സാക്ഷര കേരളത്തില്‍ സദാചാര പോലീസാവുന്ന ഇടതുപക്ഷ ഗുണ്ടായിസം

Sunday 20 March 2016 1:31 pm IST

ഈയടുത്ത ദിവസങ്ങളില്‍ ഇടതുപക്ഷ രാഷ്ട്രീയക്കാരുടെ സദാചാര പോലീസിങ്ങും ദുരാരോപണ പ്രചാരണങ്ങളും ആക്രമണങ്ങളും മൂലം മാനസികവേദന അനുഭവിക്കേണ്ടിവന്ന ഒന്നു രണ്ടു സ്ത്രീകളെ സംബന്ധിച്ച വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ കാണാന്‍ ഇടയായി. തീര്‍ത്തും ഭീതിതമായ സാഹചര്യമാണ് സ്ത്രീജനങ്ങള്‍ക്ക് കേരളത്തില്‍ സമ്മാനിച്ച് കൊണ്ടിരിക്കുന്നത്. സദാചാര പോലീസിങ്ങിനെതിരെ ഘോരഘോരം പ്രസംഗിക്കുന്ന പ്രത്യയശാസ്ത്രം തന്നെ രാഷ്ട്രീയ എതിരാളികളെ 'ഒതുക്കാന്‍' പബ്ലിക് ഷെയ്മിങ്ങ് എന്ന തന്ത്രം സ്വീകരിക്കുന്നത് തീര്‍ത്തും അസംബന്ധമാണെന്നേ പറയാന്‍ കഴിയുകയുള്ളൂ. ദുരാരോപണമുണ്ടാക്കി പരസ്യമായി തേജോവധം ചെയ്തു ആത്മവിശ്വാസത്തെ ഇല്ലാതാക്കുന്നതാണ് സ്ത്രീകളെ ശാരീരികമായി ആക്രമിക്കുന്നതിനെക്കാള്‍ ഫലപ്രദം എന്നറിഞ്ഞുള്ള പ്രവര്‍ത്തനമാണ് 'വെടക്കാക്കി തനിക്കാക്കുക ' ആശയക്കാരുടെ സദാചാരഗുണ്ടായിസം. എന്തുകൊണ്ട് ഇവര്‍ ഇങ്ങനെ ആയി? സോവിയറ്റ് യൂണിയനില്‍ സ്ത്രീകള്‍ക്ക് തൊഴിലിടങ്ങളില്‍ തുല്യവേതനം നടപ്പിലാക്കി എന്ന് ഊറ്റം കൊള്ളുന്ന കമ്മ്യൂണിസ്റ്റ് ബുദ്ധിജീവികളൊന്നും തന്നെ പറയാത്ത കാര്യമുണ്ട്. കമ്മ്യൂണിസ്റ്റ് സ്വര്‍ഗത്തിലെ നേതൃനിരയില്‍ എന്നും പുരുഷാധിപത്യം മാത്രമായിരുന്നു. സ്ത്രീകളുടെ ആശയങ്ങളും വാക്കുകളും സോവിയറ്റ് നേതാക്കള്‍ ഒരിക്കലും കാര്യമായെടുത്തിരുന്നില്ല. പലപ്പോഴും ചര്‍ച്ചകളില്‍ നിന്നും സ്ത്രീകളെ ഒഴിച്ചു നിര്‍ത്തിയിരുന്നു. ഗാര്‍ഹിക പീഡനങ്ങളും ലൈംഗിക അതിക്രമങ്ങളും തുടര്‍ക്കഥയായിരുന്നു. പുരുഷകേന്ദ്രീകൃതമായ അധികാരവ്യവസ്ഥിതിയുടെ സിദ്ധാന്തങ്ങള്‍ ഭരിക്കുന്ന ജനതയുടെ ചിന്തകള്‍ക്ക് ഒരിക്കലും സ്ത്രീത്വത്തിനു ഈശ്വരീയ സ്ഥാനം നല്‍കി ആദരിക്കുവാന്‍ കഴിയില്ല. അതിനാല്‍ ആ സമൂഹം സ്ത്രീവിരുദ്ധതയുടെ കേന്ദ്രമായിത്തീരുന്നു. ഇവിടെ രാഷ്ട്രീയപാര്‍ട്ടികള്‍ സദാചാരസംരക്ഷകരായി പ്രവര്‍ത്തിക്കുന്നതിന്റെ ആവശ്യകത എന്താണ് എന്ന് നാം ചിന്തിക്കേണ്ടിയിരിക്കുന്നു. താലിബാന്‍ മോഡല്‍ പാര്‍ട്ടി പ്രവര്‍ത്തന ശൈലിയില്‍ നിന്നും വിടുതല്‍ നേടി സര്‍ഗാത്മകമായ സംശുദ്ധരാഷ്ട്രീയമാണ് നാം ലക്ഷ്യം വയ്‌ക്കേണ്ടത്. സമൂഹത്തിലെ സ്ത്രീകള്‍ക്ക് ആത്മവിശ്വാസത്തോടെ പൊതു ഇടങ്ങളില്‍ പ്രവര്‍ത്തിക്കാനുള്ള അവസരമൊരുക്കുക എന്നത് സ്ത്രീകളെ ദേവതകളായി കാണുന്ന നമ്മുടെ കര്‍ത്തവ്യമാണ്. രാഷ്ട്രനിര്‍മ്മാണത്തിനായി യത്‌നിക്കുന്ന സ്വതന്ത്രചിന്തകരായ വനിതകളാണ് നമ്മുടെ നാടിന്റെ നെടുംതൂണുകളാവേണ്ടത്. സാക്ഷരതയും മനുഷ്യവികസന സൂചികകളും മാത്രം പോരാ, ധര്‍മ്മബോധമുള്ള വ്യക്തിത്വങ്ങളെ വളര്‍ത്തിയെടുക്കുന്നതിലൂടെ കൈവരിക്കുന്ന സാമൂഹികനവോത്ഥാനമാണ് കേരളത്തിനാവശ്യം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.