വനിതാ ട്വന്റി 20 ലോകകപ്പ്: ഇംഗ്ലണ്ടിന് വിജയം

Thursday 17 March 2016 11:00 pm IST

ബെംഗളൂരു: വനിതാ ട്വന്റി 20 ലോകകപ്പില്‍ ഗ്രൂപ്പ് ബിയിലെ മത്സരത്തില്‍ ഇംഗ്ലണ്ടിന് വിജയം. ഇന്നലെ നടന്ന കളിയില്‍ ബംഗ്ലാദേശിെന 36 റണ്‍സിനാണ് ഇംഗ്ലീഷ് വനിതകള്‍ കീഴടക്കിയത്. കഴിഞ്ഞ ദിവസം ഇന്ത്യയോട് 72 റണ്‍സിന് പരാജയപ്പെട്ട ബംഗ്ലാദേശിന്റെ തുടര്‍ച്ചയായ രണ്ടാം പരാജയമാണിത്. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് വനിതകള്‍ 20 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 153 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശിന് ആറ് വിക്കറ്റ് നഷ്ടത്തില്‍ 117 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇംഗ്ലണ്ട് നായിക ഷാര്‍ലറ്റ് എഡ്വേര്‍ഡ്‌സിന്റെ (51 പന്തില്‍ 60) മികച്ച ബാറ്റിങ്ങിന്റെ കരുത്തിലാണ് മികച്ച സ്‌കോര്‍ കണ്ടെത്തിയത്. ഷാര്‍ലറ്റിന് പുറമെ നതാലി സ്‌കിവര്‍ 27ഉം തമി ബ്യുമൗണ്ട് (18), ഡാനിയേല (15), കാതറിന്‍ ബ്രന്റ് (17) എന്നിവരും തരക്കേടില്ലാത്ത സംഭാവന നല്‍കി. 32 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ ജഹനറ ആലം ബംഗ്ലാദേശ് ബൗളര്‍മാരില്‍ മികച്ചുനിന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശിന് തുടക്കത്തില്‍ തന്നെ തിരിച്ചടി നേരിട്ടു. ഒരു ഘട്ടത്തില്‍ നാലിന് 46 എന്ന നിലയിലേക്ക് തകര്‍ന്ന അവരെ സ്‌കോര്‍ 100 കടത്തിയത് നിഗര്‍ സുല്‍ത്താനയും (28 പന്തില്‍ 35), സല്‍മ ഖാതുനും (30 പന്തില്‍ 32 നോട്ടൗട്ട്) ചേര്‍ന്ന അഞ്ചാം വിക്കറ്റ് കൂട്ടുകെട്ട്. 64 റണ്‍സാണ് ഇരുവരും ചേര്‍ന്ന് നേടിയത്. എന്നാല്‍ കൃത്യമായ ലൈനും ലെഗ്തും സൂക്ഷിച്ച് പന്തെറിഞ്ഞ ഇംഗ്ലണ്ട് ബൗളര്‍മാര്‍ക്കെതിരെ റണ്ണെടുക്കുന്നതില്‍ അവര്‍ ഏറെ ബുദ്ധിമുട്ടി. ഇംഗ്ലണ്ടിന്റെ ഷാര്‍ലറ്റ് എഡ്വേര്‍ഡ്‌സ് മത്സരത്തിലെ താരം. ബുധനാഴ്ച നടന്ന മത്സരത്തില്‍ വെസ്റ്റിന്‍ഡീസ് വനിതകള്‍ പാക്കിസ്ഥാനെ നാല് റണ്‍സിന് പരാജയപ്പെടുത്തി. ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് എട്ട് വിക്കറ്റിന് 103 റണ്‍സെടുത്തപ്പോള്‍ പാക്കിസ്ഥാന് അഞ്ച് വിക്കറ്റിന് 99 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. അതേസമയം വെസ്റ്റിന്‍ഡീസിന്റെ ഓഫ് സ്പിന്നര്‍ അനീസ മുഹമ്മദ് ട്വന്റി 20യിലെ വിക്കറ്റ് വേട്ടയില്‍ പുതിയ റെക്കോര്‍ഡ് സ്വന്തമാക്കി. പുരുഷ-വനിതാ ട്വന്റി 20യുടെ ചരിത്രത്തിലാദ്യമായി 100 വിക്കറ്റ് നേടുന്ന ബൗളറെന്ന ബഹുമതിയാണ് അനീസ കരസ്ഥമാക്കിയത്. പാക്കിസ്ഥാനെതിരെ മൂന്ന് വിക്കറ്റുകള്‍ നേടിയാണ് അനീസ ചരിത്രനേട്ടം സ്വന്തമാക്കിയത്. 81 മത്സരങ്ങളില്‍ നിന്നാണ് അനിസ്സ നൂറ് വിക്കറ്റ് സ്വന്തമാക്കിയത്. രണ്ടാം സ്ഥാനം പാക്കിസ്ഥാന്റെ ഷാഹിദ് അഫ്രീദിക്കാണ്. 95 മത്സരങ്ങളില്‍ നിന്ന് 95 വിക്കറ്റുകള്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.