ചെങ്ങന്നൂര്‍: ആര്‍എസ്എസ് ശബരിഗിരി വിഭാഗ് സംഘചാലക് ഓതറ ചെറുകര പുത്തന്‍വീട്ടില്‍ റിട്ട. പ്രൊഫ. എന്‍. രാജശേഖരന് നായര്‍ (69) അന്തരിച്ചു. ഹൃദയ സംബന്ധമായ അസുഖം മൂലം രണ്ടു വര്‍ഷമായി ചികിത്സയിലായിരുന്നു. ശബരിഗിരി വിഭാഗ് രൂപീകരിച്ച 1989 മുതല്‍ സംഘചാലക് ചുമതല നിര്‍വ്വഹിച്ചു വരികയായിരുന്നു. നേരത്തെ ആര്‍എസ്എസ് ചെങ്ങന്നൂര്‍ താലൂക്ക് കാര്യവാഹ്, ആലപ്പുഴ ജില്ലാ ബൗദ്ധിക് പ്രമുഖ്, കോട്ടയം വിഭാഗ് കാര്യവാഹ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
പന്തളം, വാഴൂര്‍, ചങ്ങനാശ്ശേരി എന്‍എസ്എസ് കോളേജുകളില്‍ ദീര്‍ഘകാലം ഫിസിക്സ് പ്രൊഫസറായിരുന്നു. അടിയന്തരാവസ്ഥയ്ക്കെതിരെ ലോക്സംഘര്‍ഷ സമിതി രൂപീകരിച്ച് പ്രവര്‍ത്തിച്ചതിനെ തുടര്‍ന്ന് 14 മാസം ജയില്‍വാസം അനുഷ്ഠിച്ചിട്ടുണ്ട്. സംസ്ക്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പില്‍. പരേതരായ സി.എ. കേശവന്‍നായരും എല്‍.ഭാരതിയമ്മയുമാണ് മാതാപിതാക്കള്‍. ഭാര്യ: ആര്.രാധമ്മ (റിട്ട. ഹൈസ്കൂള്‍ അദ്ധ്യാപിക). മക്കള്‍: പാര്‍വ്വതി, മൈത്രേയി (കിടങ്ങറ എച്ച്എസ്എസ് അധ്യാപിക), ശംഭു (അമൃത എഞ്ചിനീയറിംഗ് കോളേജ് അധ്യാപകന്) മരുമകന്: സുജിത്ത് ഗോപിനാഥ്(എഞ്ചിനീയര്‍).
സംഘ ആദര്‍ശം ജീവിതത്തിന്റെ ഭാഗമാക്കി മാതൃകാ പ്രവര്‍ത്തനം കാഴ്ചവെച്ച അനുകരണീയനായ ഒരു വ്യക്തിത്വത്തെയാണ് നമുക്ക് നഷ്ടപ്പെട്ടതെന്ന് സഹപ്രാന്തകാര്യവാഹ് എം. രാധാകൃഷ്ണന് അനുശോചന സന്ദേശത്തില്‍ പറഞ്ഞു. ഗൗരവമേറിയ വിഷയങ്ങള്‍പോലും സരസമായി അവതരിപ്പിക്കാനുള്ള അദ്ദേഹത്തിന്റെ കഴിവ് വളരെ സവിശേഷമായിരുന്നു. പൊതുജീവിതത്തിലും സംഘടനാ രംഗത്തും വലിയ നഷ്ടമാണ് സംഭവിച്ചിരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: