നമോ നക്ഷത്രം

Friday 18 March 2016 11:04 pm IST

പ്രധാനമന്ത്രി നരേന്ദ്രമോദിയെ 'ടൈം മാഗസിന്‍' ഇന്റര്‍നെറ്റ് താരമായി പ്രഖ്യാപിച്ചിരിക്കുന്നു. സാമൂഹ്യമാധ്യമങ്ങളിലൂടെ ആഗോളതലത്തില്‍ സ്വാധീനം ചെലുത്തുന്നവരുടെയും വാര്‍ത്ത സൃഷ്ടിക്കുന്നവരുടെയും 30 പേരുടെ പട്ടികയിലിടം പിടിച്ചാണ് മോദിയെ ഇന്റര്‍നെറ്റ് താരം എന്ന വിശേഷണത്തിനര്‍ഹമാക്കിയത്. പാക്കിസ്ഥാനിലേക്കുള്ള മിന്നല്‍ സന്ദര്‍ശനം ട്വിറ്ററിലൂടെ പ്രഖ്യാപിച്ചതാണ് ഇതിനിടയാക്കിയ ഒരു കാര്യം. ട്വിറ്ററില്‍ 1.8 കോടി ഫോളോവേഴ്‌സും ഫേയ്‌സ്ബുക്കില്‍ 3.2 കോടി ലൈക്കുകളുമാണുള്ളത് എന്നതുതന്നെ മോദിയുടെ ആഗോളപ്രശസ്തിക്ക് അടിവരയിടുന്നു. സോഷ്യല്‍ മീഡിയ വഴി ഇടപെടല്‍ നടത്തുന്നതായും വാര്‍ത്തകള്‍ സൃഷ്ടിക്കുന്നതായും വിലയിരുത്തി 2015 ല്‍ ലോകത്തെ സ്വാധീനിച്ച 100 നേതാക്കളില്‍ ഒരാളായി മോദിയെ 'ടൈം മാഗസിന്‍' തെരഞ്ഞെടുത്തിരുന്നു. ഒരു ചായക്കച്ചവടക്കാരന്‍ പ്രധാനമന്ത്രിയാകുന്നത് ആ വ്യക്തിയുടെ വൈശിഷ്ട്യം മാത്രമല്ല, ജനാധിപത്യത്തിന്റെയും ജനകീയ രാഷ്ട്രീയത്തിന്റെയും വിജയംകൂടിയാണ്. ബിജെപി സര്‍ക്കാരുകള്‍ മധ്യപ്രദേശിലും ഗുജറാത്തിലും ഗംഭീരമായ വികസനമാണ് കാഴ്ചവച്ചത്. ഇന്ന് ഗാന്ധിനഗര്‍ ഗ്രീനെസ്റ്റ് ക്യാപ്പിറ്റല്‍ എന്ന പേരുനേടിയത് നരേന്ദ്രമോദിയുടെ പരിസ്ഥിതിയോടുള്ള പ്രതിബദ്ധതയ്ക്ക് തെളിവാണ്. സബര്‍മതി നദിയില്‍ ഇപ്പോള്‍ വെള്ളമുണ്ട് എന്നതും ഇതേ പരിസ്ഥിതിബോധത്തിനാണ് അടിവരയിടുന്നത്. ഇതോടെ കോണ്‍ഗ്രസിന് അവരുടെ അജണ്ട നഷ്ടപ്പെട്ടിരിക്കുകയാണ്. ബിജെപിയ്ക്ക് സഹിഷ്ണുതയില്ലെന്നും ഭാരതത്തില്‍ അസഹിഷ്ണുത കൊടികുത്തി വാഴുകയാണെന്നും ഹിന്ദുത്വം മുസ്ലിങ്ങളെ ഉന്മൂലനം ചെയ്യുമെന്നുമൊക്കെ പ്രചരിപ്പിക്കുന്നതിലെ പൊള്ളത്തരമാണ് ഇപ്പോള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ലോക സൂഫി സംഗമം ഉദ്ഘാടനം ചെയ്തുകൊണ്ട് നരേന്ദ്രമോദി പറഞ്ഞത് സൂഫിസം ലോകത്തിന് ഇസ്ലാം നല്‍കിയ സംഭാവനയാണെന്നാണ്. ഇപ്പോള്‍ ഭീകരവാദത്തിനെതിരെ ഭാരതം നടത്തുന്ന പോരാട്ടം ഒരു മതത്തിനും എതിരല്ലെന്നും മാനവികതയുടെ ശത്രുക്കള്‍ക്കെതിരായ നിരന്തര സമരമാണെന്നും മോദി വ്യക്തമാക്കുകയുണ്ടായി. അദ്ദേഹത്തിന് ഇസ്ലാമിനെപ്പറ്റിയുള്ള അറിവിലേക്ക് വെളിച്ചം വീശുന്നതാണ് അല്ലാഹുവിന്റെ 99 നാമങ്ങളില്‍ ഒന്നുപോലും അക്രമത്തെയോ ബലപ്രയോഗത്തെയോ പ്രതിനിധീകരിക്കുന്നില്ല എന്ന വാക്കുകള്‍. സൂഫി ലോകസംഗമത്തിന്റെ ഉദ്ഘാടന ചടങ്ങിലേക്ക് സംഘാടകര്‍ നരേന്ദ്രമോദിയെ ക്ഷണിച്ചതുതന്നെ അദ്ദേഹം ഇസ്ലാം വിരുദ്ധനാണെന്ന കിംവദന്തിയുടെ അലയൊലിയെ നിശ്ശബ്ദമാക്കുന്നു. ഇരുപതു രാജ്യങ്ങളില്‍നിന്നുള്ള 200 പണ്ഡിതന്മാര്‍ പങ്കെടുക്കുന്ന സമ്മേളനത്തിലാണ് നരേന്ദ്രമോദി ദൈവത്തോട് ഏറ്റവും അടുത്തുനില്‍ക്കുന്ന മനുഷ്യന്റെ പൂര്‍ണതയാണ് സൂഫിസം എന്നുപറഞ്ഞത്. അതിരുകളില്ലാത്ത സമാധാനത്തിന്റെയും ആദിമ വിശ്വാസത്തിന്റെയും ഭൂമിയായ ഭാരതത്തിലേക്ക് എല്ലാവരേയും സ്വാഗതം ചെയ്തുകൊണ്ടാണ് മോദി പ്രസംഗം അവസാനിപ്പിച്ചത്. ''സബ് കാ സാഥ്, സബ് കാ വികാസ്'' എന്ന തന്റെ തത്വസംഹിതയ്ക്ക് പിന്നിലുള്ള തത്വം സൂഫിസമാണെന്നു പറഞ്ഞ മോദി മതത്തില്‍ ബലപ്രയോഗമില്ലെന്നും ഓരോ ജനതയ്ക്കും അവരുടേതായ ആരാധനാരീതികളുണ്ടെന്നും ചൂണ്ടിക്കാട്ടി. അക്രമത്തിന്റെ ശക്തികളെ സ്‌നേഹംകൊണ്ട് നേരിടണം എന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. മുസ്ലിം വിരോധിയാണെന്ന് എതിരാളികള്‍ മുദ്രകുത്തുന്ന മോദി സൂഫി സമ്മേളനത്തില്‍ രാജ്യത്തോടുള്ള സ്‌നേഹവും രാഷ്ട്രത്തിലുള്ള അഭിമാനവുമാണ് ഭാരതീയ മുസ്ലിങ്ങളെ നിര്‍വചിക്കുന്നതെന്നു പറഞ്ഞു. അപ്പോള്‍ സദസ്സിന്റെ പല ഭാഗങ്ങളില്‍നിന്നും ഭാരത് മാതാ കി ജയ് എന്ന മുദ്രാവാക്യങ്ങള്‍ ഉയരുകയും ചെയ്തു. കോണ്‍ഗ്രസാണ് ഭാരതത്തില്‍ ബിജെപി വിരുദ്ധതയും മോദി വിരോധവും വിതച്ച് അവരുടെ പാര്‍ട്ടിയുടെ അസഹിഷ്ണുത ലോകത്തിന് മുന്‍പില്‍ വെളിപ്പെടുത്തുന്നത്. തങ്ങളില്‍നിന്നും അധികാരം നഷ്ടപ്പെട്ടുപോയതിന്റെ അമര്‍ഷം അവര്‍ മോദി-ബിജെപി വിരുദ്ധ പ്രചാരണമാക്കുന്നു. എന്നാല്‍ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ വികസനവും സഹിഷ്ണുതയും കോണ്‍ഗ്രസിന്റെ വാദങ്ങള്‍ അപ്രസക്തമാക്കുന്നു. ഹിന്ദുത്വം മുസ്ലിങ്ങളെ നശിപ്പിക്കുമെന്ന കള്ളപ്രചാരണം പൊളിച്ചാണ് ബിജെപിയും നരേന്ദ്രമോദി സര്‍ക്കാരും രാജ്യത്ത് ഹിന്ദു-മുസ്ലിം ഐക്യം സൃഷ്ടിക്കാന്‍ പ്രയത്‌നിക്കുന്നത്. ഒരാള്‍ ഒരു നിരപരാധിയെ കൊന്നാല്‍ അയാള്‍ മനുഷ്യകുലത്തെ കൊന്നതുപോലെയാണ്. ഒരാള്‍ ഒരു ജീവന്‍ രക്ഷിച്ചാല്‍ മനുഷ്യകുലത്തെ മുഴുവന്‍ രക്ഷിച്ചതിന് തുല്യമാണെന്ന ഖുറാന്‍ വചനം ഓര്‍മിക്കുന്ന നരേന്ദ്രമോദിയെ മുസ്ലിം വിരുദ്ധന്‍ എന്ന് എങ്ങനെ വിശേഷിപ്പിക്കാനാകും? ഇക്കാരണങ്ങളാലൊക്കെ ഇന്റര്‍നെറ്റ് സ്റ്റാര്‍ പദവി അദ്ദേഹത്തിന് ഏറ്റവും അനുയോജ്യമാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.