പ്രമുഖരെ വാഴ്ത്തിയും വീഴ്ത്തിയും

Monday 14 March 2016 9:49 pm IST

ആലപ്പുഴ: മുതിര്‍ന്ന സിപിഎം നേതാവ് വി.എസ്. അച്യുതാനന്ദനെ സ്വന്തം അനുയായികളും നേതാക്കളും ചേര്‍ന്ന് വെട്ടിനിരത്തിയ പഴയ മാരാരിക്കുളം നിയോജക മണ്ഡലം ലയിച്ച് പുനര്‍നിര്‍ണയിച്ച ആലപ്പുഴ മണ്ഡലത്തില്‍ എന്നും നടന്നിട്ടുള്ളത് രാഷ്ട്രീയ പോരാട്ടങ്ങള്‍. ആലപ്പുഴ രൂപത തീരുമാനിക്കുന്ന സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിച്ച് ന്യൂനപക്ഷ മതപ്രീണനം കോണ്‍ഗ്രസ് കാലങ്ങളായി പയറ്റുന്നുണ്ടെങ്കിലും വോട്ടര്‍മാരെ സ്വാധീനിക്കാന്‍ കഴിഞ്ഞിട്ടില്ല. ഇടതു സ്ഥാനാര്‍ത്ഥികളും അടുത്ത കാലത്തായി രാഷ്ട്രീയ പോരാട്ടം ഉപേക്ഷിച്ച് പ്രീണനരാഷ്ട്രീയത്തിന് പിന്നാലെയാണ്. ആലപ്പുഴ മണ്ഡലത്തിന്റെ ചരിത്രം രേഖപ്പെടുത്തുമ്പോള്‍ മാരാരിക്കുളത്തിന്റെ തെരഞ്ഞെടുപ്പ് പോരാട്ടങ്ങളും വിസ്മരിക്കാന്‍ കഴിയില്ല. ആലപ്പുഴ നഗരത്തിലെ 25 വാര്‍ഡുകള്‍ ഒഴിച്ച് ആര്യാട്, മണ്ണഞ്ചേരി, മാരാരിക്കുളം തെക്ക്, മാരാരിക്കുളം വടക്ക് പഞ്ചായത്തുകള്‍ നേരത്തെ മാരാരിക്കുളം മണ്ഡലത്തില്‍പ്പെട്ടതായിരുന്നു. നേരത്തെ ആലപ്പുഴ മണ്ഡലത്തില്‍ ഉള്‍പ്പെട്ടിരുന്ന ആലപ്പുഴ നഗരത്തിലെ 27 വാര്‍ഡുകള്‍ ഇപ്പോള്‍ അമ്പലപ്പുഴ മണ്ഡലത്തിലാണ്. അതിനാല്‍ തന്നെ ആലപ്പുഴയുടെ ചരിത്രം മാരാരിക്കുളത്തിന്റേത് കൂടിയാണ്. 1957ലെ ആദ്യ തെരഞ്ഞെടുപ്പില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി ആലപ്പുഴയില്‍ മത്സരിച്ചത് ടി.വി. തോമസായിരുന്നു. അന്ന് വിജയിച്ച ടി.വി. തോമസ് സംസ്ഥാനത്തെ ആദ്യ വ്യവസായ മന്ത്രിയുമായി. 1960ല്‍ ടി.വി. തോമസിനെ പരാജയപ്പെടുത്തിയ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നഫീസത്ത് ബീവി ഡെപ്യൂട്ടി സ്പീക്കറായി. തുടര്‍ന്നിങ്ങോട്ട് ടി.വി. തോമസ്, എന്‍ഡിപി നേതാവ് രാമചന്ദ്രന്‍ നായര്‍, കോണ്‍ഗ്രസിലെ കെ.സി. വേണുഗോപാല്‍ തുടങ്ങിയവര്‍ മണ്ഡലത്തെ പ്രതിനിധീകരിച്ച് മന്ത്രിമാരുമായി. 1977ല്‍ മണ്ഡലത്തെ പ്രതിനിധീകരിച്ച സിപിഐ നേതാവ് പി.കെ. വാസുദേവന്‍ മുഖ്യമന്ത്രിയുമായി . 2011ല്‍ മണ്ഡല പുനര്‍നിര്‍ണയത്തിന് ശേഷം നടന്ന ആദ്യ തെരഞ്ഞെടുപ്പില്‍ വിജയിച്ചത് സിപിഎമ്മിലെ തോമസ് ഐസക്കായിരുന്നു. രൂപതയുടെ പ്രതിനിധിയായി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച അഡ്വ. പി.ജെ. മാത്യുവിനെയാണ് പരാജയപ്പെടുത്തിയത്. നേരത്തെ പഴയ മാരാരിക്കുളം മണ്ഡലത്തില്‍ 1996ലെ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി മത്സര രംഗത്തെത്തിയ വി.എസ്. അച്യുതാനന്ദനെ 1965 വോട്ടുകള്‍ക്ക് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അഡ്വ. പി.ജെ. ഫ്രാന്‍സിസ് അട്ടിമറിച്ചത് ചരിത്രമായി. ഇതെത്തുടര്‍ന്ന് നിരവധി സിപിഎം നേതാക്കള്‍ക്കെതിരെയാണ് അച്ചടക്ക നടപടി സ്വീകരിച്ചത്. തുടര്‍ന്നിങ്ങോട്ട് തോമസ് ഐസക്കിലൂടെ മണ്ഡലം സിപിഎം നിലനിര്‍ത്തി. ഇടതിന്റെ കോട്ടയെന്ന് അറിയപ്പെടുന്ന പ്രദേശങ്ങളിലെ ജനജീവിതം പക്ഷെ ദുസ്സഹമാണ്. പരമ്പരാഗത വ്യവസായമായ കയര്‍ മേഖല പൂര്‍ണമായും തകര്‍ന്നടിഞ്ഞു. തൊഴിലാളി കുടുംബങ്ങള്‍ പട്ടിണിയെ അഭിമുഖീകരിക്കുകയാണ്. മത്സ്യത്തൊഴിലാളികളുടെയും അവസ്ഥ ഇതു തന്നെയാണ്. കായലോരത്ത് താമസിക്കുന്നവരും ഏറെ ദുരിതം അനുഭവിക്കുകയാണ്. കൂടിവെള്ള ക്ഷാമമാണ് മറ്റൊരു പ്രശ്‌നം. തൊഴിലാളികളും, സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരും ഏറെയുള്ള മണ്ഡലത്തില്‍ അവരുടെ ജീവിതം നിലവാരം ഉയര്‍ത്താന്‍ മാറിമാറി പ്രതിനിധീകരിച്ചവരും സര്‍ക്കാരുകളും പരാജയപ്പെട്ടത് ഇത്തവണ പ്രധാന ചര്‍ച്ചാവിഷയമാകും. എസ്എന്‍ഡിപിക്ക് ശക്തമായ സ്വാധീനമുള്ള മണ്ഡലമാണിത്. ബിജെപി, ബിഡിജെഎസ് സംഖ്യം വന്‍ മുന്നേറ്റത്തിന് ഒരുങ്ങികഴിഞ്ഞു. താഴെത്തട്ടുവരെ സഖ്യത്തിന്റെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. ഇരു മുന്നണികളുടെയും മതന്യൂനപക്ഷ പ്രീണനത്തിനെതിരെ ശക്തമായ പ്രചരണത്തിനാണ് ബിജെപി സഖ്യം തയ്യാറെടുക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പിലെ മുന്നേറ്റം ഇതിന് അടിത്തറയാകും. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ തോമസ് ഐസക്കിന് 75,857 വോട്ടുകളും, പി.ജെ. മാത്യുവിന് 59,515 വോട്ടുകളുമാണ് ലഭിച്ചത്. 16,342 വോട്ടുകളുടെ ഭൂരിപക്ഷം. ബിജെപിയുടെ കൊട്ടാരം ഉണ്ണികൃഷ്ണന് 3,540 വോട്ടുകള്‍ ലഭിച്ചു. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് 3,827 വോട്ടുകള്‍ ലഭിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.