ബജറ്റ് 2016

Monday 14 March 2016 9:56 pm IST

2016-17 ലെ കേന്ദ്ര പൊതുബജറ്റ്. സമഗ്രവികസനത്തിനുതകുന്നതും ദീര്‍ഘവീക്ഷണത്തോടുകൂടിയതുമെന്ന് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തിയ ബജറ്റിനെക്കുറിച്ച് വിവിധ ചാനലുകളില്‍ വ്യത്യസ്ത രാഷ്ട്രീയനേതാക്കള്‍ ഇനിയും നടത്താവുന്ന വിലയിരുത്തലുകള്‍...ആദ്യം സഖാവ് ജി. വിജയരാഘവന്‍ ''എങ്ങനുണ്ട് സഖാവെ ജറ്റ്‌ലിയുടെ ബജറ്റ്?'' സഖാവ്- ''ചതിക്കുഴികളാണ്. ഇന്ത്യ നശിക്കും.'' ''കൃഷിക്ക് റെക്കോഡ് നീക്കിയിരുപ്പ്?'' - ''അതും ചതിക്കുഴിയാണ്, ഇന്ത്യ നശിക്കും.'' ''അടിസ്ഥാനവികസനത്തിന് കോടികള്‍?'' 'ഹൊ! എന്തൊരു ചതിക്കുഴി! ഇന്ത്യ നശിച്ചതുതന്നെ!'' ''കഴിഞ്ഞവര്‍ഷവും ഇതുതന്നെയാണല്ലൊ പറഞ്ഞത്. പക്ഷെ നശിച്ചില്ല...?'' ''നശിച്ചാലും വേണ്ടില്ല, നന്നായാലും വേണ്ടില്ല, ഞാനിങ്ങനെ പറഞ്ഞുകൊണ്ടിരിക്കും! ചതിക്കുഴിയാണ്, ഇന്ത്യ നശിക്കും...'' ''ഇതിനൊരു പരിഹാരം?'' ''ഞങ്ങള്‍ അധികാരത്തിലെത്തണം. കുഴികള്‍ നികത്തും. ബംഗാളിനെപ്പോലെ നിരപ്പാക്കിത്തരും!'' ഇനി ശ്രീ ഹേമചന്ദ്രന്‍ എംപി ഒറ്റവാചകം, ഒറ്റശ്വാസം. അറുപത് കിലോമീറ്റര്‍ നീളം. കൂടാതെ കൈകൊണ്ടും സംസാരിക്കും. എന്തെങ്കിലും പിടികിട്ടണമെന്നുണ്ടെങ്കില്‍ പ്രേക്ഷകര്‍ വളരെ ശ്രദ്ധിച്ചിരിക്കണം. ''ഹലോ ശ്രീ ഹേമചന്ദ്രന്‍, എന്താണ് ബജറ്റിനെക്കുറിച്ച് താങ്കള്‍ക്ക് പറയാനുള്ളത്? ഹലോ..ഹലോ..എന്തോ തകരാറാണെന്നു തോന്നുന്നു...അദ്ദേഹത്തിനല്ല, നെറ്റ്‌വര്‍ക്കിന്. അതിനുമുമ്പ് നമുക്ക് സ്വാതന്ത്ര്യപ്പാര്‍ട്ടി നേതാവ് ശ്രീമതി ശോണിമാ മാഡത്തിലേക്കു പോകാം. ഹലോ മാഡം എങ്ങനെയുണ്ട് ബജറ്റ്? ''എന്തു ബജറ്റ്! ജനങ്ങള്‍ ജയിപ്പിച്ചെന്നു കരുതി എന്തു തോന്ന്യാസവുമാകാമെന്നോ? എന്റെയും എന്റെ കുടുംബത്തിന്റെയുമനുവാദമില്ലാതെ ഇന്ത്യന്‍ പാര്‍ലമെന്റില്‍ ബജറ്റവതരിപ്പിക്കാന്‍ ഇവരാരാ? ഈ ജറ്റ്‌ലിക്ക് അമ്മായിയമ്മയുണ്ടോ? എന്റെ അമ്മായിയമ്മയാരാണെന്ന് ഇനിയും എന്നെക്കൊണ്ട് പറയിക്കണോ? -ഇപ്പോള്‍ യുവനേതാവായ രാഹുലന്‍പിള്ള (വയസ്സ് 70) ദല്‍ഹി യൂണിവേഴ്‌സിറ്റിയിലുണ്ട്. ''എങ്ങനെയുണ്ട് രാഹുലന്‍ജീ ഇന്നു പാര്‍ലമെന്റിലവതരിപ്പിച്ച ബജറ്റ്?'' ''ങാ ബജറ്റ് അവതരിപ്പിച്ചെന്ന് അമ്മച്ചി പറഞ്ഞുകേട്ടു. എന്തുചെയ്യാം, ഉറങ്ങിപ്പോയി. ഒന്നു തോണ്ടിവിളിക്കണമെന്ന് അമ്മച്ചിയോട് ഞാന്‍ പറഞ്ഞിരുന്നതാ. ഏതായാലും മന്ദബുദ്ധികള്‍ക്ക് കാര്യമായെന്തെങ്കിലും വകയിരുത്തിയില്ലെങ്കില്‍...വിടില്ല ഞാന്‍...! അപ്പോള്‍ അതാണ് രാഹുലന്റെ അഭിപ്രായം. അതാ എം-80 മൂസ വരുന്നു. നമുക്ക് അദ്ദേഹത്തോടു ചോദിക്കാം. എങ്ങനെയുണ്ട് മൂസാക്കാ കേന്ദ്രബജറ്റ്..? -മീന്‍കച്ചവടക്കാര്‍ക്ക് സൗജന്യമായി എം-80 യും പണിയെടുക്കാതെ കൂലിയും ബജറ്റില്‍ വകയിരുത്തുമെന്ന് പ്രതീക്ഷിച്ചിരുന്നു.... -ഇതാ ചുംബനസമരനായിക രോശ്‌നി നായര്‍ തിഹാര്‍ ജയിലില്‍നിന്ന്- ''അരുണ്‍ ജറ്റ്‌ലി സദാചാരപ്പോലീസ് ചമയുകയാണ്. വായ്‌നാറ്റമകറ്റാനുള്ള മൗത്ത്‌വാഷിന് അഡീഷണല്‍ ടാക്‌സ് ഏര്‍പ്പെടുത്തി. ചുംബനസമരത്തെ തകര്‍ക്കാമെന്ന് സംഘപരിവാര്‍ ഫാസിസ്റ്റുകള്‍ സ്വപ്‌നം കാണണ്ട...'' ചുംബനസമരത്തില്‍ പങ്കെടുത്ത ചില വനിതാ സഖാക്കള്‍ ഓക്കാനിക്കാന്‍ തുടങ്ങി എന്ന വാര്‍ത്തകള്‍ പ്രചരിക്കുന്നതിനിടയിലാണ് രോശ്‌നിയുടെ വെല്ലുവിളി എന്നതും ശ്രദ്ധേയമാണ്. ഇതാ ശ്രീ ഹേമചന്ദ്രന്‍ നമ്മോടൊപ്പം വീണ്ടും ചേരുന്നു. ദല്‍ഹി കേരള ഹൗസിലെ റസ്‌റ്റോറന്റിലിരുന്ന് ബീഫ് അടിച്ചുകയറ്റുകയാണ് അദ്ദേഹം. ശ്രീ ഹേമചന്ദ്രന്‍, കേള്‍ക്കാമെങ്കില്‍ പറയൂ, താങ്കളുടെ അഭിപ്രായത്തില്‍ ബജറ്റെങ്ങനെ? ''കേള്‍ക്കാം, കേള്‍ക്കാം. രണ്ടായിരത്തിപ്പതിമൂന്നില്‍ ശ്രീ നരേന്ദ്രമോദിയെ ശ്രീ ഭാരതീയജനതാപാര്‍ട്ടി അവരുടെ പ്രധാനമന്ത്രിസ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച് 2014 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേവലം 39 ശതമാനം വോട്ടുമാത്രം നേടി, അതു പറയുമ്പോഴുമൊരുകാര്യം പ്രത്യേകം ഓര്‍ക്കണം, 61 ശതമാനം ശ്രീ നരേന്ദ്ര മോദിക്കെതിരായിരുന്നിട്ടും കേവലം സാങ്കേതികതയുടെ പേരില്‍ അധികാരത്തിന്റെ അകത്തളങ്ങളില്‍ അതിക്രമിച്ചുകയറി സകലമാന കോര്‍പ്പറേറ്റുകള്‍ക്കും അവര്‍ ചെയ്ത സേവനത്തിനുള്ള നന്ദിപ്രകടനമായി ഈ രാജ്യത്തെ തീറെഴുതിക്കൊണ്ടിരിക്കുന്ന ശ്രീ നരേന്ദ്ര മോദി മന്ത്രിസഭയിലെ ധനകാര്യമന്ത്രി ശ്രീ അരുണ്‍ ജെറ്റ്‌ലിയും ശ്രീ സുരേഷ്പ്രഭുവും ശ്രീ.... -സമയക്കുറവുണ്ട് ശ്രീ ഹേമചന്ദ്രന്‍. എന്റെ ചോദ്യം ഇതാണ് 2016 ലെ പൊതുബജറ്റ് എങ്ങനെ? ''എന്നെ ഒന്നു പറയാനനുവദിക്കൂ ശ്രീ നെയ്യപ്പദാസ്. രാത്രി ഒന്‍പതുമണിയല്ലേ ആയുള്ളൂ. നേരം വെളുക്കുംമുമ്പെ ഞാനെന്റ വാചകം തീര്‍ത്തുകൊള്ളാം. എനിക്കു മനസിലാകാതെ പോകുന്നത് 2012 ല്‍ നൂറ്റിയിരുപത്താറ് ഡോളര്‍ വിലയുണ്ടായിരുന്ന അസംസ്‌കൃത പെട്രോളിയത്തിന് 2016 ല്‍ മുപ്പത് ഡോളറായി കുറഞ്ഞിട്ടും, ശ്രീ.... ''അതൊക്കെ നമ്മള്‍ പലതവണ ചര്‍ച്ച ചെയ്തതാണ്. വിഷയത്തിലേക്കു വരൂ ശ്രീ ഹേമചന്ദ്രന്‍'' -ഒറ്റവാക്കില്‍ പറഞ്ഞാല്‍ പെട്രോളും ഡീസലും ഗ്യാസും ടാറും ഭക്ഷണവും വസ്ത്രവും വീടും മരുന്നും കൂടാതെ സിനിമകാണാന്‍ പതിനായിരം വീതം പോക്കറ്റ്മണിയും ഇന്ത്യയില്‍ എല്ലാ പൗരന്മാര്‍ക്കും ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ സൗജന്യമായി നല്‍കണമെന്നാണ് എന്റെ വിനീതമായ അഭിപ്രായം ശ്രീ നെയ്യപ്പദാസ്. ''താങ്കളൊരു നേതാവല്ലെ? മന്ത്രിയായിരുന്നിട്ടുള്ള ആളല്ലെ? ഇതിനൊക്കെ പണം എവിടന്നു കിട്ടും ശ്രീ ഹേമചന്ദ്രന്‍? -''എന്തോ?'' അല്ല, നികുതി പിരിക്കാതെ എല്ലാം സൗജന്യമായി ജനങ്ങള്‍ക്ക് കൊടുക്കണമെങ്കില്‍ ഖജനാവില്‍ പണം വേണ്ടേ? ഇതിനൊക്കെ പണം എവിടുന്ന് കിട്ടും ശ്രീ ഹേമചന്ദ്രന്‍?'' ''എന്തോ?''- ''അല്ല, അതിനുള്ള പണം എവിടുന്നു കിട്ടുമെന്നു കൂടി പറയൂ.'' ''ഹലോ ഒന്നും കേള്‍ക്കുന്നില്ല!'' -ഒട്ടും കേള്‍ക്കുന്നില്ല'' ''ഒട്ടും കേള്‍ക്കുന്നില്ല.'' ''എനിക്ക് ഇവിടെ കേള്‍ക്കാമല്ലൊ സാറെ''- കേരളഹൗസിലെ സപ്ലയര്‍. ''എന്നാല്‍ നീ മറുപ ടി പറഞ്ഞോ...ഹല്ലാ പിന്നെ...!

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.