കക്കുവപ്പുഴ വറ്റി വരണ്ടു; ജല ക്ഷാമത്തില്‍ വലഞ്ഞ് ആറളം മേഖല

Thursday 17 March 2016 10:21 pm IST

ആറളം ഫാം പുനരധിവാസ മേഖലക്ക് കുടിവെള്ളം നല്‍കാനായി കക്കുവ പുഴയോരത്ത് ജലനിധി സ്ഥാപിച്ച പമ്പ് ഹൗസും വാട്ടര്‍ ടാങ്കും വെള്ളമില്ലാത്തതിനാല്‍ പ്രവര്‍ത്തനം നിലച്ച നിലയില്‍


ഇരിട്ടി: വേനല്‍ കനത്തതോടെ കക്കുവ പുഴ വറ്റിവരണ്ടതോടെ ആറളവും ആറളം ഫാമിലെ ആദിവാസി പുനരധിവാസ മേഖലയും ഉള്‍പ്പെടുന്ന മലയോര മേഖലയുടെ വലിയ ഭൂപ്രദേശം മുഴുവന്‍ കടുത്ത ജലക്ഷാമത്തിലായി. കക്കുവ പുഴയെ ആശ്രയിച്ചു പ്രവര്‍ത്തന ക്ഷമമാക്കിയിരുന്ന ജലനിധി പദ്ധതികള്‍ അടക്കം പുഴ വറ്റി വരണ്ടതോടെ നോക്കുകുത്തികളായി മാറി. ആറളം ഗ്രാമ പഞ്ചായത്തില്‍ ഉള്‍പ്പെട്ട ആറളം ഫാമിലെ ആദിവാസി പുനരധിവാസ മേഖലയിലെ ആറ് ബ്ലോക്കുകളിലെയും ഇതേ പഞ്ചായത്തിലെ ചെങ്കായത്തോട്, പരിപ്പുതോട് തുടങ്ങിയ പ്രദേശങ്ങളിലെയും ജനങ്ങള്‍ കുടിവെള്ളത്തിനായി മുഖ്യമായും ആശ്രയിക്കുന്നത് ആറളം വനത്തില്‍ നിന്നും ഉല്‍ഭവിച്ചെത്തുന്ന കക്കുവ പുഴയെ ആണ്. ഫാമിലെ പതിനൊന്നാം ബ്ലോക്കില്‍ കക്കുവ പുഴയോരത്തു നിര്‍മ്മിച്ച ആറളം പഞ്ചായത്തിന്റെ ജലനിധി പദ്ധതിയുടെ പമ്പിങ്ങും പുഴ വറ്റി വരണ്ടതോടെ നിലച്ചു. പുഴയില്‍ വെള്ളം തടഞ്ഞു നിര്‍ത്താനായി പലയിടങ്ങളിലായി തടയണകള്‍ നിര്‍മ്മിച്ചിരുന്നെങ്കിലും പുഴ മുഴുവന്‍ വറ്റിയത് മൂലം തടയണകളും പ്രയോജന രഹിതമായി. വറ്റി വരണ്ട പുഴയിലെ ചില സ്ഥലങ്ങളില്‍ കുഴിയെടുത്ത് ഇതില്‍ നിന്നും കോരിയെടുക്കുന്ന വെള്ളം കൊണ്ടാണ് പ്രദേശ വാസികള്‍ പ്രാഥമിക കാര്യങ്ങള്‍ നടത്തുന്നത്. ഇതും എത്രനാള്‍ കിട്ടുമെന്ന് ഇന്നത്തെ അവസ്ഥയില്‍ പറയാനാവുകയില്ല.
സാധാരണ ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ ലഭിക്കാറുള്ള വേനല്‍ മഴ ഒരു ദിവസം പോലും ഉണ്ടായില്ല എന്നതാണ് ഇത്രയും കടുത്ത ജലക്ഷാമത്തിനിടയാക്കിയത്. പ്രകൃതിക്ക് നാശം വിതച്ചു കൊണ്ടുള്ള കുന്നിടിക്കലും, വെള്ളക്കെട്ടുകള്‍ നികത്തുന്നതും പുഴയുടെ കര ഉള്‍പ്പടെ ഇടിച്ചു കൊണ്ടുള്ള അനധികൃത മണല്‍ വാരലും രൂക്ഷമായ ജലക്ഷാമത്തിന് ഒന്ന് കൂടി ആക്കം കൂട്ടുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ ഉണ്ടായ സാങ്കേതിക പ്രശ്‌നങ്ങള്‍ കാരണം ഗ്രാമ പഞ്ചായത്തുകള്‍ക്ക് ലോറികളിലും മറ്റും ജലം വിതരണം നടത്തുന്നതിനുള്ള തടസ്സങ്ങളും പ്രശ്‌നം സൃഷ്ടിക്കുന്നു. വേനല്‍ മഴ വരുന്നത് നീണ്ടു പോയാല്‍ ഈ പ്രദേശങ്ങളിലെ സ്ഥിതി ഏറെ ദയനീയമായിരിക്കുമെന്ന് ഇപ്പോഴുള്ള ജലക്ഷാമം വിലയിരുത്തുമ്പോള്‍ മനസ്സിലാവും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.