കൂത്തുപറമ്പ് : കണ്ണൂര്‍ ജില്ലയില്‍ കൂത്തുപറമ്പ് കേന്ദ്രമായി പ്രവൃത്തിക്കുന്ന അമൃതകലാക്ഷേത്ര സപ്തസാര കള്‍ച്ചറല്‍ മിഷന്റെ ‘അമൃതവര്‍ഷിണി’ പുരസ്കാരം പ്രശസ്ത ഗാനരചയിതാവും സംഗീതജ്ഞനുമായ കൈതപ്രം ദാമോദരന്‍ നമ്പൂതിരിക്ക് നല്കാന് തീരുമാനിച്ചതായി ഭാരവാഹികള്‍ അറിയിച്ചു. സാമവേദസൗഗന്ധികമായ സംഗീതത്തെ സാധാരണക്കാരനും മൂളാന്‍ ഉതകുന്ന രീതിയില്‍ വലംപിരിശംഖിലെ പുണ്യോദകംപോല വര്‍ഷിച്ച കൈതപ്രത്തിന് സാന്ത്വന പരിചരണ രംഗത്ത് ഉള്‍പ്പെടെ നിര്‍വ്വഹിക്കുന്ന പ്രവര്‍ത്തനങ്ങള്‍ കൂടി കണക്കിലെടുത്ത് സമഗ്ര സംഭാവനയ്ക്കാണ് പുരസ്കാരം. ഡോ: കൂമുള്ളി ശിവരാമന് ചെയര്‍മാനും കലാസാംസ്കാരിക പ്രവര്‍ത്തകരായ സുരേഷ് കൂത്തുപറമ്പ്, വി.കെ.സുരേഷ് ബാബു, പി.രവിന്ദ്രന്(നളന്ദ), എന്‍. ധനഞ്ജയന്, സുനില്‍ മാങ്ങാട്ടിടം, എ.എം.ദീലീപ്കുമാര്‍, മിഷന്‍ഡയറക്ടര്‍ കലാക്ഷേത്ര രാജേഷ്തന്ത്രി എന്നിവര്‍ ഉള്‍പ്പെടുന്ന ജൂറിയാണ് പുരസ്കാര ജേതാവിനെ തെരഞ്ഞെടുത്തത്. 10,001രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്നതാണ് അവാര്‍ഡ്. ഏപ്രില്‍ ഏഴിന് വൈകിട്ട് 5 മണിക്ക് കൂത്തുപറമ്പ് ടൗണ്‍സ്ക്വയറില്‍ നടക്കു ചടങ്ങില്‍ പ്രശസ്ത കഥാകൃത്ത് ടി.പത്മനാഭന് പുരസ്കാരദാനം നിര്‍വഹിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: