നിരോധിത പുകയില ഉത്പ്പന്നങ്ങള്‍ പിടികൂടി

Tuesday 15 March 2016 8:47 pm IST

ഹരിപ്പാട്: മുതുകുളത്തു നിന്ന് പത്ത് ലക്ഷം രൂപക്ക് മുകളില്‍ വിലവരുന്ന നിരോധിത പുകയില ഉത്പ്പന്നം പോലീസ് പിടികൂടി. 40,000 പാക്കറ്റോളം ഹാന്‍സ്, ശംഭു തുടങ്ങിയവയാണ് പോലീസ് പിടിച്ചത്. രണ്ട് പേരെ അറസ്റ്റു ചെയ്തു. മുതുകുളം സ്വദേശി ഹരികുമാര്‍, പുനലൂര്‍ സ്വദേശി പ്രകാശ് എന്നിവരാണ് പിടിയിലായത്. വാഹനത്തില്‍ കൊണ്ടുവന്ന് കൈമാറ്റം ചെയ്യുന്നുവെന്ന രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന. ആന്റി നര്‍ക്കോട്ടിക് വിഭാഗം ഡിവൈഎസ്പി ഡി.മോഹനനാണ് പരിശോധനക്ക് നിര്‍ദ്ദേശം നല്‍കിയത്. കനകക്കുന്ന് എസ്‌ഐ: എസ്. സന്തോഷ്‌കുമാര്‍, ജില്ല പോലീസ് സൂപ്രണ്ടിന്റെ ആന്റി നര്‍ക്കോട്ടിക്ക് സ്‌ക്വാഡ് എഎസ്‌ഐ അലി അക്ബര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. അറസ്റ്റിലായവര്‍ സിഗരറ്റിന്റെയും മിഠായികളുടെയും മറ്റും മൊത്ത വിതരണക്കാരാണ്. ഇതിന്റെ മറവിലാണ് നിരോധിത ഉത്പ്പന്നം കച്ചവടം നടത്തുന്നത്. മുതുകുളം മാമൂട് ജങ്ഷന് സമീപം ഹരികുമാറിന്റെ വിതരണ വാഹനത്തില്‍ സൂക്ഷിച്ചിരുന്ന 6000 പാക്കറ്റാണ് ആദ്യം പിടികൂടുന്നത്. പ്രകാശാണ് പുകയില എത്തിച്ചതെന്ന് മനസ്സിലാക്കിയ പോലീസ് പിന്തുടര്‍ന്നാണ് ഇയാളുടെ മാരുതി ഓമ്‌നി വാനില്‍ ഒളിപ്പിച്ചിരുന്ന 35,000 ത്തോളം പാക്കറ്റ് കണ്ടെടുക്കുന്നത്. സിപിഒ മാരായ അബ്ദുള്‍ വാഹിദ്, അനൂപ്, ശരത്, ഷാഫി, ഹരികൃഷ്ണന്‍ എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു. മുതുകുളം, കനകക്കുന്ന്, ചിങ്ങോലി ഭാഗങ്ങളില്‍ വ്യാപകമായ മയക്കുമരുന്നും പുകയില ഉത്പ്പന്നങ്ങളും വിതരണം ചെയ്യുന്നതിനായി യുവാക്കളുടെ നിരവധി ശ്യംഖലയാണ് പ്രവര്‍ത്തിച്ചുവരുന്നതെന്നും ഇവരെ പിടികൂടുന്നതിന് പോലീസ് ശക്തമായ നടപടി സ്വീകരിക്കണമെന്നും നാട്ടുകാര്‍ പല പ്രാവശ്യം ആവശ്യപ്പെട്ടിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.