തിരുവനന്തപുരം നഗരസഭയില്‍ എല്‍ഡിഎഫ് അക്രമം

Saturday 19 March 2016 10:29 pm IST

തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സില്‍ യോഗത്തില്‍ തുരുത്തുംമൂല ബി ജെ പി കൗണ്‍സിലര്‍ വി വിജയകുമാറിനെ എല്‍ ഡി എഫ് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എസ് ഉണ്ണികൃഷ്ണന്‍, കാട്ടായിക്കോണം കൗണ്‍സിലര്‍ സിന്ധു ശശി എന്നിവരുടെ നേതൃത്വത്തില്‍ മര്‍ദിക്കുന്നു

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയില്‍ എല്‍ഡിഎഫ് കൗണ്‍സിലര്‍മാരുടെ വിളയാട്ടം. മേയര്‍ വി.കെ. പ്രശാന്തിനെ ഉപരോധിക്കുന്നതിനിടെ ബിജെപി കൗണ്‍സിലര്‍ തുരുത്തുംമൂല വി. വിജയകുമാറിനെ എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ മര്‍ദ്ദിച്ചു. വിദ്യാഭ്യാസ കായികകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ എസ്. ഉണ്ണികൃഷ്ണന്‍, കാട്ടായിക്കോണം കൗണ്‍സിലര്‍ സിന്ധു ശശി എന്നിവരുടെ നേതൃത്വത്തിലാണ് വിജയകുമാറിനെ മര്‍ദ്ദിച്ചത്. മര്‍ദ്ദനത്തില്‍ പ്രതിഷേധിച്ച് ബിജെപി കൗണ്‍സിലര്‍മാര്‍ നടത്തിയ ശക്തമായ ഉപരോധസമരത്തെ തുടര്‍ന്ന് മേയര്‍ ഖേദം പ്രകടിപ്പിച്ചു.

ഇന്നലെ വിളിച്ചുചേര്‍ത്ത പ്രത്യേക കൗണ്‍സില്‍ യോഗത്തിലാണ് നാടകീയരംഗങ്ങള്‍ അരങ്ങേറിയത്. കാട്ടായിക്കോണം മാസ്റ്റര്‍ പ്ലാന്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് എല്‍ഡിഎഫ് കൗണ്‍സിലര്‍മാരാണ് പ്രത്യേക കൗണ്‍സില്‍ യോഗം വിളിക്കണമെന്നാവശ്യപ്പെട്ടത്. എന്നാല്‍ മാസ്റ്റര്‍ പ്ലാന്‍ റദ്ദാക്കണമെന്ന ആവശ്യത്തിനെക്കാള്‍ കാട്ടായിക്കോണത്ത് ബിജെപി കലാപമുണ്ടാക്കിയെന്ന് വരുത്തിത്തീര്‍ക്കാനായിരുന്നു എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ ശ്രമിച്ചത്. ബിജെപി കൗണ്‍സിലര്‍മാര്‍ ശക്തമായ പ്രതിഷേധവുമായി പ്രതികരിച്ചത് കൗണ്‍സിലിനെ ശബ്ദായമാനമാക്കി.

ബിജെപിയെ കരിവാരിത്തേക്കാനുള്ള ശ്രമം പരാജയപ്പെട്ടതോടെ ആക്ഷേപിച്ച് പ്രകോപനം സൃഷ്ടിക്കാനുള്ള നീക്കം എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ നടത്തി.കൗണ്‍സില്‍ യോഗത്തില്‍ ഇല്ലാത്ത ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റ് വി. മുരളീധരനെയും ബിജെപി നഗരസഭാ പാര്‍ലമെന്ററി പാര്‍ട്ടി ഉപനേതാവുമായ എം.ആര്‍. ഗോപനെയും ഗുണ്ടയെന്ന് വിശേഷിപ്പിച്ച് ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ കെ. ശ്രീകുമാര്‍ രംഗത്തെത്തിയതാണ് കുഴപ്പങ്ങള്‍ക്ക് കാരണമായത്.

പ്രയോഗം പിന്‍വലിച്ച് ശ്രീകുമാര്‍ മാപ്പു പറയണമെന്ന ആവശ്യവുമായി ബിജെപി രംഗത്തെത്തി. യോഗം പിരിച്ചുവിട്ട് കൗണ്‍സില്‍ ഹാള്‍ വിടാനൊരുങ്ങിയ മേയറെ ബിജെപി കൗണ്‍സിലര്‍മാര്‍ ഉപരോധിച്ചു. ഇതിനിടെയാണ് വിദ്യാഭ്യാസ കായികകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ എസ്. ഉണ്ണികൃഷ്ണന്‍, കാട്ടായിക്കോണം കൗണ്‍സിലര്‍ സിന്ധു ശശി എന്നിവരുടെ നേതൃത്വത്തില്‍ മേയറെ ഉപരോധിച്ചിരുന്ന ബിജെപിയുടെ വി. വിജയകുമാറിനെ ചുമരില്‍ ചേര്‍ത്തുവച്ച് മര്‍ദ്ദിച്ചത്.
കൗണ്‍സിലര്‍മാര്‍ തമ്മില്‍ ഉന്തും തള്ളും ആരംഭിച്ചതോടെ മേയര്‍ ചേംബറിലേക്ക് മടങ്ങാതെ തന്റെ മുറിയിലേക്ക് പോയി.

ബിജെപി കൗണ്‍സിലര്‍മാര്‍ പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് അഡ്വ. വി.ജി. ഗിരികുമാറിന്റെ നേതൃത്വത്തില്‍ മേയറുടെ മുറിക്കു മുന്നില്‍ കുത്തിയിരുന്ന് ഉപരോധം തുടര്‍ന്നു. കന്റോണ്‍മെന്റ് എസി സെയ്ഫുദ്ദീന്റെ നേതൃത്വത്തില്‍ പോലീസും സ്ഥലത്തെത്തി. ഉപരോധം മുറുകിയതോടെ മേയര്‍ അയഞ്ഞു. യുഡിഎഫ് കൗണ്‍സിലര്‍മാരെയും ചേര്‍ത്ത് സര്‍വകക്ഷി യോഗം വിളിച്ച് പ്രശ്‌നം ചര്‍ച്ചചെയ്ത് പരിഹരിച്ചു. ശ്രീകുമാര്‍ നടത്തിയ മോശമായ പരാമര്‍ശങ്ങള്‍ സഭാരേഖകളില്‍ നിന്ന് നീക്കം ചെയ്യുമെന്നും അനിഷ്ടസംഭവത്തില്‍ ഖേദം പ്രകടിപ്പിക്കുന്നതായും മേയര്‍ മാധ്യമങ്ങളോട് പറഞ്ഞു. കാട്ടായിക്കോണം മാസ്റ്റര്‍ പ്ലാന്‍ റദ്ദാക്കണമെന്ന് മുഴുവന്‍ കൗണ്‍സിലര്‍മാരും പിന്തുണയ്ക്കുന്ന പ്രമേയം നഗരസഭ പിരിയും മുമ്പ് പാസ്സാക്കിയിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.