വടകര: ജന്മഭൂമി വടകര ബ്യൂറോയുടെ രണ്ടാം വാര്‍ഷികം പ്രൗഢഗംഭീരമായി ആഘോഷിച്ചു. പൊതുപ്രവര്‍ത്തകനും മുതിര്‍ന്ന ബിജെപി നേതാവുമായ ചുള്ളിയില്‍ നാരായണനെ ചടങ്ങില്‍ ആദരിച്ചു. ആര്‍എസ്എസ് പ്രാന്തകാര്യവാഹ് പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍ ചടങ്ങിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് ചുള്ളിയില്‍ നാരായണനെ ആദരിച്ചു.
പ്രത്യയശാസ്ത്ര വേര്‍തിരിവുകള്‍ സൗഹൃദപരമായി നിലനിര്‍ത്തിയിരുന്ന കാലത്തിന് പകരം ഇന്ന് പരസ്പരം ശത്രുതയായി മാറുകയാണെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. രാഷ്ട്രീയ എതിരാളികള്‍ ശത്രുക്കളെപ്പോലെ പരസ്പരം പോരടിക്കുകയാണിന്ന്. സാമൂഹ്യരാഷ്ട്രീയ രംഗത്ത് ചുള്ളിയില്‍ നാരായണന് പിന്തുടര്‍ന്ന പാത പാരസ്പരികതയുടേതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ക്യാമ്പസ് ഇന്റര്‍വ്യൂവിലൂടെയും കുടുംബമഹിമയുടെ പേരിലും രാഷ്ട്രീയ നേതൃത്വങ്ങള്‍ പങ്കുവെക്കുന്ന കാലമാണിതെന്ന് മുഖ്യപ്രഭാഷണം നടത്തിയ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് പറഞ്ഞു.
വടകര മുന്‍സിപ്പല്‍ ചെയര്മാന് കെ. ശ്രീധരന് അധ്യക്ഷത വഹിച്ചു. ബിജെപി ജില്ലാ പ്രസിഡന്റ് ടി.പി. ജയചന്ദ്രന് മാസ്റ്റര്‍ ചുള്ളിയില്‍ നാരായണന് ഉപഹാരം സമര്‍പ്പിച്ചു. വടകര എം. എല്‍. എ.സി.കെ. നാണു ചടങ്ങില്‍ ആശംസാ സന്ദേശം നല്കി. ബിജെപി സംസ്ഥാന സെക്രട്ടറി വി.കെ. സജീവന്, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍, കൗണ്‍സിലര്‍മാര്‍ എന്നിവര്‍ ചടങ്ങിന് ആശംസകള്‍ നേര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: