ക്ഷേമപെന്‍ഷന്‍ മുടക്കരുതെന്ന് മനുഷ്യാവകാശ കമ്മീഷന്‍

Friday 18 March 2016 10:59 pm IST

കൊച്ചി: തെരഞ്ഞെടുപ്പിന്റെ പേരു പറഞ്ഞ് ക്ഷേമപെന്‍ഷനുകള്‍ മുടക്കരുതെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അദ്ധ്യക്ഷന്‍ ജസ്റ്റിസ് ജെ.ബി. കോശി. തെരഞ്ഞെടുപ്പ് കാലത്ത് ക്ഷേമപെന്‍ഷന്‍ മുടങ്ങിയാല്‍ അത് മനുഷ്യാവകാശ ലംഘനമാകുമെന്നും കമ്മീഷന്‍ ചൂണ്ടികാണിച്ചു. തെരഞ്ഞെടുപ്പ് കാലത്ത് ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നതില്‍ മുടക്കം വരുത്താറില്ല. അതുപോലെ ക്ഷേമപെന്‍ഷനുകളും മുടങ്ങാതെ നല്‍കണം. ക്ഷേമ പെന്‍ഷനുകള്‍ മാത്രം വരുമാനമാര്‍ഗ്ഗമായുള്ള നിരവധി പേര്‍ നമ്മുടെ നാട്ടിലുണ്ടെന്നും ജസ്റ്റിസ് ജെ.ബി. കോശി ചൂണ്ടികാണിച്ചു. 2015 ഫെബ്രുവരി വരെ ലഭിച്ചു കൊണ്ടിരുന്ന ക്ഷേമ പെന്‍ഷന്‍ പിന്നീട് മുടങ്ങി. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്റെ സമയത്താണ് ഇത് മുടങ്ങിയത്. കമ്മീഷന്‍ തപാല്‍ വകുപ്പില്‍ നിന്നും വിശദീകരണം തേടിയപ്പോള്‍ 97 ശതമാനവും യഥാസമയം വിതരണം ചെയ്തതായി പറയുന്നു. തപാല്‍ വകുപ്പിന് നല്‍കിയ വിലാസങ്ങളിലെ പിശക് കാരണം 24.27 കോടി വിതരണം ചെയ്യാനായില്ലെന്നും വിശദീകരണത്തില്‍ പറയുന്നു. മനുഷ്യാവകാശ പ്രവര്‍ത്തകനും കൊച്ചി നഗരസഭാംഗവുമായ തമ്പി സുബ്രഹ്മണ്യന്‍ സമര്‍പ്പിച്ച പരാതിയിലാണ് നടപടി. ഉത്തരവ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.