ഡിവൈഎഫ്‌ഐ നേതാവിന്റെ വീട്ടില്‍നിന്നും വാറ്റുപകരണങ്ങളും വാഷും പിടികൂടിയ സംഭവം : കേസ് ഒതുക്കാന്‍ നീക്കം

Friday 18 March 2016 8:39 pm IST

  കല്‍പ്പറ്റ : പൂതാടി ഗ്രാമപഞ്ചായത്തിലെ പാപ്ലശ്ശേരിയില്‍ ഡിവൈഎഫ്‌ഐ നേതാവ് സുബിന്റെ വീട്ടില്‍നിന്നും തൊള്ളായിരം ലിറ്റര്‍ വാഷും ഇരുപത് ലിറ്റര്‍ ചാരായവും പിടികൂടിയ സംഭവം ഒതുക്കിതീര്‍ക്കാന്‍ അണിയറ നീക്കം. കേസിലെ പ്രധാന പ്രതിയായ മേല്‍ത്തുരുത്തിയില്‍ അജീഷ്(30) റെയ്ഡിനിടെ ഓടിരക്ഷപ്പെടുകയായിരുന്നു. ഇദ്ദേഹത്തിന്റെ സഹോദരന്‍ വഴിയാണ് കേസ് ഒതുക്കിതീര്‍ക്കാനുള്ള ശ്രമം നടക്കുന്നത്. പ്രദേശത്ത് കഞ്ചാവ് വില്‍പ്പനയുമായി ബന്ധപ്പെട്ട് നാട്ടുകാര്‍ ഇവര്‍ക്കെതിരെ പരാതി നല്‍കിയിരുന്നു. ഇതിന്റെ പകവീട്ടലായി പ്രതികള്‍ നാട്ടുകാര്‍ക്കെതിരെയും പരാതി നല്‍കി. ജില്ലയിലെതന്നെ ഏറ്റവുംവലിയ ചാരായവേട്ടക്ക് എക്‌സൈസ് സംഘം നേതൃത്വം നല്‍കിയത് പഴുതുകള്‍ അടച്ചുകൊണ്ടായിരുന്നു. നാടന്‍ ചാരായം വാങ്ങിക്കാനെന്ന വ്യാജേന സംശയത്തിനിട നല്‍കാതെ എക്‌സൈസ് സംഘം സ്ഥലത്ത് അന്വേഷണം നടത്തി മടങ്ങിയിരുന്നു. തുടര്‍ന്നാണ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ജിമ്മി ജോസഫിന്റെ നേതൃത്വത്തില്‍ റെയ്ഡ് നടത്തിയത്. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കായി വന്‍തോതില്‍ നാടന്‍ ചാരായം ഉല്‍പ്പാദിപ്പിക്കാനായിരുന്നു പ്രതികളുടെ പദ്ധതി. പലഭാഗങ്ങളിലും വ്യാജമദ്യം വില്‍പ്പന നടത്തിയതായും അറിയുന്നു. കേസ് ഒതുക്കിതീര്‍ക്കാനുള്ള ശ്രമം എന്ത് വിലകൊടുത്തും തടയുമെന്നും നാട്ടുകാര്‍ രൂപീകരിച്ച ആക്ഷന്‍ കമ്മിറ്റി മുന്നറിയിപ്പ് നല്‍കി. ചാരായം വാറ്റാന്‍ ഉപയോഗിക്കുന്ന ഗ്യാസ് സിലിണ്ടര്‍, സ്റ്റൗ, തുടങ്ങി അനുബന്ധ ഉപകരണങ്ങളും ഇവിടെനിന്നും പിടികൂടിയിരുന്നു. സുബിന്റെ കോളേരിയിലെ വാഴയില്‍ വീട്ടില്‍നിന്നും സുബിന്റെ അമ്മ സുഗതകുമാരി(47), വ്യാജചാരായ നിര്‍മ്മാണത്തില്‍ ഇവരുടെ സഹായിയായ ഇരുളം ചേലക്കൊല്ലി ഞാളൂര്‍പറമ്പില്‍ മധു(37) എന്നിവരെയാണ് എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തത്. നിയമസഭാതിരഞ്ഞെടുപ്പിന് മുന്നോടിയായി വന്‍തോതില്‍ വ്യാജചാരായനിര്‍മ്മാണത്തിന് ഒരുക്കങ്ങള്‍ നടക്കുന്നതിനിടയിലാണ് അറസ്റ്റ് നടന്നത്. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ജിമ്മിജോസഫിനുപുറമെ അസിസ്റ്റന്റ് ഇന്‍സ്‌പെക്ടര്‍ പി.ജെ.തോമസ്, പ്രിവന്റീവ് ഓഫീസര്‍ കെ.വി.വിജയകുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് സുബിന്റെ വീട് റെയ്ഡ് ചെയ്ത് തൊണ്ടിമുതലും പ്രതികളെയും കസ്റ്റഡിയിലെടുത്തത്. സംഘത്തില്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ എം.ബി.ഹരിദാസ്, കെ. കെ.അനില്‍കുമാര്‍, ടി.എന്‍. മനോജ്കുമാര്‍, ടി.രമേശ്കുമാര്‍, ടി.ജി.പ്രസന്ന, കെ.സി. പ്രീജ, ടി.എം.സജീല, കെ.എസ്.സതീഷ്, എന്നിവരുമുണ്ടായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.