എല്ലാ കൈയേറ്റക്കാര്‍ക്കുമുള്ള പച്ചക്കൊടി

Monday 14 March 2016 10:00 pm IST

പോബ്‌സണ്‍ ഗ്രൂപ്പ് കൈവശപ്പെടുത്തിയ 833 ഏക്കര്‍ വിസ്തൃതിയുള്ള കരുണ എസ്‌റ്റേറ്റ് സ്വകാര്യഭൂമിയായി അംഗീകരിക്കുന്നതിന് തുല്യമാണ് പോബ്‌സണ്‍ ഗ്രൂപ്പിന്റെ കൈയില്‍നിന്നും ഭൂമിയുടെ കരം സ്വീകരിച്ച നടപടി. ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിനെ മറികടന്ന് നിയമവകുപ്പ് സെക്രട്ടറിയുടെ ഉപദേശപ്രകാരമാണ് കരുണ എസ്‌റ്റേറ്റില്‍നിന്നും നികുതി സ്വീകരിക്കുന്നതില്‍ തെറ്റില്ല എന്ന് നിലപാട് സര്‍ക്കാര്‍ എടുത്തത്. വന്‍കിട കുത്തകക്കാര്‍ക്കും കയ്യേറ്റക്കാര്‍ക്കും കയ്യേറ്റഭൂമിയില്‍ നികുതി അടയ്ക്കുന്നതിനുള്ള ലൈസന്‍സായി ഈ ഉത്തരവ് മാറുമെന്നതില്‍ സംശയമില്ല. കെപിസിസി പ്രസിഡന്റ് സുധീരന്‍ എതിര്‍പ്പ് പ്രകടിപ്പിച്ചത് അവഗണിച്ചാണ് റവന്യൂമന്ത്രിയുടെ നടപടി. കരുണാ എസ്‌റ്റേറ്റ് സര്‍ക്കാര്‍ഭൂമിയാണെന്ന റവന്യൂവകുപ്പിന്റെ അന്വേഷണസമിതിയുടെ റിപ്പോര്‍ട്ടും ഹൈക്കോടതിയില്‍ കേസും നിലനില്‍ക്കെയാണ് പോബ്‌സണ്‍ ഗൂപ്പിന്റെ കൈവശമുള്ള നൂറുകണക്കിന് ഏക്കര്‍ സര്‍ക്കാര്‍ഭൂമിക്ക് കരം അടയ്ക്കാന്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നത്. റവന്യൂവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി വിശ്വാസ് മേത്തയാണ് ഈമാസം ഒന്നിന് നെല്ലിയാമ്പതി വില്ലേജ് ഓഫീസര്‍ക്ക് ഉത്തരവിലൂടെ നിര്‍ദ്ദേശം നല്‍കിയത്. കരുണ എസ്‌റ്റേറ്റ് സര്‍ക്കാര്‍ഭൂമിയാണെന്ന് ലാന്‍ഡ്‌ബോര്‍ഡ് സെക്രട്ടറി മേരിക്കുട്ടിയുടെ റിപ്പോര്‍ട്ടും നിയമസഭയിലും ഹൈക്കോടതിയിലും നിലനില്‍ക്കെ, ഈ എസ്‌റ്റേറ്റ് സര്‍ക്കാര്‍ഭൂമിയാണെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരിക്കെയാണ് കേരളത്തില്‍ ഭൂമികയ്യേറ്റങ്ങള്‍ക്ക് പച്ചക്കൊടി കാട്ടി, പരിസ്ഥിതി നശീകരണത്തിന് വഴിതെളിച്ച് യുഡിഎഫ് സര്‍ക്കാരിന്റെ ഈ ഉത്തരവ്. ഹൈക്കോടതിയുടെ അനുമതിയില്ലാതെ തുടര്‍നടപടികളൊന്നും പാടില്ലെന്ന ഇടക്കാല ഉത്തരവും മറികടന്നാണ് സര്‍ക്കാര്‍ നടപടി. കേരളത്തില്‍ വന്‍കിട അനധികൃത കയ്യേറ്റമാണ് നടന്നുകൊണ്ടിരിക്കുന്നത്. ഹാരിസണും ടാറ്റയും അടക്കമുള്ള വന്‍കിട കയ്യേറ്റക്കാരുടെ തര്‍ക്കത്തിലുള്ള ഭൂമിക്ക് നികുതി അടയ്ക്കാന്‍ അനുമതി ആവശ്യപ്പെട്ടുകൊണ്ടുള്ള നാലായിരത്തിലധികം കേസുകളാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്. അഞ്ചുലക്ഷം ഏക്കറിലധികം ഭൂമി അനധികൃതമായി കയ്യേറിയിട്ടുണ്ടെന്ന ക്രൈംബ്രാഞ്ച് ഐജി ശ്രീജിത്തിന്റെ റിപ്പോര്‍ട്ടും സര്‍ക്കാരിന്റെ കൈവശമുണ്ട്. വ്യാജപട്ടയക്കാര്‍ക്കും മിച്ചഭൂമി കൈവശംവച്ചിരിക്കുന്നവര്‍ക്കും പരിസ്ഥിതിലോല പ്രദേശമായ ഭൂമി കയ്യേറിയവര്‍ക്കും ഈ ഒരൊറ്റ ഉത്തരവിന്റെ ബലത്തില്‍ അനധികൃതമായി കൈവശംവച്ചിട്ടുള്ള ഭൂമിക്ക് നികുതി അടക്കാന്‍ അനുമതി നേടാനാകും. പോകുന്നപോക്കില്‍ വാരിവിതറുന്ന ഈ ആനുകൂല്യങ്ങള്‍ വോട്ടാകുമെന്നാണ് യുഡിഎഫ് പ്രതീക്ഷ. ഇപ്പോള്‍ അഞ്ച് ഹെക്ടറില്‍ താഴെയുള്ള പാറമടകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ പാരിസ്ഥിതികാനുമതി നല്‍കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്. ഈ പാറമടകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ പാരിസ്ഥിതികാനുമതി വേണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ പാറമട ഉടമകള്‍ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും സ്‌റ്റേ ലഭിച്ചിരുന്നില്ല. എല്ലാ പാറമടകള്‍ക്കും പരിസ്ഥിതി അനുമതി നിര്‍ബന്ധമാണെന്ന് ചീഫ്ജസ്റ്റിസ് അശോക്ഭൂഷണ്‍ ഉത്തരവിട്ടിരുന്നു. ആദിവാസികള്‍പോലും ഇന്ന് പാരിസ്ഥിതികാവബോധം പ്രകടിപ്പിച്ച് അതിരപ്പിള്ളി ഡാമിനെതിരെ കൈകോര്‍ക്കുമ്പോഴാണ് നാട്ടില്‍ തരിശായ ഭൂമിയും വനവും നദികളും കായലും നാട്ടുകാര്‍ കയ്യേറുന്നത്. ഈ സാഹചര്യത്തില്‍ കരുണ എസ്‌റ്റേറ്റിന്റെ കരം സ്വീകരിച്ച് കയ്യേറ്റക്കാര്‍ക്ക് പച്ചക്കൊടി കാണിക്കുന്ന ഉമ്മന്‍ചാണ്ടി രാഷ്ട്രീയവിജയം കാംക്ഷിക്കുമ്പോള്‍ മുഴങ്ങുന്നത് കേരളത്തിന്റെ മരണമണിയാണ്. ഇപ്പോള്‍ പരിസ്ഥിതി നിയമങ്ങള്‍ അട്ടിമറിക്കാനുള്ള സര്‍ക്കാരിന്റെ നീക്കത്തിനെതിരെ വിവിധ പരിസ്ഥിതി സംഘടനകള്‍ പ്രചാരണത്തിനും പ്രക്ഷോഭത്തിനും ഒരുങ്ങുകയാണ്. ഇതിന്റെ ഭാഗമായി ഒരു പരിസ്ഥിതി ഐക്യവേദിയും രൂപീകരിക്കപ്പെട്ടിട്ടുണ്ട്. ഇതേപോലെതന്നെ പ്രാധാന്യമര്‍ഹിക്കുന്നതാണ് തീരദേശസംരക്ഷണ നിയമവും. ഇന്ന് ഭൂമിമോഹികളായ കയ്യേറ്റമാഫിയ പാരിസ്ഥിതിക ആഘാതങ്ങളെ തീരെ അവഗണിച്ചാണ് കായലും കാടും കടലും കൈയേറുന്നത്. കരുണ എസ്‌റ്റേറ്റിനുള്ള അവകാശാനുമതി കരം സ്വീകരിക്കുകവഴി ഉറപ്പുവരുത്തിയ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കേരളത്തിന്റെ നാശത്തിനുള്ള ചിത ഒരുക്കുകയാണ്. രാഷ്ട്രീയക്കാര്‍ക്ക് ജനങ്ങളോടോ സംസ്ഥാനത്തോടോ അല്ല പ്രതിബദ്ധത- മറിച്ച് സ്വന്തം മുന്നേറ്റത്തില്‍ മാത്രമാണ് എന്നാണ് ഈ അനുവാദം തെളിയിക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.