ഉത്തരാഖണ്ഡ് സര്‍ക്കാര്‍ വീണേക്കും

Saturday 19 March 2016 10:09 pm IST

ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ ഹരീഷ് റാവത്തിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ ഉടന്‍ നിലംപതിച്ചേക്കും. മുഖ്യമന്ത്രിയുടെയും നേതൃത്വത്തിന്റെയും പോക്കില്‍ അതൃപ്തരായ ഒരു വിഭാഗം എംഎല്‍എമാരും ബിജെപി എംഎല്‍എമാരും ചേര്‍ന്ന് ഗവര്‍ണ്ണറെ കണ്ട് പുതിയ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിച്ചുകഴിഞ്ഞു. പ്രശ്‌നം സങ്കീര്‍ണ്ണമായിട്ടുണ്ട്. അതിനിടെ സഭയില്‍ താന്‍ ഭൂരിപക്ഷം തെളിയിക്കാമെന്ന നിലപാടിലാണ് മുഖ്യമന്ത്രി ഹരീഷ് റാവത്ത്. 70 അംഗ സഭയില്‍ കോണ്‍ഗ്രസിന് മുഖ്യമന്ത്രിയടക്കം 37 അംഗങ്ങളാണ് ഉള്ളത്. മൂന്നു സ്വതന്ത്രരും രണ്ട് ബിഎസ്പി എംഎല്‍എമാരും സര്‍ക്കാരിന് പിന്തുണ നല്‍കുന്നു.അങ്ങനെ 42 പേരുടെ പിന്തുണയിലാണ് ഇതുവരെ ഭരിച്ചത്. ഇപ്പോള്‍ കോണ്‍ഗ്രസ് എംഎല്‍എമാരില്‍ ഒന്‍പത് പേര്‍ മുഖ്യമന്ത്രിക്ക് എതിരെ തിരിഞ്ഞുകഴിഞ്ഞു. ഇവര്‍ ബിജെപി നേതൃത്വവുമായി ചര്‍ച്ചയും നടത്തിയിട്ടുണ്ട്. ബിജെപിക്ക് 28 എംഎല്‍എമാരാണ് ഉള്ളത്. കോണ്‍ഗ്രസ് വിമതര്‍ കൂടിച്ചേര്‍ന്നാല്‍ ഭരിക്കാന്‍ ഭൂരിപക്ഷം ലഭിക്കുമെന്നര്‍ഥം. കഴിഞ്ഞ ദിവസം ധനവിനിയോഗ ബില്‍ അവതരിപ്പിച്ചപ്പോഴാണ് പുകഞ്ഞു നിന്ന പ്രതിസന്ധി രൂക്ഷമായത്. ബില്ലില്‍ മനസാക്ഷി വോട്ട് വേണമെന്ന് ബിജെപി ആവശ്യപ്പെട്ടു. ഇതിനെ മുന്‍മുഖ്യമന്ത്രി വിജയ് ബഹുഗുണയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് വിമതരും പിന്തുണച്ചു. ഇത് വലിയ തര്‍ക്കത്തിലാണ് എത്തിയത്. തര്‍ക്കം കൈയാങ്കളിയുടെ വക്കിലെത്തി. തുര്‍ടന്ന് സ്പീക്കര്‍ ജിഎസ് കുഞ്ജ്‌വാള്‍ സഭ നിറുത്തിവച്ച് മാര്‍ച്ച് 28ലേക്ക് നീട്ടി. പിന്നീടാണ് ബിജെപി നേതാവും പ്രതിപക്ഷ നേതാവുമായ അജയ് ഭട്ടിന്റെ നേതൃത്വത്തില്‍ 27 അംഗങ്ങള്‍ ഗവര്‍ണ്ണര്‍ കെകെ പോളിനെ കണ്ട് സര്‍ക്കാരുണ്ടാക്കാന്‍ അവകാശവാദം ഉന്നയിച്ചത്. ഭൂരിപക്ഷമില്ലാത്ത ഹരീഷ് റാവത്ത് സര്‍ക്കാരിനെ പുറത്താക്കാനും അവര്‍ ആവശ്യപ്പെട്ടു. സര്‍ക്കാരുണ്ടാക്കാനുള്ള പിന്തുണ തങ്ങള്‍ക്കുണ്ടെന്ന് ബിജെപി നേതാവ് ശ്യാം ജാജു പറഞ്ഞു. തങ്ങളെ പിന്തുണയ്ക്കുന്ന അംഗങ്ങളെ വേണമെങ്കില്‍ രാഷ്ട്രപതിയുടെ മുന്‍പില്‍ അണിനിരത്താം. ഭൂരിപക്ഷം നഷ്ടപ്പെട്ട മുഖ്യമന്ത്രി രാജിവയ്ക്കണം. ജാജു തുടര്‍ന്നു. അതിനിടെ ഒന്‍പതു വിമതര്‍ ദല്‍ഹിയില്‍ എത്തി ബിജെപി കേന്ദ്ര നേതാക്കളെ കണ്ടു. ഹരക് സിങ് റാവത്ത്, അമൃത റാവത്ത് കുന്‍വാര്‍ പ്രണവ് സിങ് ചാമ്പ്യന്‍, ഷൈല റാണി റാവത്ത്, പ്രദീപ് ബാത്ര, സുബോധ് ഉനിയല്‍, ശൈലേന്ദ്ര മോഹന്‍ സിംഹാള്‍, ഉമേഷ് ശര്‍മ്മ എന്നിവരാണ് വിമത എംഎല്‍എമാര്‍. ബിഎസ്പി അംഗങ്ങളും പുതിയ സര്‍ക്കാരിനെ പിന്തുണയ്ക്കുമെന്ന് അറിയിച്ചിട്ടുണ്ട്. 28 ബിജെപി അംഗങ്ങളും ഒന്‍പതു വിമതരും ചേര്‍ന്നാല്‍ തന്നെ 37 അംഗങ്ങളാകും. പുതിയ സര്‍ക്കാരുണ്ടാക്കാം. രണ്ട് ബിഎസ് അംഗങ്ങള്‍ കൂടിച്ചേര്‍ന്നാല്‍ നല്ല ഭൂരിപക്ഷവും ലഭിക്കും. അജയ് ഭട്ട് പറഞ്ഞു. ഹരീഷ് റാവത്ത് സര്‍ക്കാര്‍ പ്രതിസന്ധിയിലാണെന്ന് ഇന്നലെ ജന്മഭൂമി റിപ്പോര്‍ട്ട് ചെയ്തിരുന്നു. അതിനിടെ ഒന്‍പത് വിമത എംഎല്‍എമാര്‍ക്ക് കോണ്‍ഗ്രസ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. ഭൂരിപക്ഷം നഷ്ടപ്പെട്ടാലുടന്‍ താന്‍ രാജിവക്കുമെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.