മഹാഭാരതം ധര്‍മ്മരക്ഷാസംഗമം ഏപ്രില്‍ ആറിന് കോഴിക്കോട്ട്

Monday 14 March 2016 10:37 pm IST

കോഴിക്കോട്: മഹാഭാരതം ധര്‍മ്മരക്ഷാസംഗമം ഏപ്രില്‍ ആറിന് കോഴിക്കോട്ട് നടക്കുമെന്ന് ചെയര്‍മാന്‍ സ്വാമി ചിദാനന്ദപുരി, ജനറല്‍ കണ്‍വീനര്‍ പട്ടയില്‍ പ്രഭാകരന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ബാബാരാംദേവ്, ജഗ്ഗി വാസുദേവ്, ഡോ. സുബ്രഹ്മണ്യന്‍ സ്വാമി, എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍, മാതാ അമൃതാനന്ദമയിമഠം ജനറല്‍ സെക്രട്ടറി സ്വാമി പൂര്‍ണ്ണാമൃതാനന്ദപുരി, ചിന്മയമിഷന്‍ കേരള ഹെഡ് സ്വാമി വിവിക്താനന്ദ സരസ്വതി തുടങ്ങിയവര്‍ ധര്‍മ്മരക്ഷാസംഗമത്തില്‍ പങ്കെടുക്കും. ശ്രീ ശ്രീ രവിശങ്കര്‍, സാധ്വി ഋതംഭര, ഡോ. പ്രവീണ്‍ഭായ് തൊഗാഡിയ തുടങ്ങിയ പ്രമുഖരും എത്തുമെന്ന് പ്രതീക്ഷിക്കുന്നതായി സ്വാമി ചിദാനന്ദപുരി പറഞ്ഞു. ലോകം ഭാരതത്തെ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന ഇന്നത്തെ സാഹചര്യത്തില്‍ ഭാരതീയതയെ ഉയര്‍ത്തിക്കാട്ടുകയാണ് സംഗമത്തിന്റെ ലക്ഷ്യം. സുശക്തമായ ഭാരതത്തിനായി കൈകോര്‍ക്കുക, ഹൈന്ദവ ആചാര്യന്മാര്‍ക്കും ഹൈന്ദവ പ്രതീകങ്ങള്‍ക്കും നേരെ നടക്കുന്ന അതിക്രമങ്ങളെയും അവഹേളനങ്ങളെയും പ്രതിരോധിക്കുക എന്നിവയും മഹാഭാരതം കൊണ്ടു ലക്ഷ്യംവയ്ക്കുന്നു. ആര്‍ട്ട് ഓഫ് ലിവിംഗ്, മാതാ അമൃതാനന്ദമയിമഠം, ചിന്മയ മിഷന്‍, ശ്രീരാമകൃഷ്ണമിഷന്‍, ശ്രീ ശാരദാമഠം, ദയാനന്ദാശ്രമം, രാമാനന്ദാശ്രമം, ബ്രഹ്മകുമാരീസ്, കൊളത്തൂര്‍ അദൈ്വതാശ്രമം തുടങ്ങിയ സന്ന്യാസാശ്രമങ്ങളും മഠങ്ങളും ആദ്ധ്യാത്മിക ആചാര്യന്മാരും സാംസ്‌കാരിക-സാമുദായിക സംഘടനകളും സഹകരിച്ചാണ് സംഗമം യാഥാര്‍ത്ഥ്യമാക്കുന്നത്. ഏപ്രില്‍ ആറിന് രാവിലെ കോഴിക്കോട് കടപ്പുറത്ത് ഗണപതിഹവനത്തോടെയാണ് മഹാഭാരതത്തിനു തുടക്കമാവുക. തുടര്‍ന്നു ഭജന്‍ ആലാപനം നടക്കും. ഉച്ചകഴിഞ്ഞ് മൂന്നിന് കലാപരിപാടികള്‍ അരങ്ങേറും. വൈകീട്ട് അഞ്ചിന് സന്ന്യാസിവര്യന്മാരുടെ സമുദ്രവന്ദനത്തോടെ പൊതുസമ്മേളനം ആരംഭിക്കും. മത്സ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ ബോട്ടുകളിലെത്തി മഹാഭാരതത്തിന് ആശംസ നേരും. ബീച്ച് റോഡരികില്‍ സ്ത്രീകളുടെ താലപ്പൊലി ഉണ്ടായിരിക്കും. പ്രമുഖ വാദ്യസംഘങ്ങള്‍ മേളമൊരുക്കും. ആദ്ധ്യാത്മിക, രാഷ്ട്രീയ, സാംസ്‌കാരിക രംഗങ്ങളിലെ ദേശീയ, അന്തര്‍ദേശീയ പ്രശസ്തിയുള്ളവര്‍ പൊതുസമ്മേളനത്തില്‍ പ്രസംഗിക്കും. കാസര്‍കോട് മുതല്‍ പാലക്കാട് വരെയുള്ള ജില്ലകളില്‍ നിന്നായി രണ്ടു ലക്ഷത്തിലേറെ പേര്‍ മഹാഭാരതത്തില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഓരോ ജില്ലയിലും ജില്ലാ കമ്മറ്റികളും പ്രാദേശികസമിതികളും പ്രവര്‍ത്തനം തുടങ്ങി. കാസര്‍കോട് മുതല്‍ പാലക്കാട് വരെ മഹാഭാരതത്തെക്കുറിച്ചു വിശദീകരിക്കാന്‍ രഥയാത്ര സംഘടിപ്പിക്കും. അലങ്കരിച്ച രഥത്തിന് ഓരോ ജില്ലയിലെയും പ്രധാന കേന്ദ്രങ്ങളില്‍ സ്വീകരണവും തുടര്‍ന്ന് പൊതുയോഗവും ഉണ്ടാകും. മാര്‍ച്ച് 31ന് കോഴിക്കോട്ട് കൂട്ടയോട്ടം നടക്കും. വൈകീട്ട് നാലിന് ശ്രീകണ്‌ഠേശ്വരക്ഷേത്ര പരിസരത്തുനിന്ന് ആരംഭിക്കുന്ന കൂട്ടയോട്ടം മുതലക്കുളത്താണു സമാപിക്കുക. ബൈക്ക് റാലികള്‍, ഭജന്‍സന്ധ്യകള്‍, ക്ഷേത്രങ്ങളില്‍ സംത്സംഗങ്ങള്‍, സെമിനാറുകള്‍ എന്നിവയുമുണ്ടാകും. സ്വാഗതസംഘം കണ്‍വീനര്‍മാരായ ബിജിത്ത് മാവിലാടത്ത്, അഡ്വ. വി.പി. ശ്രീപത്മനാഭന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.