എന്‍ഡിഎ സഖ്യം: ഘടകകക്ഷികളുമായി ചര്‍ച്ച പൂര്‍ത്തിയാക്കി അന്തിമ ലിസ്റ്റ് തയ്യാറാക്കും- കുമ്മനം

Wednesday 16 March 2016 12:11 pm IST

കോഴിക്കോട്: ബിജെപിയുമായി സഹകരിക്കുന്ന മുഴുവന്‍ ഘടകകക്ഷികളുമായുള്ള ചര്‍ച്ച പൂര്‍ത്തിയാക്കിയതിനുശേഷം അന്തിമ പട്ടിക തയ്യാറാക്കുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ പറഞ്ഞു. ബിഡിജെഎസ്സുമായി നടത്തിയ രണ്ടാം ഘട്ട ചര്‍ച്ചയ്ക്ക് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയമസഭാ തെരഞ്ഞെടുപ്പില്‍ വിവിധഘടകകക്ഷികളെ ചേര്‍ത്തുകൊണ്ട് ദേശീയ ജനാധിപത്യ സഖ്യം (എന്‍ഡിഎ) എന്ന നിലയിലാണ് മത്സരിക്കുക. ഏതാനും ദിവസങ്ങള്‍ക്കകം ചര്‍ച്ച പൂര്‍ത്തീകരിക്കും. കേരള കോണ്‍ഗ്രസ്, പി.സി. തോമസ് വിഭാഗം , ലോകജനശക്തി പാര്‍ട്ടി, കേരള വികാസ് കോണ്‍ഗ്രസ്, നാഷണലിസ്റ്റ് കേരള കോണ്‍ഗ്രസ്സ് എന്നീ പാര്‍ട്ടികളുമായി വിശദമായി ചര്‍ച്ചകള്‍ നടത്തും. കൂട്ടായ ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ സീറ്റ് വിഭജനം പൂര്‍ത്തിയാക്കും. മുന്നണി സംവിധാനം ബിജെപിയെ സംബന്ധിച്ച് കേരളത്തില്‍ ആദ്യാനുഭവമാണ്. എന്നാല്‍ ആരോഗ്യകരമായ രീതിയില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ഏതെങ്കിലും സീറ്റുകളെ ചൊല്ലി ഘടകകക്ഷികള്‍ തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്നില്ല. ഇരുപത്തിരണ്ട് സീറ്റുകളിലെ ബിജെപിയുടെ ആദ്യ ലിസ്റ്റ് സാദ്ധ്യതാ പട്ടികയാണ്. ഏതെങ്കിലും സീറ്റിനെചൊല്ലി പാര്‍ട്ടിക്ക് കടുംപിടുത്തമില്ല - അദ്ദേഹം പറഞ്ഞു. ബിഡിജെഎസ്സ് എഴുപത് സീറ്റുകള്‍ ആവശ്യപ്പെട്ടുവെന്നത് മാധ്യമസൃഷ്ടിയാണെന്ന് പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. തങ്ങളുടേത് പുതിയ പാര്‍ട്ടിയാണ്. മത്സരിക്കാന്‍ കുറേയധികം സീറ്റുകള്‍ നേടുകയല്ല. പകരം വിജയിക്കുകയാണ് ലക്ഷ്യം. ജയസാദ്ധ്യതയുള്ള മണ്ഡലങ്ങളെ സംബന്ധിച്ച് മറ്റ് ഘടകകക്ഷികളുടെ അഭിപ്രായങ്ങള്‍ കൂടി ആരാഞ്ഞശേഷം അന്തിമ തീരുമാനത്തില്‍ എത്തുമെന്ന് അദ്ദേഹം പറഞ്ഞു. ബിജെപി ദേശീയ നിര്‍വ്വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ്, സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ്, ബിഡിജെഎസ്സ് സംസ്ഥാന ഉപാദ്ധ്യക്ഷന്‍ മഞ്ചേരി ഭാസ്‌കരപിള്ള, ജനറല്‍ സെക്രട്ടറിമാരായ ടി.വി. ബാബു, സുഭാഷ് വാസു എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. കേരള കോണ്‍ഗ്രസ്സ് പി.സി. തോമസ് വിഭാഗവുമായുള്ള ചര്‍ച്ചയും ഇന്നലെ കോഴിക്കോട്ട് നടന്നു. പി.സി. തോമസ്, രാജന്‍ കണ്ണങ്കാട് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. മറ്റുസംഘടനകളുമായുള്ള ചര്‍ച്ച ഉടനെ പൂര്‍ത്തിയാക്കുമെന്ന് കുമ്മനംരാജശേഖരന്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.