പാനൂര്‍: സിപിഎം കേന്ദ്രത്തില്‍ നിന്നും ബോംബും, വാളും പിടികൂടി. സംഘര്‍ഷം നിലനില്‍ക്കുന്ന പൂക്കോം, ചൊക്ലി ഭാഗങ്ങളില്‍ പോലീസ് നടത്തിയ മിന്നല്‍ പരിശോധനയിലാണ് രണ്ടുസ്റ്റീല്ബോംബും ഒരു വാളും കണ്ടെടുത്തത്. പൂക്കോം കാട്ടില്ക്ഷേത്ര ഇടവഴിയില്‍ പ്ലാസ്റ്റിക്ക് ബക്കറ്റില്‍ സൂക്ഷിച്ച നിലയിലായിരുന്നു ബോംബുണ്ടായിരുന്നത്. സമീപത്ത് നിന്നും വാളും പിടികൂടി. കഴിഞ്ഞദിവസം ബിജെപി പ്രവര്‍ത്തകനായ അണിയാരം ഇകെ.ബിജുവിനെ വിദ്യാര്‍ത്ഥികളുടെ മുന്നിലിട്ടു സിപിഎം സംഘം വെട്ടിപരിക്കേല്‍പ്പിച്ചിരുന്നു. നിലവില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന പ്രദേശത്ത് ജില്ലാപോലീസ് മേധാവിയുടെ നിര്‍ദ്ദേശപ്രകാരം പാനൂര്‍ സിഐ വിഎം.വഹാബ്, പാനൂര്‍ പ്രിന്‍സിപ്പല്‍ എസ്ഐ വിവി.രാജീവന്, ബോംബ് സ്ക്വാഡ് എഎസ്ഐ എംസി.ജിയാസ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ എന്‍വി.രാജേഷ്, സിവി.വിനീഷ്, എം.ജനീഷ് എന്നിവരുടെ നേതൃത്വത്തില്‍ ഡോഗ് സ്ക്വാഡിന്റെ സഹായത്തോടെയാണ് റെയ്ഡ് നടന്നത്. ബോംബുകള്‍ പുതുതായി നിര്‍മ്മിച്ചവയാണ്. പാനൂര്‍ പോലീസ്സ്റ്റേഷനിലെത്തിച്ച ബോംബുകള്‍ നിര്‍വീര്യമാക്കി. ഇന്നലെ രാവിലെ 11ന് ആരംഭിച്ച റെയ്ഡ് ഉച്ചവരെ നീണ്ടു. ആയുധങ്ങള്ക്കായുളള പരിശോധന തുടരുമെന്ന് എസ്ഐ വിഎം.രാജീവന് അറിയിച്ചു. സംഭവത്തില്‍ പോലീസ് കേസെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: