ജയരാജന്റെ ആശുപത്രിവാസത്തിന് അധികൃതരുടെ ഒത്താശ: കുമ്മനം

Monday 14 March 2016 5:16 pm IST

ബിജെപി ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് നടത്തിയ മാര്‍ച്ച് ബിജെപി സംസ്ഥാന
അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ഉദ്ഘാടനം ചെയ്യുന്നു

കണ്ണൂര്‍: കതിരൂര്‍ മനോജ് വധക്കേസില്‍ പ്രതിയായ സിപിഎം മുന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന് ആശുപത്രിയില്‍ സുഖവാസമൊരുക്കിക്കൊടുത്തത് അധികൃതരുടെ പിന്തുണയോടെയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. മനോജ് വധക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട പി.ജയരാജനെ രക്ഷിക്കാനുള്ള സിപിഎം- കോണ്‍ഗ്രസ്-ഉദ്യോഗസ്ഥ അവിശുദ്ധ ഗൂഢാലോചനക്കെതിരെ ബിജെപി ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കണ്ണൂരില്‍ ഭരണം നടപ്പാക്കുന്നത് ജയരാജനായതുകൊണ്ടാണ് ജയരാജനെ പോലീസ് അറസ്റ്റ് ചെയ്യാതിരുന്നത്. എല്ലാ നിയമസംവിധാനങ്ങളെയും വെല്ലുവിളിച്ചുകൊണ്ട് നാട് ഭരിക്കുന്ന ജയരാജനെ അധികൃതര്‍ക്ക് ഭയമാണ്. ഭരിക്കുന്നത് ഭീരുക്കളായത് കൊണ്ടാണ് ഇത്തരം നാട്ടുരാജാക്കന്‍മാര്‍ നിയമം കയ്യിലെടുക്കുന്നതെന്നും കുമ്മനം പറഞ്ഞു.

നാട്ടില്‍ സിപിഎം സമാധാനം കാംക്ഷിക്കുന്നില്ലെന്നാണ് അവര്‍ ഇപ്പോള്‍ സ്വീകരിക്കുന്ന നിലപാടുകള്‍ വ്യക്തമാക്കുന്നത്. ആര്‍എസ്എസ് സര്‍ സംഘചാലക് കണ്ണൂരില്‍ ശാശ്വത സമാധാനത്തിനായി ചര്‍ച്ചയാകാമെന്ന് പറഞ്ഞപ്പോള്‍ ആര്‍എസ്എസ് ആയുധം താഴെവെച്ചാല്‍ ചര്‍ച്ചയാകാമെന്നാണ് സിപിഎം നേതൃത്വം പറഞ്ഞത്. ആശയം നഷ്ടപ്പെട്ട സിപിഎം അക്രമത്തിലൂടെ ആധിപത്യമുറപ്പിക്കാനാണ് ശ്രമിക്കുന്നത്.

മുതലാളിത്തത്തിനും ബൂര്‍ഷ്വകള്‍ക്കുമെതിരെ സിപിഎം നിലകൊള്ളുമെന്നായിരുന്നു ഒരുകാലത്ത് ജനങ്ങള്‍ സ്വപ്‌നം കണ്ടിരുന്നത്. എന്നാല്‍ സിപിഎം ഇന്ന് മുലാളിമാരുടെ കീശയിലാണ്. കലിമൂത്ത സിപിഎമ്മുകാര്‍ കൃഷ്ണപ്പിള്ളയെപ്പോലും വെറുതെ വിട്ടില്ല. അദ്ദേഹത്തിന്റെ പ്രതിമ വികലമാക്കി വീട് തീവെച്ച് നശിപ്പിച്ചു. ഒരു കമ്മ്യൂണിസ്റ്റുകാരനും പൊറുക്കാത്ത ഈ ദുഷ്പ്രവര്‍ത്തിക്കെതിരെ സിപിഎം നേതൃത്വം പ്രതിഷേധിക്കുകപോലും ചെയ്യാതിരുന്നത് ആശയപ്പാപ്പരത്തം കൊണ്ടാണ്. തൊഴിലാളികളെ കമ്മ്യൂണിസം പഠിപ്പിച്ച കൃഷ്ണപ്പിള്ളയുടെ സ്മാരകം തകര്‍ക്കാന്‍ മാത്രം സിപിഎം ജീര്‍ണ്ണിച്ചു.

കൊല്ലും കൊലയും നടത്തിയാലേ കേരളത്തില്‍ പിടിച്ചുനില്‍ക്കാനാവു എന്ന നിലയിലാണ് ഇപ്പോള്‍ സിപിഎം. തൊഴിലാളികളെക്കുറിച്ച് വാതോരാതെ സംസാരിക്കുന്ന സിപിഎമ്മിന്റെ കൊലക്കത്തിക്കിരയായ സംഘസ്വയംസേവകര്‍ നിരവധിയാണ്. കഴിഞ്ഞ ദിവസം പാനൂര്‍ ചൊക്ലിയില്‍ ഓട്ടോ തൊഴിലാളിയെ പിഞ്ചു കുട്ടികള്‍ക്ക് മുന്നിലിട്ടാണ് വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ഇസ്ലാമിക തീവ്രവാദികളായ താലിബാനെപോലും നാണിപ്പിക്കുന്ന തരത്തിലാണ് പാപ്പിനിശ്ശേരിയിലെ അരോളിയില്‍ സുജിത്തിനെ അടിച്ചുകൊന്നത്. കതിരൂര്‍ മനോജിനെ ബോംബോറിഞ്ഞ് വെട്ടക്കൊലപ്പെടുത്തിയപ്പോള്‍ ജയരാജന്റെ മകന്‍ അത് വലിയ നേട്ടമായി ഫെയ്‌സ് ബുക്കിലിട്ടിരുന്നു. അതിനിഷ്ഠൂരമായ കൊലപാതക പരമ്പരകള്‍കൊണ്ട് സിപിഎം എന്ത് നേടിയെന്ന് സമൂഹത്തോട് വ്യക്തമാക്കേണ്ടി വരും.

ഭരണാധികാരികള്‍ വേട്ടക്കാരനോടൊപ്പം ഇരകളെ വേട്ടയാടുകയാണ്. ഭരണസ്വാധീനവും പണവുമില്ലാത്തവര്‍ക്കും ഇവിടെ ജീവിക്കണം. എല്ലാം സഹിച്ച് ശാന്തരായിരിക്കുന്ന സാധാരണക്കാര്‍ക്ക് ശബ്ദമുണ്ടെന്ന് ഭരാണാധികാരികളെ ബോധ്യപ്പെടുത്താന്‍ ഇത്തരം ജനകീയ മാര്‍ച്ചുകള്‍ കൊണ്ട് സാധിക്കുമെന്നും കുമ്മനം പറഞ്ഞു.

ആര്‍എസ്എസ് പ്രാന്തീയ കാര്യകാരി സദസ്യന്‍ വല്‍സന്‍ തില്ലങ്കേരി, എന്‍ടിയു സംസ്ഥാന ഉപാധ്യക്ഷന്‍ സി.സദാനന്ദന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ദേശീയ നിര്‍വാഹക സമിതിയംഗങ്ങളായ പി.കെ.വേലായുധന്‍, എ.പി.പത്മിനി ടീച്ചര്‍, ബിജെപി സംസ്ഥാന സമിതിയംഗം കെ.രഞ്ചിത്ത്, എ.ദാമോദരന്‍, എ.പി.ഗംഗാധരന്‍, വി.ശശിധരന്‍, കെ.സജീവന്‍, സോഹന്‍ലാല്‍ ശര്‍മ്മ, കെ.ബി.പ്രജില്‍, ബിജു ഏളക്കുഴി, ടി.ബിജു, കെ.പി.അരുണ്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ബിജെപി ജില്ലാ അധ്യക്ഷന്‍ പി.സത്യപ്രകാശ് സ്വാഗതവും ജില്ലാ ജനറല്‍ സെക്രട്ടറി കെ.കെ.വിനോദ് കുമാര്‍ നന്ദിയും പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.