കേരളത്തില്‍ നിയമവാഴ്ച ഇല്ലാതായതിന് തെളിവ്: കുമ്മനം

Tuesday 15 March 2016 4:14 pm IST

കോഴിക്കോട്: കേരളത്തില്‍ നിയമ വാഴ്ച ഇല്ലാതായെന്നതിന്റെ വ്യക്തമായ തെളിവാണ് തിരുവനന്തപുരം കാട്ടായിക്കോണത്തെ സിപിഎം അക്രമമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ പ്രസ്താവനയില്‍ പറഞ്ഞു. പോലീസ് നോക്കി നില്‍ക്കെയാണ് സിപിഎം അക്രമിസംഘം ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ വി. മുരളീധരനടക്കമുള്ളവരെ മാരകായുധങ്ങളുമായി അക്രമിച്ചത്. പരിക്കേറ്റ മൂന്നു പേര്‍ ഗുരുതരാവസ്ഥയിലാണ്. അക്രമം നടക്കുമ്പോള്‍ അവിടെയുണ്ടായിരുന്ന പോലീസ് സംഘം സ്ഥലം വിടുകയായിരുന്നു. ഈ ഗുരുതരമായ സാഹചര്യത്തില്‍ സംസ്ഥാനത്തെ ക്രമസമാധാനം നിലനിര്‍ത്താന്‍ കേന്ദ്രം ഇടപെടണം. പാര്‍ട്ടി കേന്ദ്രങ്ങളില്‍ മറ്റു സംഘടനകളുടെ പ്രവര്‍ത്തനം അനുവദിക്കില്ലെന്ന സിപിഎം ധാര്‍ഷ്ട്യമാണ് കാട്ടായിക്കോണത്തും ആവര്‍ത്തിച്ചത്. സിപിഎം കൊലക്കത്തി താഴെവെക്കാന്‍ തയ്യാറില്ലെന്നാണ് കണ്ണൂര്‍ മുതല്‍ തിരുവനന്തപുരം വരെ നടന്നുകൊണ്ടിരിക്കുന്ന അക്രമ സംഭവങ്ങള്‍ തെളിയിക്കുന്നത്. അക്രമത്തിലൂടെ സ്വതന്ത്രമായ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം അട്ടിമറിക്കാമെന്നാണ് സിപിഎം നേതൃത്വം കരുതുന്നത്. വന്‍ ഗൂഢാലോചനയാണ് ഇതിന് പിന്നില്‍ നടക്കുന്നത്. ഏതക്രമത്തിന്റെയും ഒരു ഭാഗത്ത് സിപിഎമ്മാണുള്ളത്. തിരുവനന്തപുരത്തെ പോലീസ് നടപടി സംശയാസ്പദമാണ്. അക്രമികള്‍ക്കനുകൂലമായാണ് പോലീസ് നിലകൊണ്ടത്. ബിജെപിയെ അടിച്ചമര്‍ത്താന്‍ സിപിഎം-കോണ്‍ഗ്രസ് ധാരണയുണ്ടായിരിക്കുന്നു. ബംഗാളിലെ സഖ്യത്തിന്റെ തുടര്‍ച്ചയാണ് ഇവിടെ നടക്കുന്നത്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും സിപിഎം നേതൃത്വവും തമ്മിലുള്ള രഹസ്യ ധാരണയാണ് പി. ജയരാജന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ലഭിക്കുന്ന സുഖവാസം. ഈ അവിശുദ്ധ കൂട്ടുകെട്ടാണ് കേരളത്തില്‍ അക്രമം വര്‍ദ്ധിക്കുന്നതിന് പിന്നില്‍. ഇക്കാര്യങ്ങള്‍ ഗവര്‍ണറുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും കുമ്മനം രാജശേഖരന്‍ വ്യക്തമാക്കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.