പിണറായിയുടെ നുണ പ്രചരണം; നിലനില്‍പ്പിന് വേണ്ടിയുള്ള പതിനെട്ടാമത്തെ അടവ്

Wednesday 16 March 2016 12:38 pm IST

ബിജെപിയുടെ വര്‍ദ്ധിച്ചു വരുന്ന ജനപിന്തുണയില്‍ വിറളി പിടിച്ചിട്ടാവണം പിണറായി വിജയന്‍ കല്ലുവച്ച നുണകള്‍ മാത്രം സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കുന്നത്. സംവരണം പുനപരിശോധിക്കാന്‍ ആര്‍എസ്എസ് അഖിലഭാരതീയ പ്രതിനിധി സഭ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു എന്ന പുതിയ നുണയുമായാണ് ഇത്തവണ ഇറങ്ങിയിരിക്കുന്നത്. സിപിഎമ്മിന്റെ ദേശീയ പാര്‍ട്ടി എന്നുള്ള പദവി പോലും ഈ തിരഞ്ഞെടുപ്പിന് ശേഷം ഉണ്ടാകുമോ എന്ന് യാതൊരു ഉറപ്പുമില്ല. വര്‍ഷങ്ങളായി കോണ്‍ഗ്രസ്സുമായി നടത്തിവന്ന രഹസ്യ ബാന്ധവം പരസ്യമായി തുടരേണ്ട ഗതികേടിലാണ് പിണറായിയുടെ പാര്‍ട്ടി. സ്വന്തം പാര്‍ട്ടിയുടെ ഈ ദുരവസ്ഥയില്‍ നിന്നും, കേരളത്തില്‍ തുടര്‍ച്ചയായി സിപിഎം നടത്തി വരുന്ന ദളിത് പീഡനങ്ങളില്‍ നിന്നും ശ്രദ്ധമാറ്റാനുള്ള ശ്രമം ആണ് ഇത്തരം കള്ള പ്രചാരണങ്ങള്‍. സ്റ്റാലിന്റെയോ ലെനിന്റെയോ കാലത്തെ കമ്മ്യൂണിസ്റ്റ് കള്ളപ്രചാരണ മാര്‍ഗങ്ങള്‍ തന്നെ പിണറായി വിജയന്‍ സ്വീകരിക്കുന്നത് തികച്ചും യാദൃച്ഛികം എന്ന് കരുതി തള്ളിക്കളയാന്‍ സാധിക്കില്ല. കഴിഞ്ഞ ദിവസം രാജസ്ഥാനിലെ നാഗോരില്‍ ആര്‍എസ്എസ് അഖില ഭാരതീയ പ്രതിനിധി സഭയുടെ ഭാഗമായി നടന്ന പത്ര സമ്മേളനത്തില്‍ സര്‍കാര്യവാഹ് ശ്രീ ഭയ്യാജി ജോഷി നടത്തിയ പരാമര്‍ശങ്ങളെ തങ്ങളുടെ കള്ളം എങ്ങനെയും സ്ഥാപിച്ചെടുക്കുക എന്ന കുടില ബുദ്ധിയോടെ വക്രീകരിച്ചു കാട്ടുകയാണ് വിജയനും ഗീബല്‍സിയന്‍ മുറകള്‍ ഒരു ജീവിതശൈലി രോഗം പോലെ പിടിപെട്ട അദ്ദേഹത്തിന്റെ പാര്‍ട്ടി പത്രവും ചെയ്തിരിക്കുന്നത്. പ്രസ്തുത വാര്‍ത്താസമ്മേളനത്തില്‍ അടുത്തിടെ ഹരിയാനയില്‍ സംവരണ വിഷയവുമായി ബന്ധപ്പെട്ടു നടന്ന കലാപങ്ങളെ ചൂണ്ടികാണിച്ചു കൊണ്ട് ചില പത്രപ്രവര്‍ത്തകര്‍ ചോദ്യങ്ങള്‍ ഉയര്‍ത്തുകയുണ്ടായി. അതിനു മറുപടിയായി ഭയ്യാജി പറഞ്ഞത് മാനനീയ ഡോ. ബി ആര്‍ അംബേദ്കര്‍ കൊണ്ടുവന്ന സംവരണ നീതി ഉചിതവും, പിന്നോക്ക വിഭാഗങ്ങളെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയര്‍ത്തുക എന്ന ഉദ്ദേശത്തോട് കൂടിയുള്ളതുമായിരുന്നു. വിപ്ലവകരമായ ആ സംവരണ നയങ്ങള്‍ പീഡിതജനവിഭാഗത്തിന്റെ വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തുവാനും സഹായിച്ചു. പിന്നോക്കക്കാരുടെ ഉന്നമനത്തിനായി വിഭാവനം ചെയ്ത സംവരണം സമ്പന്നര്‍ ആവശ്യപ്പെടുന്നതിലെ അധാര്‍മ്മികത ചൂണ്ടികാണിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞത് സമ്പന്നര്‍ (പരപ്രേരണ കൂടാതെ തന്നെ) ദുര്‍ബലര്‍ക്കായി തങ്ങളുടെ അധികാരം ഒഴിഞ്ഞു കൊടുക്കുകയാണ് വേണ്ടത് എന്നാണ്.സംവരണത്തിന്റെ ആനുകൂല്യങ്ങള്‍ അവ ലഭിക്കാന്‍ അര്‍ഹരായവര്‍ക്ക് ലഭിക്കുന്നുണ്ടോ എന്നറിയാന്‍ വിശദമായ ഒരു ശാസ്ത്രീയ പഠനം നടത്തേണ്ടതുണ്ട് എന്നും അദ്ദേഹം പറഞ്ഞു. സംവരണ വിഷയത്തില്‍ ആര്‍ എസ്സ് എസ്സിന്റെ നിലപാട് വര്‍ഷങ്ങള്‍ക്കു മുന്‍പേ വ്യക്തമാക്കിയിട്ടുള്ളതാണ്.1981 ഇല്‍ നടന്ന ആര്‍ എസ്സ് എസ്സ് അഖില ഭാരതിയ പ്രതിനിധിസഭയില്‍ ഈ വിഷയത്തിന്‍മേല്‍ പ്രമേയം പാസ്സാക്കിയിട്ടുള്ളതുമാണ്. സാമൂഹിക അസമത്വം സമാജത്തില്‍ നിലനില്‍ക്കുന്നിടത്തോളം കാലം ഭരണഘടനപ്രകാരം നിലവിലുള്ള സംവരണം തുടരണമെന്നായിരുന്നു ആ പ്രമേയം. വിജയന്റെ വെപ്രാളത്തിന്റെ കാരണം അദ്ദേഹത്തിന്റെ പോസ്റ്റില്‍ നിന്ന് തന്നെ വ്യക്തമാണ്. ഇടതിന്റെയും കോണ്‍ഗ്രസ്സിന്റെയും കപട ദളിത് സ്‌നേഹവും ഇരട്ടത്താപ്പും തിരിച്ചറിഞ്ഞു കേരളത്തിലെ പിന്നോക്ക വിഭാഗങ്ങള്‍ ബിജെപിയിലേക്ക് നീങ്ങുന്നതിന്റെ ആധി ആണ് അദേഹത്തിന്. കാല്‍ച്ചുവട്ടിലെ മണ്ണ് ഒലിച്ചു പോവുന്നത് തടയാനുള്ള പതിനെട്ടാമത്തെ അടവാണ് ഈ നുണപറച്ചില്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.