍ത്തിയാക്കണം: ജില്ലാ പഞ്ചായത്ത്

Monday 14 March 2016 9:22 pm IST

കണ്ണൂര്‍: ജില്ലയിലെ സ്‌കൂളുകളില്‍ നടപ്പിലാക്കുന്ന വികസന പ്രവൃത്തികള്‍ മാര്‍ച്ച് 31നകം പൂര്‍ത്തിയാക്കണമെന്ന് ജില്ലാ പഞ്ചായത്ത് യോഗം നിര്‍ദേശിച്ചു. സ്പില്‍ ഓവറായി ഈ പ്രവൃത്തികള്‍ നീട്ടി നല്‍കേണ്ടതില്ലെന്ന് പ്രസിഡണ്ട് കെ.വി.സുമേഷിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു.— ജില്ലാ പഞ്ചായത്തിന്റെ പദ്ധതി തുക ഉപയോഗിച്ച് വിവിധ സ്‌കൂളുകളില്‍ നടന്നുവരുന്ന 84 പ്രവൃത്തികളില്‍ 36 എണ്ണം മാത്രമാണ് ഇതുവരെ പൂര്‍ത്തിയായതെന്ന് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റി റിപ്പോര്‍ട്ട് അവതരിപ്പിച്ചുകൊണ്ട് ചെയര്‍മാന്‍ കെ.പി.ജയപാലന്‍ പറഞ്ഞു. ഇവ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍ ഇടപെടണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.— പൂര്‍ത്തിയാകാത്ത പ്രവൃത്തികളില്‍ 2010 മുതലുള്ളവയുണ്ടെന്ന് പ്രസിഡണ്ട് കെ.വി.സുമേഷ് ചൂണ്ടിക്കാട്ടി. അനിശ്ചിതമായി പ്രവൃത്തികള്‍ നീണ്ടുപോകുന്നത് പ്രോത്സാഹിപ്പിക്കാനാവില്ല. ഈ വര്‍ഷം മുതല്‍ അതത് സാമ്പത്തിക വര്‍ഷം തന്നെ പ്രവൃത്തികള്‍ തീര്‍ക്കുന്ന രീതിയിലേക്ക് വരാന്‍ സാധിക്കണമെന്നും പ്രസിഡണ്ട് പറഞ്ഞു.— ജില്ലാ പഞ്ചായത്ത് പദ്ധതി നിര്‍വഹണം ഊര്‍ജിതമാക്കാന്‍ ഡിവിഷന്‍ തലത്തില്‍ സപ്പോര്‍ട്ടിങ്ങ് ഗ്രൂപ്പ് രൂപീകരിക്കാനും യോഗം തീരുമാനിച്ചു. ഡിവിഷന്‍ അംഗവും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടും അടങ്ങിയതായിരിക്കും സമിതി. ബന്ധപ്പെട്ട നിര്‍വഹണ ഉദ്യോഗസ്ഥര്‍, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എന്നിവരെ കൂടി ഉള്‍പ്പെടുത്തി പ്രാദേശിക തലത്തില്‍ തന്നെ പദ്ധതി നിര്‍വഹണത്തിനാവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കി പ്രവൃത്തികള്‍ വേഗത്തിലാക്കാനാണ് ലക്ഷ്യമിടുന്നത്.— ജില്ലയില്‍ ഇതുവരെ ആകെ 47.62 ശതമാനമാണ് ഫണ്ട് വിനിയോഗിച്ചതായി യോഗത്തെ അറിയിച്ചു. സയന്‍സ് പാര്‍ക്ക് വികസനത്തിന്റെ ഭാഗമായി സിഡ്‌കോയില്‍ നിന്ന് 598500 രൂപക്ക് ജയന്റ്‌വീല്‍ വാങ്ങാന്‍ യോഗം തീരുമാനിച്ചു. വിഷുവിന് വിഷരഹിത പച്ചക്കറി പദ്ധതിയില്‍ വിതരണം ചെയ്യുന്നതിനായി 5 ലക്ഷത്തോളം തൈകള്‍ ബ്ലോക്ക്, ഗ്രാമ പഞ്ചായത്തുകളില്‍ എത്തിച്ചതായി വികസന സ്റ്റാന്‍്‌റിങ്ങ് കമ്മിറ്റി റിപ്പോര്‍ട്ട് അവതരിപ്പിച്ചുകൊണ്ട്് ചെയര്‍മാന്‍ വി.കെ.സുരേഷ്ബാബു അറിയിച്ചു.— തോമസ് വര്‍ഗീസ്, കെ.പി.ചന്ദ്രന്‍ മാസ്റ്റര്‍, ആര്‍.അജിത, അജിത് മാട്ടൂല്‍, ജോയ് കൊന്നക്കല്‍, അന്‍സാരി തില്ലങ്കേരി, മാര്‍ഗരറ്റ് ജോസ് തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.