മാധ്യമങ്ങള്‍ മിതത്വം പാലിക്കണമെന്ന്‌ മുഖ്യമന്ത്രി

Thursday 19 January 2012 10:51 pm IST

കൊച്ചി: ഇ മെയില്‍ വിവാദവുമായി ബന്ധപ്പെട്ട്‌ മാധ്യമ വാരികയും പത്രവും ചെയ്തത്‌ അങ്ങേയറ്റം തെറ്റാണെന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ചിലരുടെ പേരുകള്‍ മാത്രം ഒഴിവാക്കി ഒരു പ്രത്യേക വിഭാഗത്തെ മാത്രം ഉള്‍പ്പെടുത്തിയാണ്‌ വാര്‍ത്ത നല്‍കിയത്‌. താന്‍ പറഞ്ഞതിനുശേഷമാണ്‌ ഒഴിവാക്കിയവരുടെ പേര്‌ പത്രം ഇന്ന്‌ പ്രസിദ്ധീകരിച്ചത്‌. എങ്കില്‍ ഇത്‌ നേരത്തെ ആകാമായിരുന്നില്ലേ എന്ന്‌ മുഖ്യമന്ത്രി രോഷത്തോടെ ചോദിച്ചു. കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.സ്വയം തിരുത്താനും ഉത്തരവാദിത്തം കാണിക്കാനും മാധ്യമങ്ങള്‍ തയ്യാറാകണം. പേരുകള്‍ വെട്ടി പ്രസിദ്ധീകരിച്ചത്‌ ന്യായീകരിക്കാനാകില്ല. തന്റെ പ്രസ്താവന വന്നതിന്‌ ശേഷമാണ്‌ വിട്ടുപോയ പേരുകള്‍ 'മാധ്യമം' പ്രസിദ്ധീകരിച്ചത്‌. ഈ നിലപാട്‌ ശരിയാണോ എന്ന്‌ പരിശോധിക്കണമെന്ന്‌ മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
മാധ്യമങ്ങള്‍ മിതത്വം പാലിക്കണം. ബോധപൂര്‍വ്വം പേരുകള്‍ വെട്ടിമാറ്റിയത്‌ ഹീനമായിപോയി.
സംശയകരമായ വിവരം കിട്ടിയാല്‍ അത്‌ അന്വേഷിക്കേണ്ടത്‌ പോലീസിന്റെ ജോലിയാണ്‌. ഇതൊരു സാധാരണ സംഭവമാണ്‌. ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള 268 പേരില്‍ ആരുടെയെങ്കിലും ഇ-മെയില്‍ പരിശോധിച്ചതായി തെളിയിക്കാന്‍ മുഖ്യമന്ത്രി വാരികയെ വെല്ലുവിളിച്ചു. ഇത്തരം പരിശോധനകള്‍ മുമ്പും മുന്‍ സര്‍ക്കാരുകളും ചെയ്തിട്ടുണ്ട്‌. നാളെയും ചെയ്യേണ്ടി വരും. ഈ സംഭവത്തെ എല്ലാവരുടെയും കണ്ണുതുറപ്പിക്കണമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. വാരികയ്ക്കെതിരെ നിയമ നടപടിയെടുക്കുന്നതിനെക്കുറിച്ച്‌ സര്‍ക്കാര്‍ ചിന്തിക്കുന്നില്ലെന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.