കോഴിക്കോട്: ഇന്നലെ നടന്ന പ്ലസ് ടു പൊളിറ്റിക്കല്‍ സയന്‍സ് പരീക്ഷയിലെ ഏഴാമത്തെ ചോദ്യം ദുരുദ്ദേശപരവും രാഷ്ട്രീയ പ്രേരിതവുമാണെന്ന് ബിജെപി സംസ്ഥാന ജന. സെക്രട്ടറി കെ. സുരേന്ദ്രന് പറഞ്ഞു. ഇത് പ്രധാനമന്ത്രിയെ മനഃപൂര്‍വ്വം അവഹേളിക്കാന്‍ ലക്ഷ്യം വെച്ചുള്ളതാണ്.
വിദ്യാഭ്യാസ രംഗത്ത് സിലബസ്സില്‍ മാത്രമല്ല പരീക്ഷയില്‍ പോലും രാഷ്ട്രീയ വിദ്വേഷം കലര്‍ത്തുകയാണ് ഇതിലൂടെ സര്‍ക്കാര്‍ ചെയ്തിരിക്കുന്നത്. ഇതിനെക്കുറിച്ച് സമഗ്രമായി അന്വേഷിക്കണം. തെരഞ്ഞെടുപ്പ് അടുത്തുവന്ന സാഹചര്യത്തില്‍ പ്ലസ് ടു വിദ്യാര്‍ത്ഥികളില്‍ ആശയക്കുഴപ്പമുണ്ടാക്കാന്‍ ഉള്ള ശ്രമം ഇതിലുണ്ട്. ഇത് കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തും.
കാശ്മീരിനെക്കുറിച്ചും തെറ്റിദ്ധാരണ പരത്തുന്ന ഗുരുതരമായ പരാമര്‍ശമാണ് ചോദ്യപേപ്പറില്‍ കടന്നുകൂടിയിരിക്കുന്നത്. ഇന്ത്യയുടെ കാശ്മീര്‍ നയത്തില്‍ നിന്നുള്ള വ്യതിചലനമാണ് ചോദ്യപേപ്പറില്‍ നിഴലിക്കുന്നത്. സുരേന്ദ്രന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: