ഇരട്ടത്താപ്പുകളുടെ ഇടതുപക്ഷം

Monday 14 March 2016 10:24 pm IST

ഇടതുപക്ഷത്തിന്റെയും അവരോടൊപ്പം ചേര്‍ന്നുനിന്നുകൊണ്ട് പുരോഗമനം നടിയ്ക്കുന്ന മതതീവ്രവാദികളുടെയും ഇരട്ടത്താപ്പുകള്‍ പലതവണ വെളിയില്‍ വന്നിട്ടുള്ളതാണ്. ഹൈന്ദവമായ ഏത് വിഷയത്തിലും ഇവര്‍ വിവിധതരം സ്വാതന്ത്ര്യങ്ങളുടെ അപ്പോസ്തലന്മാരാകും. എന്നാല്‍ മറ്റേതെങ്കിലും മതമാണ് പരാമര്‍ശവിഷയമെങ്കില്‍ ഈ വിദ്വാന്മാര്‍ മൗനത്തിന്റെ വാല്മീകങ്ങളില്‍ ധ്യാനിക്കും. ഹിന്ദുസംഘടനാ നേതാക്കളെയും രാജ്യത്തെയും സമാദരണീയനായ പ്രാധാനമന്ത്രിയെയും നിരന്തരമാക്ഷേപിക്കുന്നതില്‍ അഗ്രഗണ്യനായ തൃത്താല എംഎല്‍എ വി.ടി ബാല്‍റാമാണ് ഈ ശ്രേണിയിലാദ്യം കടന്നുവരുന്നത്. പിണറായി വിജയന്‍ മുന്‍പൊരിക്കല്‍ നടത്തിയ നികൃഷ്ടജീവി പരാമര്‍ശം കടമെടുത്ത് ഒരു വൈദികനുനേരെ പ്രയോഗിച്ചുകൊണ്ടായിരുന്നു അത്. സഭ കോപിച്ചു. ഇന്ദിരാഭവനും ക്ലിഫ്ഹൗസും എന്തിന് നംബര്‍ 10 ജന്‍പഥ് വരെ കുലുങ്ങി. നേരമൊന്നിരുട്ടി വെളുക്കുംമുന്നേ ക്ഷമപറഞ്ഞു. പിന്നീട് ഇന്നേവരെ സംഘടിതമതങ്ങളെ ഒന്നു നുള്ളിനോവിക്കാന്‍പോലും ഹരിതജനപ്രതിനിധി തുനിഞ്ഞിട്ടില്ല. ചെയ്തുപോയ വലിയ പിഴയുടെ പരിഹാരമെന്നോണം ഹൈന്ദവര്‍ക്കുനേരെയുള്ള ആക്രമണങ്ങളുടെ കാഠിന്യം വി.ടി ബല്‍റാം ശതഗുണീഭവിപ്പിച്ചു. കണ്ണൂരിലെ ഒരു പ്രാദേശിക സിപിഎം നേതാവിന്റേതായി പുറത്തുവന്ന, സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കപ്പെട്ട ഒരു പ്രസംഗമായിരുന്നു അടുത്തത്. സമുദായം ഉടന്‍ പ്രതികരിച്ചു. തന്റെ കരചരണാദികള്‍ ഛേദിക്കപ്പെടുമെന്ന് ഭയന്ന ആ വിപ്ലവകാരി സമസ്താപരാധം പറഞ്ഞു കലിമചൊല്ലി. ഫ്രാന്‍സിലെ ഷാര്‍ലി എബ്ദോ വിവാദത്തില്‍, ആ മാസികയും അതിന്റെ പ്രവര്‍ത്തകരും ഭീകരാക്രമണത്തിന് വിധേയമായപ്പോള്‍ സിപിഎമ്മിന്റെയും പ്രകാശ് കാരാട്ടിന്റെയും അടുത്ത ഇരട്ടത്താപ്പ് നാം കണ്ടു. അഭിപ്രായ സ്വാതന്ത്ര്യത്തില്‍ ഇരകളോടൊപ്പം നില്‍ക്കുന്നുവെന്ന് നിരന്തരം അവകാശപ്പെടുന്ന അവര്‍ പക്ഷേ അവിടെ വേട്ടക്കാര്‍ക്കൊപ്പമായിരുന്നു. അഭിപ്രായ സ്വാതന്ത്ര്യത്തിന് പരിധികളുണ്ട് എന്നുപറഞ്ഞ് പ്രകാശ് കാരാട്ട് തങ്ങളുടെ പക്ഷം ഏതാണെന്ന് വെളിപ്പെടുത്തി. മാതൃഭൂമി ദിനപത്രം 2015 ഏപ്രില്‍ 23 ന് പ്രസിദ്ധീകരിച്ച 'ഇതാണ് ഇസ്ലാം' എന്ന കെ.പി രാമനുണ്ണിയുടെ ലേഖനമായിരുന്നു അടുത്ത വെടിമരുന്ന്. തീവണ്ടിക്ക് മുന്നില്‍പ്പെട്ടുപോയ ബധിരനായ ഒരാളെ അത് കണ്ടുനിന്ന മറ്റൊരാള്‍ രക്ഷിക്കാന്‍ ശ്രമിക്കുന്നു. നിര്‍ഭാവഗ്യവശാല്‍ ഇരുവരും മരണപ്പെടുന്നു. അപടകത്തില്‍പ്പെട്ടയാള്‍ ഹിന്ദുവും രക്ഷിക്കാന്‍ ശ്രമിച്ചു മരണപ്പെട്ടയാള്‍ മുസല്‍മാനും. മനുഷ്യത്വത്തിന്റെ ഉദാത്തമാതൃകയായ ഈ സംഭവം പക്ഷേ രാമനുണ്ണിയുടെ ദൃഷ്ടിയില്‍ മതത്തിന്റെ മാത്രം മഹത്വമായിരുന്നു. സ്വാഭാവികമായും മതത്തിനതീതമായി മനുഷ്യനെക്കാണുന്നവര്‍ പ്രതികരിച്ചു. മനുഷ്യന്‍ ആത്യന്തികമായി നല്ലവനാണെന്നും ആ നന്മ സംഘടിതമതങ്ങളുണ്ടാകുന്നതിന് മുന്‍പെയുള്ളതാണെന്നും വിശ്വാസികളുടെ നന്മകളെല്ലാം മതത്തിന്റെ കണക്കിലെഴുതിയാല്‍ അവരുടെ തിന്മകളും അതേ മതത്തിന്റെ കണക്കിലെഴുതേണ്ടിവരില്ലേയെന്നും എം.എന്‍ കാരശ്ശേരി ചോദിച്ചു. രാമനുണ്ണി ഇതിനെ പ്രതിരോധിച്ചത് അസ്ഥാനത്ത് ഇടശ്ശേരി ഗോവിന്ദന്‍ നായരെ പരിചയാക്കിയാണ്. തുടര്‍ന്ന് ആ പത്രത്തിന്റെ താളുകള്‍ വാദപ്രതിവാദങ്ങള്‍കൊണ്ട് നിറഞ്ഞു.ഡോ.ടി.ടി ശ്രീകുമാര്‍, രാമനുണ്ണിക്ക് പിന്തുണയുമായി എത്തി. അദ്ദേഹമവതരിപ്പിച്ച ഇരവാദസിദ്ധാന്തത്തെ എഴുത്തുകാരന്‍ സി.ആര്‍ പരമേശ്വരന്‍ ഖണ്ഡിച്ചു. ടി.ടി ശ്രീകുമാറിന്റെ മുടന്തന്‍ന്യായങ്ങളോടുള്ള സിആറിന്റെ വസ്തുതാപരമായ പ്രതികരണം ന്യൂനപക്ഷപക്ഷപാതികളെ പ്രകോപിപ്പിച്ചു. സിആറിന്റെ ലേഖനം പ്രസിദ്ധീകരിച്ച മാതൃഭൂമി ഉപേക്ഷിക്കുകയാണെന്ന് ജെ.ദേവിക എഴുതി. ഇതിലെ ആന്റി ക്ലൈമാക്‌സ് വളരെപ്പെട്ടെന്നായിരുന്നു. മാതൃഭൂമി ബഹിഷ്‌കരണത്തില്‍ ജെ.ദേവികയെ കയ്യടിച്ചും ആര്‍പ്പുവിളിച്ചും പ്രോത്സാഹിപ്പിച്ച ഇസ്ലാമിസ്റ്റുകളുടെ തനിനിറം ഉടന്‍ പുറത്തുവന്നു. ചുംബനസമരത്തില്‍ തന്റെ സ്വതന്ത്ര അഭിപ്രായം അവര്‍ പ്രകടിപ്പിച്ചപ്പോള്‍ ജമാ അത്തെ ഇസ്ലാമിയും അതിന്റെ വിദ്യാര്‍ഥിവിഭാഗമായ എസ്‌ഐഒയും ദേവികക്കെതിരെ രംഗത്തുവന്നു. സി.ആര്‍ പരമേശ്വരനെയും ജെ.ദേവികയെയും വേണ്ടസമയത്ത് പിന്തുണക്കാന്‍ ആരുമുണ്ടായില്ല. സിആര്‍ മൗനംപാലിച്ചപ്പോള്‍ ദേവികയാകട്ടെ ചീത്തകളെ തള്ളിക്കളയൂ എന്ന് ബ്ലോഗിലൂടെ വിലപിച്ചു. സിപിഐയും അതിന്റെ മുഖവാരികയായ നവയുഗവുമാണ് ഈ ഇരട്ടത്താപ്പ് നാടകത്തിലെ ഏറ്റവും ക്ലാസിക് ഇനം പ്രദര്‍ശിപ്പിച്ചത്. മുന്‍പ് തങ്ങളുടെ നാടകസമിതിയായ കെപിഎസി വഴി തികഞ്ഞ ഹൈന്ദവ വിരുദ്ധനാടകങ്ങളായ 'വിഷ സര്‍പ്പ ത്തിന് വിളക്ക് വെക്കരുത്', 'ഭഗവാന്‍ കാലുമാറുന്നു 'എന്നിവ അവതരിപ്പിച്ചവരാണ് സിപിഐ. ഉത്സവസീസണില്‍ കേരളത്തിലെ ക്ഷേത്രമൈതാനങ്ങളില്‍ ഈ നാടകങ്ങള്‍ അവതരിപ്പിക്കപ്പെട്ടു. വിശ്വാസപരമായ കരണങ്ങളാല്‍ തന്നെ എതിര്‍പ്പുണ്ടായി. അത്തരം എതിര്‍പ്പുകളെയൊക്കെ ഫാസിസത്തിന്റെ ചാപ്പയടിച്ച്, ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ മൂടുപടമിട്ട് രക്ഷപ്പെടുകയായിരുന്നു സിപിഐ. ചരിത്രം അങ്ങനെയായിരിക്കെ, നവയുഗം വാരികയില്‍ 'പെസഹ നാളിലെ കുര്‍ബാന' എന്നൊരു കഥ പ്രത്യക്ഷപ്പെട്ടു. സാധാരണ കേഡര്‍മാരൊഴികെ മറ്റാരും നവയുഗം വാങ്ങാറില്ല. പാര്‍ട്ടിലേഖനങ്ങളും പേരിന് ഒരു കഥയും സ്‌പെയിസ് ഫില്ലിങ്ങിന് രണ്ടുകവിതകളുമല്ലാതെ പൊതുവായ യാതൊന്നും നവയുഗത്തില്‍ കാണാറുമില്ല. ബ്രാഞ്ച് സെക്രട്ടറിമാര്‍ക്കുള്ള പാര്‍ട്ടി നേതാവിന്റെ കത്താണ് പലപ്പോഴും പ്രധാനന്യൂസ്. അവര്‍ പോലുമത് വായിക്കാറുണ്ടോയെന്നും സംശയമാണ്. എന്നിട്ടും മലയാളമനോരമയടക്കം ചില പത്രങ്ങളില്‍ ഈ കഥയെ സംബന്ധിച്ച് വാര്‍ത്തകള്‍ വന്നു. ആ കഥയില്‍ െ്രെകസ്തവ വിശ്വാസങ്ങളെ വ്രണപ്പെടുത്തുന്ന പരാമര്‍ശങ്ങള്‍ ഉണ്ടെന്നായിരുന്നു വ്യഗ്യം. പക്ഷേ സഭയോ മറ്റാരെങ്കിലുമോ കടുത്ത ആക്ഷേപങ്ങള്‍ പറഞ്ഞില്ല. ഒരാവശ്യവും ഉന്നയിച്ചില്ല. എന്നാല്‍ രാജാവിനെക്കാള്‍ വലിയ രാജഭക്തി കാണിച്ച സിപിഐയും നവയുഗത്തിന്റെ പത്രാധിപസമിതിയും ഉടുമുണ്ടുരിഞ്ഞു തലയില്‍കെട്ടി വായ്‌ക്കൈയും പൊത്തിനിന്നു. നവയുഗത്തില്‍ മേലിലിനി കഥയോ കവിതയോ പ്രസിദ്ധീകരിക്കില്ല എന്ന് ആണയിട്ടു പറഞ്ഞു. കഥ അവിടംകൊണ്ട് തീര്‍ന്നില്ല. പെരുമാള്‍ മുരുഗന്‍ വിഷയം വന്നപ്പോള്‍ നവയുഗം പെട്ടെന്ന് ഉഷാറായി. മാതൊരുഭാഗന്‍ എന്ന വിവാദ നോവലിനെക്കുറിച്ചും അതിന്റെ രചയിതാവിന്റെ് ആവിഷ്‌കാര സ്വാതന്ത്ര്യത്തെക്കുറിച്ചും പ്രഘോഷണങ്ങളുള്ള ഒരു ലക്കം നവയുഗം പുറത്തിറങ്ങി. അതിന്റെ മുഖചിത്രംപോലും പെരുമാള്‍ മുരുഗന്‍ ആയിരുന്നു. തങ്ങളുടെ സ്വന്തം മാസികയില്‍ ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ ലാഞ്ചനപോലും അനുവദിക്കാത്ത സിപിഐ മുരുഗന് ഹൈന്ദവരെ പുലഭ്യംപറയാനുള്ള സ്വാതന്ത്ര്യത്തെക്കുറിച്ച് വാചാലരായി. പരാമര്‍ശിത പുസ്തകത്തിനെതിരെ ചില ജാതിസംഘടനകളുടെ എതിര്‍പ്പിനെ ആകമാന ഹിന്ദുക്കളുടെയും ചുമലില്‍ വച്ചുകെട്ടി. മാതൃഭൂമി ദിനപ്പത്രവും വാരികയും പ്രത്യേക മുരുകന്‍ പതിപ്പുകള്‍ തന്നെയിറക്കി. 2015 ജനുവരി 15 ന്റെ മാതൃഭൂമി വാരാന്തപ്പതിപ്പില്‍ മുന്‍പേജ് മുഴുവന്‍ മുരുഗസങ്കീര്‍ത്തനങ്ങളാല്‍ മുഖരിതമായിരുന്നു. മാതൃഭൂമി വാരികയിലാകട്ടെ തുടരന്‍ ലേഖനങ്ങള്‍ പ്രത്യക്ഷപ്പെട്ടു. അടുത്ത പ്രധാന പുലിവാല്‍ പിടിക്കാനുള്ള നിയോഗം സിപിഐയുടെതന്നെ ഏക എം.പി സി.എന്‍ ജയദേവനായിരുന്നു. ചാവക്കാട് എം.ആര്‍ രാമന്‍ മെമോറിയല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ അദ്ദേഹം പര്‍ദ്ദക്കെതിരെ അഭിപ്രായപ്രകടനം നടത്തി. അധികമാരും ശ്രദ്ധിക്കാത്ത ഒരു ചെറിയ പ്രാദേശിക പരിപാടിയായിരുന്നു അത്. ചാവക്കാട് വാര്‍ത്തകള്‍ക്കു പ്രധാന്യംകൊടുക്കുന്ന ഒരു വെബ്‌സൈറ്റാണ് പ്രധാനമായിട്ടും ഈ വാര്‍ത്തകൊടുത്തത്. പതിവുപോലെ മതസംരക്ഷകര്‍ വാളും പോസ്റ്റുകളും കമന്റുകളുമായി ഇറങ്ങി. സോഷ്യല്‍ മീഡിയയില്‍ ജയദേവനെയവര്‍ കടിച്ചുകുടഞ്ഞു. അത്തരം പ്രതികരണങ്ങള്‍ രണ്ടുദിവസത്തോളം നീണ്ടുനിന്നു. ഇരുകമ്യൂണിസ്റ്റ് പാര്‍ടികകളിലെയും ഏതെങ്കിലും നേതാക്കന്മാരോ സംഘടിതമായ അവരുടെ സൈബര്‍ നിരയോ ജയദേവന്റെ രക്ഷക്കെത്തിയില്ല. അദ്ദേഹം ഉടന്‍തന്നെ തന്റെ തിരുത്തലും ഖേദപ്രകടനവും പത്രമാപ്പീസുകളിലെത്തിച്ചു. എംപി ചെയ്ത ആദ്യപ്രസംഗം റിപ്പോര്‍ട്ട് ചെയ്യാത്ത മാധ്യമങ്ങളില്‍ പോലും ഖേദപ്രകടനം പ്രധാന്യത്തോടെ വന്നു. വേട്ടക്കാരുടെ ആവേശം ഒട്ടൊന്ന് അടങ്ങി. ജെഎന്‍യുവില്‍ മാര്‍ക്‌സിസ്റ്റ് - ജിഹാദി സഖ്യം നടത്തിയ രാജ്യദ്രോഹ പ്രകടനങ്ങളോടനുബന്ധിച്ചുള്ള ചര്‍ച്ചകളാണ് അടുത്തത്. ദുര്‍ഗാ പൂജാ ദിനത്തില്‍ മഹിഷാസുരനെയാരാധിച്ച ഒരുവിഭാഗം അവിടെ വിതരണംചെയ്ത നോട്ടീസില്‍ ദുര്‍ഗാദേവിയെ ഗണികയെന്നാരോപിക്കുകയുണ്ടായി. ഏഷ്യാനെറ്റ് എന്ന മലയാളം ചാനലില്‍ അത് സംബന്ധിച്ച ചര്‍ച്ചയില്‍ പങ്കെടുത്ത ബിജെപി പ്രതിനിധിയോട്, അത്തരം കാര്യങ്ങള്‍ അവരുടെ ആവിഷ്‌കാര സ്വാതന്ത്യമല്ലേയെന്ന് ചോദിച്ചു. അത് കണ്ടിരുന്ന ചില വിശ്വാസികള്‍ ആ അവതാരകയുടെ നമ്പര്‍ തേടിപ്പിടിച്ച് അവരെ വിളിച്ച് പ്രതിഷേധമറിയിച്ചു. അത്തരം പ്രതിഷേധങ്ങള്‍ക്കെതിരെ ആ അവതാരക നിയമനടപടി സ്വീകരിച്ചു. മുന്‍പ് പലപ്പോഴും ഇടതുപക്ഷ അനുഭാവികളുടെ അതിനീചമായ പല അക്രമങ്ങള്‍ക്കും ഈ അവതാരകയടക്കം കേരളത്തിലെ പല പത്രപ്രവര്‍ത്തകരും ഇരയായിട്ടുണ്ട്. തെരഞ്ഞെടുപ്പ് കാലത്ത് ഏഷ്യാനെറ്റിലെതന്നെ ഒരു മുതിര്‍ന്ന ജേര്‍ണലിസ്റ്റിനെ പി.ജയരാജന്‍ ആക്രമിക്കുകയും, പിന്നീട് ടെലിഫോണിലൂടെ ഭീകരമായി ഭീഷണിപ്പെടുത്തുകയുമുണ്ടായി. എന്നാലിതെല്ലാം സൗകര്യപൂര്‍വം വിസ്മരിച്ച് പിണറായി വിജയന്‍ ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ മിശിഹായായി രംഗത്തുവന്നു. കിട്ടിയ അവസരം നോക്കി കാത്തിരുന്ന മതതീവ്രവാദികളും വിജയനെയും ആ ജേര്‍ണലിസ്റ്റിനെയും പിന്തുണച്ചു. എന്തും പറയാനുള്ള അവകാശം വേണമെന്നായിരുന്നു അവരുടെ ചെറിയ ആവശ്യം. മാതൃഭൂമി ദിനപത്രത്തില്‍ രാമായണ മാസത്തില്‍ പ്രസിദ്ധീകരിച്ച ഒരു ലേഖനത്തില്‍ ശ്രീരാമചന്ദ്രനെ വികലമായി ചിത്രീകരിച്ചു. ഇതിനെതിരെ വിശ്വാസികളുടെ വ്യാപക പ്രതിഷേധമുണ്ടായി. എന്നാല്‍ ഇടതുപക്ഷം പതിവ് തെറ്റിക്കാതെ അതൊക്കെ ബഷീറിന്റെ ആവിഷ്‌കാര സ്വാതന്ത്ര്യമായി കണക്കാക്കുകയാണ് ഉണ്ടായത്. (തുടരും)  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.