പോരാട്ടത്തിന് വിഎസ് പക്ഷം; സിപിഎമ്മില്‍ പോസ്റ്റര്‍ യുദ്ധം

Thursday 17 March 2016 8:19 pm IST

ആലപ്പുഴ: സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ വെട്ടിനിരത്തപ്പെട്ട വിഎസ് പക്ഷം രണ്ടും കല്‍പ്പിച്ച് പോരാട്ടത്തിന്. സിറ്റിങ്ങ് എംഎല്‍എയും കടുത്ത വിഎസ് പക്ഷക്കാരനുമായ സി.കെ.സദാശിവന് സീറ്റ് നിഷേധിച്ചതിനെതിരെ കായംകുളത്ത് വിഎസ് പക്ഷം വ്യാപകമായി പോസ്റ്റര്‍ പ്രചരണം നടത്തി. ഔദ്യോഗിക പക്ഷത്തെ പ്രമുഖനായ ജി. സുധാകരന്‍ എംഎല്‍എയ്‌ക്കെതിരെയാണ് പോസ്റ്ററുകളില്‍ വിമര്‍ശനങ്ങളിലേറെയും. സദാശിവനെ ഒഴിവാക്കി ഭരണിക്കാവ് ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റായ രജനി ജയദേവനെയാണ് ജില്ലാ സെക്രട്ടറിയേറ്റ് ഇവിടെ സ്ഥാനാര്‍ത്ഥിയായി നാമനിര്‍ദ്ദേശം ചെയ്തിട്ടുള്ളത്. ഇതിനെതിരെ വ്യാപക പ്രതിഷേധം പാര്‍ട്ടിക്കുള്ളില്‍ തന്നെ ഉയര്‍ന്ന സാഹചര്യത്തില്‍ ജില്ലാസെക്രട്ടറിയേറ്റിന്റെ തീരുമാനം പുനപരിശോധിക്കാന്‍ സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് വിഎസ് പക്ഷത്തിന് പുത്തന്‍ ഉണര്‍വ് പകര്‍ന്നു. അവസരം മുതലെടുത്ത് ജി. സുധാകരനെതിരെ പരമാവധി പ്രചരണം നടത്തുകയാണ് വിഎസ് പക്ഷത്തിന്റെ ശ്രമം. അതില്‍ ഒരു പരിധി വരെ അവര്‍ വിജയിക്കുകയും ചെയ്തു. കോണ്‍ഗ്രസിനെ പോലും പരാജയപ്പെടുത്തുന്ന തമ്മിലടിയും പരസ്യപ്രതികരണവുമാണ് സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ ചൊല്ലി സിപിഎമ്മില്‍ നടക്കുന്നത്. ഈ സാഹചര്യത്തില്‍ അച്യുതാനന്ദന്റെ സ്വന്തം നാടായ അമ്പലപ്പുഴ നിയോജക മണ്ഡലത്തില്‍ വിഎസ് പക്ഷം ഇത്തവണ സുധാകരനെതിരെ നിലപാട് സ്വീകരിക്കുമെന്നാണ് വിവരം. മുന്‍ തെരഞ്ഞെടുപ്പുകളില്‍ സദാശിവനും, സുധാകരനും മത്സര രംഗത്തുണ്ടായിരുന്നതിനാല്‍ പരസ്പരം കാലുവാരല്‍ ഉണ്ടായിരുന്നില്ല, ഇത്തവണ പക്ഷെ കഥമാറും. വിഎസ് പക്ഷത്തെ തന്നെ മറ്റൊരു പ്രമുഖ നേതാവായ സി. എസ്. സുജാതയെ ഒഴിവാക്കിയതും പാര്‍ട്ടിയിലെ വിഭാഗീയത ശക്തമാക്കിയിട്ടുണ്ട്. ഇരുവര്‍ക്കും സീറ്റ് നിഷേധിച്ചതിനെതിരെ ഔദ്യോഗിക പക്ഷത്തില്‍ പോലും ഭിന്നതയ്ക്കിടയാക്കിയിട്ടുണ്ട്. മുകളില്‍ നിന്നുള്ള നിര്‍ദ്ദേശ പ്രകാരമാണ് സദാശിവനെ ഒഴിവാക്കിയതെന്ന് മറുപടി നല്‍കിയാണ് പാര്‍ട്ടി സഖാക്കളുടെ ചോദ്യങ്ങളില്‍ നിന്ന് ജില്ലാ സെക്രട്ടറിയടക്കമുള്ളവര്‍ രക്ഷപ്പെടുന്നത്.  അതത് മണ്ഡലങ്ങളില്‍പ്പെട്ടവര്‍ക്ക് സീറ്റ് നല്‍കാനുള്ള തീരുമാനവും ഇതിന് പിന്നിലുണ്ടെന്നും ഔദ്യോഗിക പക്ഷ നേതാക്കള്‍ വിശദീകരിക്കുന്നു. എന്നാല്‍ അമ്പലപ്പുഴ, ആലപ്പുഴ, അരൂര്‍ എന്നീ മണ്ഡലങ്ങളില്‍ സിറ്റിങ് എംഎല്‍എമാരെ വീണ്ടും മത്സരിപ്പിക്കുന്നതില്‍ ഈ മാനദണ്ഡം പാലിച്ചില്ലല്ലോയെന്ന മറു ചോദ്യത്തിന് പക്ഷെ നേതൃത്വത്തിന് മറുപടിയില്ല. സ്ഥാനാര്‍ത്ഥി നിര്‍ണയം ആദ്യം പൂര്‍ത്തിയാക്കി പ്രചരണ രംഗത്തേക്കിറങ്ങി മേല്‍ക്കൈ നേടാനുള്ള സിപിഎം ശ്രമം പക്ഷെ വിഭാഗീയതയില്‍ തട്ടി പരാജയപ്പെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.