ഭാര്യയെ മതം മാറ്റിയില്ല; മതകോടതി ബെന്നിയെ ഇന്ന് വിചാരണ ചെയ്യുന്നു

Tuesday 15 March 2016 10:20 pm IST

കൊച്ചി: മതം മാറ്റത്തിനു തയ്യാറാകാത്തതിനെ തുടര്‍ന്ന്, പത്തുവര്‍ഷം മുമ്പത്തെ വിവാഹത്തിന്റെ പേരില്‍, യുവാവിനെതിരെ രൂപതക്കോടതി. ഇരിങ്ങാലക്കുട കത്തോലിക്കാ രൂപതയുടെ കീഴിലുള്ള സ്‌പെഷല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍, ഊരകം സെന്റ് ജോസഫ് പള്ളി ഇടവകാംഗമായ ചിറ്റിലപ്പിള്ളി തൊമ്മാന ബേബിയുടെ മകന്‍ ബെന്നിക്ക് സമന്‍സ് അയച്ചിരിക്കുകയാണ്. ഇന്ന് (മാര്‍ച്ച് 16) വൈകിട്ട് നാലുമണിക്ക് രൂപതാ കേന്ദ്രത്തിലെ എസ്എടിയുടെ മുന്നില്‍ ഹാജരാകണമെന്നാണ് ശാസനം. തിരുസഭാ നിയമങ്ങള്‍ക്ക് വിരുദ്ധമായി രജിസ്റ്റര്‍ വിവാഹം ചെയ്ത് ജീവിക്കുന്നതാണ് വിചാരണയ്ക്ക് കാരണമായി പറയുന്നത്. വിജാതീയ വിവാഹവും മിശ്ര വിവാഹവും പ്രോത്സാഹിപ്പിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ നിയമനിര്‍മ്മാണവും ്രപചാരണവും നടക്കുമ്പോഴാണ് അതിനെതിരായ ഈ മതകോടതി വിചാരണ. കത്തോലിക്കാ സഭ കാരുണ്യവര്‍ഷം ആഘോഷിക്കുന്ന വേളയിലാണീ നടപടിയെന്നതും ശ്രദ്ധേയമാണ്. ബെന്നി ഹിന്ദു യുവതിയെ സ്‌പെഷല്‍ വിവാഹ നിയമപ്രകാരം രജിസ്റ്റര്‍ ചെയ്ത് വിവാഹം കഴിച്ചത് 10 വര്‍ഷം മുമ്പാണ്. ഇവര്‍ക്ക് അഞ്ചും മൂന്നും വയസുള്ള കുട്ടികളുമുണ്ട്. ഇക്കാര്യം പള്ളി വികാരി ഉള്‍പ്പെടെ അധികൃതര്‍ക്കെല്ലാം അറിയാവുന്നതാണ്, ഇടവകയുടെ വിവിധ സംഭാവനകള്‍ പിരിക്കാനും മറ്റുമായി അധികൃതര്‍ ബെന്നിയുടെ വീട് സന്ദര്‍ശിക്കാറുമുണ്ട്. ബെന്നി പള്ളിയില്‍ ആരാധനയ്ക്കു പോകുമെങ്കിലും മക്കളെ ഇതുവരെ മാമോദീസ മുക്കിയിട്ടില്ല. ഭാര്യയോടും മതപരമായ നിര്‍ബന്ധങ്ങള്‍ ഒന്നും കാട്ടിയിട്ടുമില്ല. കഴിഞ്ഞ ദിവസം ഹിന്ദുവായ ഭാര്യയെ മതം മാറ്റണമെന്ന ആവശ്യം പള്ളിയുടെ ഭാഗത്തുനിന്നുണ്ടായെന്നും ബെന്നി അതിനു തയ്യാറായില്ലെന്നും അറിയുന്നു. ഇതെത്തുടര്‍ന്നാണ് മതകോടതി നടപടികള്‍ക്ക് ബെന്നിയെ ഇന്ന് സഭയുടെ സ്‌പെഷല്‍ ട്രിബ്യൂണലിലേക്ക് വിളിപ്പിച്ചിരിക്കുന്നത്. ഇക്കാര്യത്തില്‍ രൂപതാ അധികൃതരും ബെന്നിയുമായി ഫോണ്‍ സംഭാഷണവും തര്‍ക്കവുമുണ്ടായി. അക്കാര്യവും സമന്‍സില്‍ രേഖപ്പെടുത്തിയ വിവരത്തിലുണ്ട്. മതം മാറാത്തതിന്റെ പേരില്‍, പത്തു വര്‍ഷം മുമ്പ് നടത്തിയ വിവാഹത്തെ, തിരുസഭാ നിയമങ്ങള്‍ക്ക് വിരുദ്ധമായി രജിസ്റ്റര്‍ വിവാഹം ചെയ്ത് ജീവിക്കുന്നതായി ഇപ്പോള്‍ അറിഞ്ഞുവെന്ന് പ്രഖ്യാപിച്ചാണ് നടപടിയ്‌ക്കൊരുങ്ങുന്നത്. എന്നാല്‍, സ്‌പെഷല്‍ മാരേജ് ആക്ട് ഏതെങ്കിലും ഒരു മത വിഭാഗത്തിനു മാത്രമുള്ളതല്ലെന്നിരിക്കെ അത് സഭാ നിയമങ്ങള്‍ക്കെതിരാണെന്ന് പ്രഖ്യാപിക്കുന്നതടക്കം ഭരണ-ചട്ട ലംഘനമാണ് ഇരിങ്ങാലക്കുട അതിരൂപത നടത്തിയിരിക്കുന്നതെന്ന് ആക്ഷേപമുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.