പത്താന്‍കോട് അടക്കം സംസാരിക്കും: സര്‍താജ് അസീസ്

Wednesday 16 March 2016 10:41 pm IST

കാഠ്മണ്ഡു: സാര്‍ക്ക് യോഗത്തില്‍ പങ്കെടുക്കാന്‍ നേപ്പാളിലെത്തുമ്പോള്‍ പത്താന്‍കോട് ഭീകരാക്രമണമടക്കം എല്ലാ വിഷയങ്ങളും വിദേശകാര്യമന്ത്രി സുഷമ സ്വരാജുമായി സംസാരിക്കാന്‍ തയാറെന്ന് പാക്കിസ്ഥാന്‍ പ്രധാനമന്ത്രിയുടെ വിദേശകാര്യ ഉപദേഷ്ടാവ് സര്‍താജ് അസീസ്. പത്താന്‍കോട് ആക്രമണവുമായി ബന്ധപ്പെട്ട് പാക്കിസ്ഥാന്റെ പ്രത്യേകാന്വേഷണ സംഘം ഭാരതം സന്ദര്‍ശിക്കുമെന്നാണ് പ്രതീക്ഷയെന്നും അസീസ് പറഞ്ഞു. ഇന്നാരംഭിക്കുന്ന സാര്‍ക്ക് മന്ത്രിതല സമ്മേളനത്തിനിടെയാണ് സുഷമയും അസീസും ചര്‍ച്ച നടത്തുന്നത്. ഭാരത വിദേശമന്ത്രിയുമായുള്ള കൂടിക്കാഴ്ചയുടെ പ്രധാന ഉദ്ദേശ്യം എല്ലാ വിഷയങ്ങളും സംസാരിക്കുകയെന്നതു തന്നെയെന്നും അസീസ് പറഞ്ഞു. ശുഭപ്രതീക്ഷയോടെയാണ് മുന്നോട്ടുപോകുന്നത്. കൂടിക്കാഴ്ചയ്ക്കു ശേഷം എല്ലാം വ്യക്തമാക്കാം- അസീസ് വ്യക്തമാക്കി. കഴിഞ്ഞ ഡിസംബറില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അപ്രതീക്ഷിതമായി പാക്കിസ്ഥാനിലെത്തി പ്രധാനമന്ത്രി നവാസ് ഷെരീഫുമായി ചര്‍ച്ച നടത്തിയ ശേഷം ആദ്യമായാണ് ഇരു രാജ്യങ്ങളിലെയും പ്രമുഖ നേതാക്കള്‍ മുഖാമുഖമെത്തുന്നത്. സാര്‍ക്ക് യോഗത്തില്‍ പങ്കെടുക്കാന്‍ ഭാരത വിദേശകാര്യ സെക്രട്ടറി എസ്. ജയശങ്കറും പാക്കിസ്ഥാന്‍ വിദേശകാര്യ സെക്രട്ടറി ഐസാസ് അഹമ്മദ് ചൗധരിയും നേപ്പാളിലുണ്ടെങ്കിലും ഔപചാരിക ചര്‍ച്ചയ്ക്ക് സാധ്യതയില്ല. എന്നാല്‍, അനൗദ്യോഗികമായി ഇരുവരും കണ്ടേക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.