സിപിഎമ്മുകാര്‍ ബിഎംഎസ് പ്രവര്‍ത്തകരെ വെട്ടി പരിക്കേല്‍പ്പിച്ചു

Tuesday 15 March 2016 10:16 pm IST

മുണ്ടക്കയം ഈസ്റ്റ്: ഏറെ കാലമായി സംഘര്‍ഷം നിലനില്‍ക്കുന്ന മുപ്പത്തിയഞ്ചാം മൈലില്‍ വീണ്ടും സിപിഎം ഗുണ്ടാ ആക്രമണം. ആഴ്ചകള്‍ക്ക് മുമ്പ് ബിഎംഎസ് പ്രവര്‍ത്തകനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച ബിപിന്‍ ജോയ്, മുറ്റിയാലി എന്നു വിളിക്കുന്ന രാജു എന്നിവര്‍ തിങ്കളാഴ്ച രാവിലെ ബിഎംഎസ് പ്രവര്‍ത്തകനായ ബോയിസ് എസ്‌റ്റേറ്റില്‍ രാജേഷിനെ ആക്രമിച്ചു. തടസം പിടിക്കാന്‍ ചെന്ന ഷിബുവിനെയും മര്‍ദ്ദിച്ചു. അക്രമത്തില്‍സമീപത്തെ ബൈക്ക് ഷോറൂമിന്റെ ഗ്ലാസുകള്‍ തകര്‍ന്നു. ബൈക്കുകള്‍ക്ക് കേടുപാട് സംഭവിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് വ്യാപാരി വ്യവസായികള്‍ വൈകുന്നേരം നടത്തിയ പ്രതിഷേധ പരിപാടിയുടെ മറപറ്റി അക്രമം നടത്തിയത് ബിഎംഎസ് പ്രവര്‍ത്തകരാണെന്ന് വരുത്തി തീര്‍ക്കാന്‍ സിപിഎം ശ്രമം നടത്തി. ബിഎംഎസ് പ്രവര്‍ത്തകരെ സാമൂഹ്യവിരുദ്ധര്‍ എന്ന് മുദ്രകുത്തി അസത്യം പ്രചരിപ്പിച്ച സിപിഎം നേതാക്കള്‍ രാത്രി 8 മണിയോടെ മുപ്പത്തഞ്ചാം മൈലില്‍ എത്തിയ ബിഎംഎസ് പ്രവര്‍ത്തകരെ വളഞ്ഞിട്ട് ആക്രമിച്ചു. പങ്കായവും ഇരുമ്പുവടിയും ഉപയോഗിച്ചായിരുന്നു അക്രമം. അജ്ഞനമറ്റം ഷിബു, രാജേഷ് എന്നിവര്‍ക്ക് അക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റു. ഷിബുവിനെ പോലീസാണ് ആശുപത്രിയില്‍ എത്തിച്ചത്. സംഭവത്തിന് അരമണിക്കൂര്‍ മുമ്പ് സിപിഎം പ്രവര്‍ത്തകര്‍ സംഘടിച്ചെത്തി ഷിബുവിനെ ഇല്ലാതാക്കുമെന്ന് ടൗണില്‍ പരസ്യമായി പറഞ്ഞിരുന്നു. കഴിഞ്ഞ കുറേക്കാലമായി ഈ മേഖലയില്‍ സിപിഎം സംഘര്‍ഷത്തിന് ശ്രമിക്കുകയാണെന്ന് ബിജെപി, ബിഎംഎസ് നേതാക്കള്‍ കുറ്റപ്പെടുത്തി. ഷിബുവിനെ മാരകമായി അക്രമിച്ച സിപിഎം ലോക്കല്‍ സെക്രട്ടറി ആര്‍. ചന്ദ്രബാബു, മകന്‍ അഭിറാം, സുഗണന്‍, സുരേഷ് എന്നിവരെ സംരക്ഷിക്കുന്ന നിലപാടാണ് പോലീസ് സ്വീകരിക്കുന്നതെന്നും ആക്ഷേപം ഉണ്ട്. വ്യാപാരി വ്യവസായികള്‍ പൊതുവായി നടത്തിയ പ്രതിഷേധ പ്രകടനത്തെ രാഷ്ട്രീയമായി ദുരുപയോഗിക്കാനാണ് സിപിഎം പ്രാദേശിക നേതൃത്വം ശ്രമിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.