ശുഭാനന്ദ ദര്‍ശനം

Saturday 19 March 2016 8:09 pm IST

ജാതി മനുഷ്യരാണെന്നും മതം ആത്മബോധം ആണെന്നുമുള്ള അനുഭവസ്ഥതയില്‍ കണ്ടറിഞ്ഞു മനസ്സിലാക്കി പ്രവര്‍ത്തിക്കുന്നതു തന്നെ സത്യവും ധര്‍മ്മവും. സത്യം എന്നാല്‍ സ്വബോധം അല്ലെങ്കില്‍ ആത്മബോധം. ധര്‍മ്മം എന്നാല്‍ സല്‍പ്രവൃത്തി അല്ലെങ്കില്‍ പ്രകാശം. ഇതിനെ മാത്രം ആസ്പദമാക്കിയാകുന്നു ഈശ്വരന്‍ സ്വയംപ്രകാശമാണെന്നറിയുന്നത്. ഏതു മതങ്ങളുടെയും യഥാര്‍ത്ഥ തത്ത്വം ഇതൊന്നു മാത്രമാണ്. പരമാര്‍ത്ഥം ഇങ്ങനെയിരിക്കെ ഈ അവസ്ഥയെ നേരെ മറിച്ച് സത്യത്തെയും ധര്‍മ്മത്തെയും പാടേ മറന്ന് അറിവുകേടിലും അധര്‍മ്മത്തിലും ജീവിതം നയിച്ച് മനുഷ്യലോകം ഒട്ടാകെ നഷ്ടത്തിലെത്തി. ജാതി മത്സരം കൊണ്ടും മത മത്സരം കൊണ്ടും വിഷവായുക്കളെപ്പോലെ വിചാരശൂന്യരായി ദുര്‍ദശപരിപൂര്‍ണ്ണതയില്‍ എത്തുന്ന അവസ്ഥയാണ് കലിയുഗമെന്ന് വേദാന്തികള്‍ കല്‍പിച്ചിരിക്കുന്നത്. ഇതിനെ യഥേഷ്ടം യുദ്ധം ചെയ്തു തോല്‍പിക്കുന്നതിനാണു ഖഡ്ഗി അവതാരം. ഖഡ്ഗിയെന്ന മൂര്‍ച്ചയേറിയ വാള് പരിപൂര്‍ണ്ണമായ ആത്മബോധവും യുദ്ധം അതനുസരിച്ചുള്ള ധര്‍മ്മപ്രവൃത്തികളുമാകുന്നു. ഈ അവസ്ഥയില്‍ തന്നെ ലോകം ഏതു കാലത്തും നിലനില്‍ക്കണം. തന്മൂലം ബോധസ്വരൂപനായ തന്റെ ബോധത്തെ പ്ലാന്‍ ആക്കിവച്ചു ലോകത്തെ സൃഷ്ടിച്ചു. ഇങ്ങനെയിരിക്കെ മനുഷ്യലോകം ഈ സ്വബോധത്തില്‍ നിന്നും തെറ്റി എപ്പോള്‍ അധര്‍മ്മത്തില്‍ എത്തുമോ അപ്പോള്‍ ഭഗവാന്‍ ബോധസ്വരൂപനായി മര്‍ത്യശരീരത്തിലെത്തി സ്വയംപ്രകാശമായി നിന്നു സ്വയത്യാഗത്തെ മാത്രം ലക്ഷ്യമാക്കി അധര്‍മ്മികളെ അല്ലെങ്കില്‍ അധര്‍മ്മത്തെ നിശ്ശേഷം സംഹരിച്ച് സത്യത്തെയും ധര്‍മ്മത്തെയും സ്ഥാപിച്ചു ശിഷ്ടരെ (ധര്‍മ്മം പുലര്‍ത്തുന്നവരെ) യുഗേ യുഗേ വീണ്ടെടുത്തു രക്ഷിക്കുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.