കാട്ടായിക്കോണത്തെ സിപിഎം ഗുണ്ടായിസം നഗരസഭയിലും ബിജെപി വനിതാ കൗണ്‍സിലര്‍മാര്‍ അടക്കമുള്ളവര്‍ക്കു നേരെ കയ്യേറ്റശ്രമം

Saturday 19 March 2016 10:01 pm IST

തിരുവനന്തപുരം: കാട്ടായിക്കോണത്തെ സിപിഎം ഗുണ്ടായിസം തിരുവനന്തപുരം നഗരസഭാ കൗണ്‍സില്‍ യോഗത്തിലും എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ ആവര്‍ത്തിച്ചു. ബിജെപി കൗണ്‍സിലര്‍മാര്‍ക്കെതിരായ ആക്രമണത്തിന് നേതൃത്വം നല്‍കിയത് കാട്ടായിക്കോണം കൗണ്‍സിലര്‍ സിന്ധു ശശിയും വിദ്യാഭ്യാസകായികകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എസ്. ഉണ്ണികൃഷ്ണനും. എല്‍ഡിഎഫ് ആക്രമണത്തില്‍ ബിജെപി തുരുത്തുംമൂല കൗണ്‍സിലര്‍ വി.വിജയകുമാറിന് മര്‍ദ്ദനമേറ്റു. വനിതാ കൗണ്‍സിലര്‍മാരായ ശ്രീവരാഹം മിനി, ചിഞ്ചു ടീച്ചര്‍ എന്നിവര്‍ക്കു നേരെ കയ്യേറ്റ ശ്രമവുമുണ്ടായി. ഇരുവരെയും എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ പിടിച്ചു തള്ളുകയായിരുന്നു. ബഹളത്തിനിടയിലും കാട്ടായിക്കോണം മാസ്റ്റര്‍ പ്ലാന്‍ റദ്ദാക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെടുന്ന പ്രമേയം തിരുവനന്തപുരം നഗരസഭാ കൗണ്‍സില്‍ യോഗം പാസ്സാക്കി. മുന്‍ കൗണ്‍സിലിന്റെ കാലത്ത് മരവിപ്പിച്ചിരുന്ന മാസ്റ്റര്‍ പ്ലാന്‍ പുനരുജ്ജീവിപ്പിച്ച് തദ്ദേശസ്വയംഭരണവകുപ്പ് കഴിഞ്ഞമാസം ഉത്തരവിറക്കിയതോടെയാണ് വീണ്ടും നഗരസഭ ഇടപെട്ട് റദ്ദാക്കണമെന്ന പ്രമേയം കൊണ്ടുവന്നത്. മേയര്‍ അഡ്വ വി.കെ. പ്രശാന്ത് പ്രമേയം അവതരിപ്പിച്ച ഉടന്‍ തന്നെ ബിജെപി അംഗങ്ങള്‍ പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് അഡ്വ വി.ജി. ഗിരികുമാറിന്റെ നേതൃത്വത്തില്‍ പ്രതിഷേധവുമായി എഴുന്നേറ്റു. മാസ്റ്റര്‍ പ്ലാനിന്റെ പേരില്‍ എല്‍ഡിഎഫും യുഡിഎഫും നാടകം കളിക്കുകയാണെന്ന് അവര്‍ ആരോപിച്ചു. കാട്ടായിക്കോണത്ത് സിപിഎം നടത്തിയ ഗുണ്ടാ ആക്രമണത്തിലും അവര്‍ ശക്തമായി പ്രതിഷേധിച്ചു. ഇപ്പോള്‍ എല്‍ഡിഎഫും യുഡിഎഫും ഒത്തുകളിച്ച് വീണ്ടും പ്ലാന്‍ പുനരുജ്ജീവിപ്പിച്ചിരിക്കുകയാണ്. നാടകം കളിച്ച് ഇരുമുന്നണികളും ജനങ്ങളെ വിഡ്ഢികളാക്കുകയാണെന്ന് ബിജെപി കൗണ്‍സിലര്‍മാര്‍ ആരോപിച്ചു. അവസാനം മാസ്റ്റര്‍ പ്ലാന്‍ റദ്ദാക്കണമെന്ന പ്രമേയത്തെ എല്‍ഡിഎഫ്-യുഡിഎഫ് കൗണ്‍സിലര്‍മാരും പിന്തുണച്ചതോടെ പാസ്സാവുകയായിരുന്നു. കാട്ടായിക്കോണത്ത് നടന്ന സിപിഎം ആക്രമണത്തിനെതിരെ കൗണ്‍സില്‍ യോഗത്തില്‍ ഉടനീളം പ്രതിഷേധം ഉയര്‍ന്നു. ഒരുഘട്ടത്തില്‍ അക്രമത്തിന്റെ ദൃശ്യങ്ങളടങ്ങിയ പോസ്റ്ററുകള്‍ ബിജെപി കൗണ്‍സിലര്‍മാര്‍ ഉയര്‍ത്തിക്കാണിച്ചു. സ്വന്തം ചെയ്തികളെ ന്യായീകരിക്കാനാകാതെ എല്‍ഡിഎഫ് നിരന്തരം ബിജെപി നേതാക്കളെ പ്രകോപിപ്പിക്കാനായിരുന്നു ശ്രമിച്ചത്. പ്ലാന്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഓഫീസിന് മുന്നില്‍ മേയറുടെ നേതൃത്വത്തില്‍ കുത്തിയിരിപ്പു സമരം നടത്തിയത് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണ്. അക്രമത്തിലൂടെ തിരുവനന്തപുരത്തെ കണ്ണൂരാക്കാന്‍ സിപിഎമ്മിനെ അനുവദിക്കില്ലെന്ന മുന്നറിയിപ്പും ബിജെപി കൗണ്‍സിലര്‍മാര്‍ നല്‍കി. നില്‍ക്കകള്ളിയില്ലാതെ സിപിഎം പതിവ് ശൈലിയില്‍ ബിജെപിനേതാക്കള്‍ക്കെതിരെ ആക്ഷേപം ചൊരിഞ്ഞ് കൗണ്‍സില്‍ യോഗം അലങ്കോലപ്പെടുത്തി. ബിജെപി നേതാക്കളെ ആരോഗ്യസ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ. ശ്രീകുമാര്‍ ആക്ഷേപിച്ചത് വന്‍ പ്രതിഷേധത്തിന് ഇടയാക്കി. ആക്ഷേപ പ്രസ്താവന പിന്‍വലിച്ച് ശ്രീകുമാര്‍ മാപ്പുപറയണമെന്ന ആവശ്യവുമായി ബിജെപി അംഗങ്ങള്‍ മേയറെ ഉപരോധിച്ചു. എന്നാല്‍ കൗണ്‍സില്‍ യോഗം പിരിച്ചുവിട്ട് ചേംബറിലേക്ക് മടങ്ങാനായിരുന്നു മേയര്‍ ശ്രമിച്ചത്. ഉപരോധത്തിന് നേരെ സിപിഎം കൗണ്‍സിലര്‍മാര്‍ അക്രമം അഴിച്ചുവിടുകയായിരുന്നു. വി. വിജയകുമാറിനെ വനിതാകൗണ്‍സിലറടക്കമുള്ളവര്‍ ചേര്‍ന്ന് ചുമരില്‍ ചേര്‍ത്തുവച്ച് മര്‍ദ്ദിച്ചു. ശ്രീവരാഹം കൗണ്‍സിലര്‍ മിനി, പെരുന്താന്നി കൗണ്‍സിലര്‍ ചിഞ്ചുടീച്ചര്‍ എന്നിവരെ പിടിച്ചു തള്ളി. എന്നാല്‍ തിരിച്ചടിക്കാതെ ബിജെപി കൗണ്‍സിലര്‍മാര്‍ മേയറെ തടഞ്ഞു വച്ചു. അവസാനം മേയര്‍ ബലം പ്രയോഗിച്ച് സ്വന്തം മുറിയിലേക്ക് പോയി. ബിജെപി അംഗങ്ങള്‍ മേയര്‍ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് മുറിക്കു മുന്നില്‍ കുത്തിയിരിപ്പു സമരം നടത്തി. കന്റോണ്‍മെന്റ് എസി സെയ്ഫുദ്ദീന്റെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തിയെങ്കിലും പ്രശ്‌നത്തിലിടപെട്ടില്ല. ഗത്യന്തരമില്ലാതെ മേയര്‍ സര്‍വകകക്ഷിയോഗം വിളിച്ചു. കൗണ്‍സില്‍ യോഗത്തിലുണ്ടായ ബഹളത്തില്‍ ഖേദം പ്രകടിപ്പിച്ച മേയര്‍ പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിച്ചതായി മാധ്യമങ്ങളോട് പറഞ്ഞു. കൗണ്‍സില്‍ യോഗത്തില്‍ ബിജെപി അംഗങ്ങളായ അഡ്വ വി.ജി. ഗിരികുമാര്‍, എം.ആര്‍. ഗോപന്‍, തിരുമല അനില്‍, ഞാണ്ടൂര്‍ക്കോണം എ. പ്രദീപ് കുമാര്‍, നാരായണമംഗലം രാജേന്ദ്രന്‍, ആറ്റിപ്ര സുനില്‍ എന്നിവര്‍ സംസാരിച്ചു. കൗണ്‍സിലര്‍മാരായ സിന്ധു ശശി, കുളത്തൂര്‍ ശിവദത്ത്, എസ്. ബിന്ദു, മേടയില്‍ വിക്രമന്‍, സിനി, ബീമാപ്പള്ളി റഷീദ്, സോളമന്‍ വെട്ടുകാട് തുടങ്ങിയവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.