സിപിഎം ഗുണ്ടകളുടെ അഴിഞ്ഞാട്ടത്തില്‍ കാട്ടായിക്കോണം നടുങ്ങി

Tuesday 15 March 2016 10:28 pm IST

തിരുവനന്തപുരം: സിപിഎം ഗുണ്ടാ ആക്രമണത്തില്‍ ഞെട്ടിത്തരിച്ച് നില്‍ക്കുകയാണ് കാട്ടായിക്കോണം പ്രദേശം. അഴിഞ്ഞാടിയ സിപിഎം സംഘത്തിന്റെ അക്രമത്തില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ആര്‍എസ്എസ് താലൂക്ക് പ്രചാരക് അമല്‍ കൃഷ്ണയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയാണ്. പോലീസിന്റെ മുന്നിലിട്ടാണ് ഒരുസംഘം ക്രിമിനലുകള്‍ അമല്‍ കൃഷ്ണയെ ഇരുമ്പുവടിയും മാരകായുധങ്ങളും ഉപയോഗിച്ച് ആക്രമിച്ചത്. തടയാന്‍ ചെന്ന ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരെയും ക്രൂരമായി മര്‍ദ്ദിച്ചു. ടിപ്പര്‍ ലോറിയിലാണ് എറിയാനുള്ള കല്ലും മാരകായുധങ്ങളും സൂക്ഷിച്ചിരുന്നത്. അക്രമം നടത്തണമെന്ന ലക്ഷ്യത്തോടെ ആസൂത്രിതമായി സിപിഎം ക്രിമിനലുകള്‍ കാട്ടായിക്കോണത്ത് ബിജെപി പ്രകടനം വരുന്നതും കാത്ത് സംഘടിച്ച് നില്‍ക്കുകയായിരുന്നു. കൗണ്‍സിലര്‍ പ്രദീപ് അടക്കമുള്ളവര്‍ക്ക് കല്ലേറില്‍ പരിക്കേറ്റു. പോലീസാകട്ടെ സിപിഎം ഗുണ്ടകളുടെ അഴിഞ്ഞാട്ടം കയ്യുംകെട്ടി നോക്കിനില്‍ക്കുകയായിരുന്നു. അക്രമം നടക്കുന്നതറിഞ്ഞ് സ്ഥലത്തെത്തിയ വി. മുരളീധരന്‍ അടക്കമുള്ള മുതിര്‍ന്ന നേതാക്കളെ സിപിഎം ഗുണ്ടകള്‍ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. പരിക്കേറ്റ ബിജെപി മുന്‍സംസ്ഥാനപ്രസിഡന്റ് വി. മുരളീധരന്‍, അമല്‍ കൃഷ്ണ (26),അര്‍ജുന്‍ ഗോപാല്‍, സംസ്ഥാന കൗണ്‍സിലംഗം പോങ്ങുംമൂട് വിക്രമന്‍ (46), ഉള്ളൂര്‍ ശ്യാം (20), പ്രശാന്ത് (32), ശ്രീജിത്ത് (20), അരുണ്‍ (21), സതീശന്‍ (45), അനീഷ് (21), കാട്ടായിക്കോണം രതീഷ് (36), ശിവപ്രസാദ് (28), റെജി (38), അനില്‍കുമാര്‍ (45), വിനയന്‍ (36), ഷിബു (29) എന്നിവരെയാണ് ആദ്യം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. തലയ്ക്ക് ഗുരുതരമായി മുറിവേറ്റ അമല്‍ കൃഷ്ണ, അര്‍ജുന്‍ ഗോപാല്‍ പോങ്ങുംമൂട് വിക്രമന്‍ എന്നിവരെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. അമലിന്റെയും അര്‍ജുന്റെയും വിവരം തിരക്കാന്‍ സ്വകാര്യ ആശുപത്രിയിലെത്തിയ വി. മുരളീധരനെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അവിടെ പ്രവേശിപ്പിച്ചു. ബിജെപി മേഖലാ വൈസ് പ്രസിഡന്റ് ചെമ്പഴന്തി ഉദയന്‍, ആര്‍എസ്എസ് വിഭാഗ് വ്യവസ്ഥാ പ്രമുഖ് രവികുമാര്‍ ഉള്‍പ്പടെ 30 പേര്‍ക്ക് പരിക്കേറ്റു. സ്ഥലത്ത് പോലീസ് ഉണ്ടായിരുന്നുവെങ്കിലും അക്രമികളെ സഹായിക്കുന്ന നിലപാടാണ് സ്വീകരിച്ചത്. ആയുധവുമായെത്തിയ സിപിഎം അക്രമികളെ കണ്ട് ഒരുവേള പോലീസ് വിരണ്ടോടുകയും ചെയ്തു. പിന്‍വാതിലില്‍ കൂടി തിരുവനന്തപുരം മാസ്റ്റര്‍പ്ലാന്‍ നടപ്പാക്കാനുളള നീക്കത്തിനെതിരെ ബിജെപി നടത്തിയ പ്രകടനത്തില്‍ നടത്തിയ സിപിഎം ആസൂത്രിതമായി അക്രമം അഴിച്ചുവിടുകയായിരുന്നു. ജില്ലാസെക്രട്ടറി കടകംപള്ളി സുരേന്ദ്രന്‍ നേരിട്ടാണ് ആക്രമണ പദ്ധതി തയ്യാറാക്കിയത്. ബിജെപി പ്രതിഷേധപരിപാടി പ്രഖ്യാപിച്ചപ്പോള്‍ തന്നെ ആക്രമിക്കാനുള്ള തീരുമാനം സിപിഎം എടുത്തു. വിവിധ സ്ഥലങ്ങളില്‍നിന്ന് ഗുണ്ടകളെ ഇതിനായി ആയുധങ്ങളുമായി എത്തിക്കുകയും ചെയ്തു. മാസ്റ്റര്‍ പ്ലാനില്‍ ഉള്‍പ്പെടുത്തി കാട്ടായിക്കോണം, ആറ്റിപ്ര ഭാഗങ്ങളിലെ 360 ഏക്കര്‍ സ്ഥലം ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ വര്‍ഷങ്ങളായി സമരം നടന്നു വരികയാണ്. പ്രതിഷേധത്തെ തുടര്‍ന്ന് പദ്ധതി ഉപേക്ഷിച്ചതായി സര്‍ക്കാര്‍ അറിയിച്ചിരുന്നു. പകരം വേറൊരു പ്ലാന്‍ തയ്യാറാക്കാന്‍ നഗരസഭയ്ക്കും നഗരാസൂത്രണ വകുപ്പിനും നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. എന്നാല്‍ അവസാന മന്ത്രിസഭായോഗം പഴയ പ്ലാന്‍ തന്നെ നടപ്പാക്കാന്‍ തീരുമാനമെടുത്തു. ഇതിനെതിരെയാണ് ബിജെപി ശക്തമായി രംഗത്തുവന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.