കതിരൂര്‍ മനോജ് വധക്കേസ്: ബിജെപി ജയില്‍ മാര്‍ച്ച് താക്കീതായി

Tuesday 15 March 2016 11:03 am IST

പി. ജയരാജന്‍ പ്രതിയായ കതിരൂര്‍ മനോജ് വധക്കേസ് അട്ടിമറിക്കാന്‍ സിപിഎം-കോണ്‍ഗ്രസ്-ഉദ്യോഗസ്ഥ ഗൂഢാലോചനയ്‌ക്കെതിരെ ബിജെപി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് നടത്തിയമാര്‍ച്ച് പാര്‍ട്ടി അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ഉദ്ഘാടനം ചെയ്യുന്നു

കണ്ണൂര്‍: സിപിഎം ക്രിമിനല്‍ സംഘം അരുംകൊല ചെയ്ത ആര്‍എസ്എസ് ജില്ലാ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് കതിരൂര്‍ മനോജ് വധക്കേസ് അട്ടിമറിക്കാനുള്ള സിപിഎം- കോണ്‍ഗ്രസ്സ്-ഉദ്യോഗസ്ഥ ഗൂഢാലോചനക്കെതിരെ ബിജെപി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് നടത്തിയ മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി.

രാവിലെ 10 മണിക്ക് പള്ളിക്കുന്ന് ശ്രീപുരം സ്‌കൂളിന് സമീപത്തുനിന്ന് ആരംഭിച്ച മാര്‍ച്ചില്‍ ആയിരക്കണക്കിന് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ അണിനിരന്നു. പ്രവര്‍ത്തകരെ വന്‍ പോലീസ് സംഘം ഗേറ്റിനുമുന്നില്‍ തടഞ്ഞു. തുടര്‍ന്ന് മുഴുവന്‍ പ്രവര്‍ത്തകരും റോഡില്‍ കുത്തിയിരുന്നു. മാര്‍ച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ഉദ്ഘാടനം ചെയ്തു. കൊലക്കേസില്‍ പ്രതിയായ ജയരാജന്‍ നിയമം തനിക്ക് ബാധകമല്ലെന്ന നിലയിലാണ് പെരുമാറുന്നത്.

അതുകൊണ്ടാണ് ജയില്‍ച്ചട്ടങ്ങള്‍ ലംഘിച്ചുകൊണ്ട് പ്ലക്കാര്‍ഡുയര്‍ത്തി മാധ്യമപ്രവര്‍ത്തകരെ കാണിച്ചത്. ജയരാജന്റെ നിയമവിരുദ്ധപ്രവര്‍ത്തനങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ സിബിഐ തയ്യാറാകണം, കുമ്മനം ആവശ്യപ്പെട്ടു. ആര്‍എസ്എസ് പ്രാന്തീയ കാര്യകാരി സദസ്യന്‍ വല്‍സന്‍ തില്ലങ്കേരി, എന്‍ടിയു സംസ്ഥാന ഉപാധ്യക്ഷന്‍ സി. സദാനന്ദന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ദേശീയ നിര്‍വാഹക സമിതിയംഗങ്ങളായ പി.കെ. വേലായുധന്‍, എ.പി. പത്മിനി ടീച്ചര്‍, ബിജെപി സംസ്ഥാന സമിതിയംഗങ്ങളായ കെ. രഞ്ചിത്ത്, എ. ദാമോദരന്‍, മേഖലാ വൈസ് പ്രസിഡന്റ് എ.പി. ഗംഗാധരന്‍, ആര്‍എസ്എസ് വിഭാഗ് കാര്യവാഹ് വി.ശശിധരന്‍, കെ. സജീവന്‍, സോഹന്‍ലാല്‍ ശര്‍മ്മ, കെ.ബി. പ്രജില്‍, ബിജു ഏളക്കുഴി, ടി. ബിജു, കെ.പി. അരുണ്‍, മഹിളാ മോര്‍ച്ച ജില്ലാ അധ്യക്ഷ സി.പി. സംഗീത, ആനിയമ്മ രാജേന്ദ്രന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ബിജെപി ജില്ലാ അധ്യക്ഷന്‍ പി. സത്യപ്രകാശ് സ്വാഗതവും ജില്ലാ ജനറല്‍ സെക്രട്ടറി കെ.കെ. വിനോദ് കുമാര്‍ നന്ദിയും പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.