കര്‍ഷകവിലാപം ഒഴിയാതെ കുട്ടനാട്

Wednesday 16 March 2016 8:45 pm IST

ആലപ്പുഴ: കര്‍ഷകരുടെയും കര്‍ഷക തൊഴിലാളികളുടെയും കണ്ണീരുണങ്ങാത്ത കുട്ടനാട് മണ്ഡലത്തില്‍ ഇത്തവണത്തെ വിധിയെഴുത്തിലും നിര്‍ണായകമാകുക കാര്‍ഷിക മേഖലയിലെ പ്രശ്‌നങ്ങള്‍ തന്നെയായിരിക്കും. ഇടതും വലതും കൂട്ടനാടിനെ പ്രതിനിധീകരിച്ചിട്ടുണ്ടെങ്കിലും ക്രൈസ്തവ സഭയായിരുന്നു എന്നും സ്ഥാനാര്‍ത്ഥി നിര്‍ണയം മുതല്‍ വിജയികളെ വരെ നിശ്ചയിച്ചിരുന്നത്. ഇക്കുറിയും അതിനുള്ള ശ്രമങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. 1840 കോടിയുടെ കുട്ടനാട് പാക്കേജ് ഇടതു- വലതു മുന്നണി സര്‍ക്കാരുകള്‍ അട്ടിമറിച്ചതും, ആര്‍ ബ്‌ളോക്കിലെ കര്‍ഷകരുടെ ഭൂമി തട്ടിയെടുത്ത സിപിഎം നേതാക്കളെ സംരക്ഷിക്കുന്ന കോണ്‍ഗ്രസ് ഒത്തുകളിയും, കര്‍ഷകര്‍ അനുഭവിക്കുന്ന കടുത്ത അവഗണനയും ജനങ്ങളുടെ വിധിയെഴുത്തിനെ സ്വാധീനിക്കുമെന്ന് ഉറപ്പ്. കഴിഞ്ഞ കാലയളവുകളില്‍ നേട്ടങ്ങളെക്കാളേറെ കോട്ടങ്ങളാണ് കുട്ടനാടിന് അനുഭവിക്കേണ്ടി വന്നിട്ടുള്ളത്. വികസനമെന്ന പേരില്‍ നടപ്പാക്കിയ പദ്ധതികളേറെയും കുട്ടനാടിന്റെ പരിസ്ഥിതിയെ തകര്‍ത്തു. നിലങ്ങള്‍ വ്യാപകമായി നികത്തി കഴിഞ്ഞു. ഒരിറ്റു ശുദ്ധജലത്തിനായി കേഴുന്ന ജനങ്ങളുടെ വിലാപം കേള്‍ക്കാന്‍ ജനപ്രതിനിധികള്‍ക്ക് കഴിഞ്ഞില്ല. അടിസ്ഥാന ജനവിഭാഗങ്ങള്‍ക്ക് നിര്‍ണായക സ്വാധീനമുള്ള കുട്ടനാട്ടില്‍ ഇക്കുറി ഇരുമുന്നണികളും ഭയക്കുന്നത് ബിജെപി- ബിഡിജെസ് കൂട്ടുകെട്ടിനെയാണ്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപി സഖ്യം ഇരുപതിനായാരത്തിലേറെ വോട്ടുകള്‍ നേടി എതിര്‍ രാഷ്ട്രീയ കേന്ദ്രങ്ങളെ ഞെട്ടിച്ചിരുന്നു. 1965ലാണ് കുട്ടനാട് മണ്ഡലം രൂപീകരിക്കുന്നത്. ആദ്യ തെരഞ്ഞെടുപ്പില്‍ കേരളാ കോണ്‍ഗ്രസിലെ തോമസ് ജോണ്‍ കോണ്‍ഗ്രസിലെ വി.ഇസഡ്. ജോബിനെ പരാജയപ്പെടുത്തി ആദ്യവിജയം നേടി. 67ല്‍ ആര്‍എസ്പിയിലെ കെ. കെ. കുമാരപിള്ളയിലൂടെ ഇടതു മുന്നണി മണ്ഡലം പിടിച്ചെടുത്തു. 70ല്‍ എസ്എസ്പിയിലെ തലവടി ഉമ്മനിലൂടെ ഇടതു പക്ഷം മണ്ഡലം നിലനിര്‍ത്തി. 1977ല്‍ കേരളാ കോണ്‍ഗ്രസിലെ ഈപ്പന്‍ കണ്ടക്കുടി സിപിഎമ്മിലെ കെ. പി. ജോസഫിനെ പരാജയപ്പെടുത്തി. 80ലും യുഡിഎഫ് മണ്ഡലം നിലനിര്‍ത്തി. 1982ല്‍ കേരളാ കോണ്‍ഗ്രസിലെ ഡോ. കെ.സി. ജോസഫ് തന്റെ ജൈത്രയാത്ര തുടങ്ങി. തുടര്‍ന്നിങ്ങോട്ട് തുടര്‍ച്ചയായി അഞ്ചുതവണ അദ്ദേഹം വിജയിച്ചു. ഇതില്‍ രണ്ടു തവണ യുഡിഎഫിന്റെ ഭാഗമായും, മൂന്നു തവണ എല്‍ഡിഎഫിന്റെ ഭാഗമായും ആണ് അദ്ദേഹം മണ്ഡലത്തെ പ്രതിനിധീകരിച്ചത്. എന്നാല്‍ 2006ലും, 2011ലും ഡോ. കെ.സി. ജോസഫ്, തോമസ് ചാണ്ടിയോട് പരാജയപ്പെട്ടു. ഇത്തവണയും എന്‍സിപി സ്ഥാനാര്‍ത്ഥിയായി തോമസ് ചാണ്ടി സ്വയം സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചു കഴിഞ്ഞു. മാത്രമല്ല അടുത്ത സര്‍ക്കാരില്‍ ജലവിഭവ വകുപ്പ് മന്ത്രിയാകുമെന്നും അദ്ദേഹം പ്രഖ്യാപനം നടത്തി. സിപിഎമ്മിനെ പോലും വെട്ടിലാക്കുന്നതായിരുന്നു ചാണ്ടിയുടെ വീരവാദങ്ങള്‍. വര്‍ഷത്തില്‍ ആറു മാസം പോലും മണ്ഡലത്തില്‍ ഇല്ലാത്ത തോമസ് ചാണ്ടിക്കെതിരെ ജനവികാരം ശക്തമാണ്. യുഡിഎഫാകട്ടെ കേരളാ കോണ്‍ഗ്രസ് മാണി വിഭാഗത്തിലെ പിളര്‍പ്പില്‍ പകച്ചു നില്‍ക്കുകയാണ്. ഈ സാഹചര്യത്തില്‍ എന്‍ഡിഎയുടെ മുന്നേറ്റം ഇവിടെ ഉറപ്പായി കഴിഞ്ഞു. 2011ലെ തെരഞ്ഞെടുപ്പില്‍ എന്‍സിപിയിലെ തോമസ് ചാണ്ടിക്ക് 60,010 വോട്ടുകളും, കേരളാ കോണ്‍ഗ്രസിലെ 52,039 വോട്ടുകളുമാണ് ലഭിച്ചത്. ബിജെപിയുടെ കെ. സോമന് 4,395 വോട്ടുകളാണ് ലഭിച്ചത്. 7,971 വോട്ടുകള്‍ക്കായിരുന്നു തോമസ് ചാണ്ടിയുടെ വിജയം. എന്നാല്‍ കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ഇവിടെ 8,739 വോട്ടുകള്‍ ലഭിച്ചിരുന്നു. നീലംപേരൂര്‍, കാവാലം, വെളിയനാട്, പുളിങ്കുന്ന്, രാമങ്കരി, മുട്ടാര്‍, തലവടി, എടത്വാ, വീയപുരം, തകഴി, ചമ്പക്കുളം, നെടുമുടി, കൈനകരി എന്നീ പതിമൂന്ന് പഞ്ചായത്തുകളാണ് കുട്ടനാട് നിയോജക മണ്ഡലത്തിലുള്ളത്. ഇതില്‍ ഏഴെണ്ണം എല്‍ഡിഎഫും, ആറെണ്ണം യൂഡിഎഫുമാണ് ഭരിക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.