ഐഎസ്സും അസഹിഷ്ണുതയും

Sunday 20 March 2016 9:35 pm IST

കേന്ദ്രഭരണകൂടം ബിജെപിയുടെ കൈകളില്‍ എത്തിപ്പെട്ടതിനെതുടര്‍ന്ന് കേരളത്തിലെ ഒരുപറ്റം ബുദ്ധിജീവികളും സാഹിത്യകാരന്മാരും മാധ്യമങ്ങളും അസാധാരണമാംവിധം അസഹിഷ്ണുക്കളായി മാറിയിരിക്കുന്നു. വ്യക്തമായി ജനവിധിതേടി അധികാരത്തില്‍വന്ന നരേന്ദ്രമോദി സര്‍ക്കാരിനെ വെച്ചുപൊറുപ്പിക്കില്ല എന്നതാണ് ഇക്കൂട്ടരുടെ നിലപാട്. രാഷ്ട്രീയമായി നരേന്ദ്രമോദിയേയും അദ്ദേഹത്തിന്റെ രാഷ്ട്രീയത്തെയും എതിര്‍ക്കാനും വിമര്‍ശിക്കാനുമുള്ള അവകാശം എല്ലാവര്‍ക്കുമുണ്ട്. അത്തരം എതിര്‍പ്പുകളെ മാനിക്കാന്‍ ഭരണകൂട രാഷ്ട്രീയം ബാദ്ധ്യസ്ഥരുമാണ്. എന്നാല്‍ കുപ്രചാരണങ്ങളും ഗീബല്‍സിയന്‍ നുണകളും കൈമുതലാക്കി മൂന്നാംകിട രാഷ്ട്രീയ അങ്കത്തിനായി വേഷംകെട്ടിയാടുന്ന കപടബുദ്ധിജീവികള്‍ സമൂഹത്തിന് ശാപവും ഭാരവുമാണ്. ഇവരുടെ കോപ്രായങ്ങള്‍ സഹിക്കാവുന്നതിലും അപ്പുറമായിരിക്കയാണ്. നുണകള്‍കൊണ്ട് സത്യത്തെ കുഴിച്ചുമൂടാനുള്ള ഇത്തരക്കാരുടെ കുതന്ത്രങ്ങളെ ചെറുത്തു തോല്‍പ്പിക്കുകതന്നെവേണം. ഗുജറാത്ത് കലാപത്തിന്റെ 14-ാം വാര്‍ഷികം ഓര്‍മ്മപ്പെടുത്താനെന്നപേരില്‍ നരേന്ദ്രമോദിയെയും അദ്ദേഹത്തിന്റെ പ്രസ്ഥാനത്തെയും കരിവാരിത്തേക്കാന്‍ ചിലര്‍ ഈയടുത്ത നാളുകളില്‍ കേരളത്തില്‍ കാട്ടിയ വ്യഗ്രത ആപത്കരവും അപലപനീയവുമാണ്. നരേന്ദ്രമോദി ഗുജറാത്ത് കലാപത്തില്‍ തെറ്റായോ കുറ്റകരമാകുംവിധത്തിലോ ഉള്ള എന്തെങ്കിലും പങ്ക് വഹിച്ചതായി സാധൂകരിക്കത്തക്ക ഒരാക്ഷേപം ഇന്നുവരെ ആരും ഉന്നയിച്ചിട്ടില്ല. ഒരു കോടതിയിലും ഈ സംഭവവുമായി ബന്ധപ്പെട്ട് രജിസ്ട്രര്‍ ചെയ്യപ്പെട്ട സര്‍ക്കാര്‍തല കേസുകളിലോ സ്വകാര്യ അന്യായങ്ങളിലോ നരേന്ദ്രമോദി കുറ്റാരോപണ വിധേയനോ, പ്രതിയോ അല്ല. പ്രസ്തുത സംഭവത്തെക്കുറിച്ച് അന്വേഷിച്ച ജുഡീഷ്യല്‍ കമ്മീഷന്റെ ആദ്യറിപ്പോര്‍ട്ടിലും അദ്ദേഹത്തിന് എന്തെങ്കിലും പങ്കുള്ളതായി കണ്ടെത്തിയിട്ടില്ല. അന്തിമ റിപ്പോര്‍ട്ട് പൂര്‍ത്തിയാക്കപ്പെട്ട് പൊതുരേഖയായ ജസ്റ്റിസ് നാനാവതി റിപ്പോര്‍ട്ട് മാറിയിട്ടില്ല. എങ്കിലും നരേന്ദ്രമോദി ഇപ്പോഴും വേട്ടയാടപ്പെട്ടുകൊണ്ടിരിക്കുന്നു. ചെയ്യാത്ത കുറ്റത്തിന്റെപേരില്‍ നരേന്ദ്രമോദിയെ കുപ്രചാരണങ്ങളുടെ മുള്‍മുനയില്‍ നിര്‍ത്തി ആസ്വദിക്കുകയായിരുന്നു ചിലര്‍. നിയമസംവിധാനമോ ജനവിധിയോ അദ്ദേഹത്തെ ഗുജറാത്ത് കലാപത്തിന്റെപേരില്‍ കുറ്റപ്പെടുത്താത്ത കാലത്തോളം ഉന്നയിക്കുന്ന ആരോപണങ്ങള്‍ ദുരുദ്ദേശ്യപരവും നിലനില്‍ക്കാത്തതുമാണ്. പിന്നെന്തേ ഇപ്പോള്‍ ഓര്‍മ്മപ്പെടുത്തലുമായി ഇറങ്ങിപ്പുറപ്പെട്ടവര്‍ ബിജെപിയെ വേട്ടയാടുന്നു. ഫാസിസത്തിന്റെ പേര് പറഞ്ഞ് ദേശസ്‌നേഹികള്‍ക്കെതിരെ വിദ്വേഷത്തിന്റെ വിളവെടുപ്പ് നടത്തുന്നവര്‍ അന്ധമായ രാഷ്ട്രീയ വിരോധത്തിന്റെ വികലമായ അദ്ധ്യായങ്ങളാണ് ചരിത്രത്തില്‍ തുന്നിച്ചേര്‍ത്തുകൊണ്ടിരിക്കുന്നത്. ഗുജറാത്ത് കലാപം ആളിക്കത്തിക്കൊണ്ടിരിക്കവെ ഉന്നത പോലീസുദ്യേഗസ്ഥരുടെ കോണ്‍ഫറന്‍സില്‍ ഹിന്ദുക്കള്‍ക്ക് തിരിച്ചടിക്കാന്‍ അവസരം നല്‍കണമെന്ന് മുഖ്യമന്ത്രി പറഞ്ഞതായി ഒരു ഐപിഎസ് ഓഫീസര്‍ മൊഴിനല്‍കിയത് സംഭവം നടന്ന് നിരവധി വര്‍ഷങ്ങള്‍ക്കുശേഷമായിരുന്നു. എന്നാല്‍ പ്രസ്തുത ഓഫീസര്‍ അന്നേദിവസം മുഖ്യമന്ത്രിയുടെ കോണ്‍ഫറന്‍സില്‍ പങ്കെടുത്തില്ലെന്നു മാത്രമല്ല അന്ന് പ്രസ്തുത ഉദ്യോഗസ്ഥന്‍ സ്ഥലത്തുതന്നെയുണ്ടായിരുന്നില്ല എന്നും പിന്നീട് തെളിയിക്കപ്പെട്ടു. ഇതിനെതുടര്‍ന്നാണ് കള്ളസത്യവാങ്മൂലം നല്‍കിയതിന് പ്രസ്തുത ഓഫീസര്‍ക്കെതിരെ അച്ചടക്ക നടപടിയും പിരിച്ചുവിടലുമൊക്കെയുണ്ടായത്. ഇതിനെതിരെ നിയമയുദ്ധവും പ്രചാരണയുദ്ധങ്ങളും നടത്തിയിരുന്നു. എന്നാല്‍ സുപ്രീം കോടതിയില്‍വരെ പ്രസ്തുത ഓഫീസര്‍ നടത്തിയ നിയമയുദ്ധം പരാജയപ്പെടുകയും ടിയാന്റെമേല്‍ സ്വീകരിച്ച നടപടി പരമോന്നത നീതിപീഠം ശരിവെക്കുകയും ചെയ്തു. എന്നാല്‍ ഇതൊന്നും ഇന്നേവരെ മലയാളക്കരയില്‍ വാര്‍ത്തയാവുകയുണ്ടായില്ല. വംശഹത്യക്കാരനെന്നും ഫാസിസ്റ്റെന്നും മരണത്തിന്റെ വ്യാപാരിയെന്നുമൊക്കെ നരേന്ദ്രമോദിയെ വിളിച്ചാക്ഷേപിച്ചവര്‍ യഥാര്‍ത്ഥ വസ്തുതകള്‍ മറച്ചുവെയ്ക്കുകയായിരുന്നു. അവര്‍ നിര്‍ദാക്ഷിണ്യം നരേന്ദ്രമോദിക്കെതിരെ അസഹിഷ്ണുത പ്രകടിപ്പിക്കുന്നു. സഹിഷ്ണുതയുടെ അടിസ്ഥാന പാഠം കുടിയിരിക്കുന്നത് ജനമദ്ധ്യത്തില്‍ പരസ്പരമുള്ള സഹിക്കലിലാണ്. അന്ധമായ രാഷ്ട്രീയവിരോധംകൊണ്ട് തെരഞ്ഞെടുക്കപ്പെട്ട ജനനായകനെ സഹിക്കാനാവാത്തവര്‍ക്ക് അസഹിഷ്ണുത ആരോപിച്ച് പോരാട്ടം നടത്താന്‍ എന്തവകാശമാണുള്ളത്? എതിരാളിയുള്‍പ്പെടെയുള്ളവരോട് സമഭാവന കാട്ടാന്‍ സാധിക്കാത്ത അസഹിഷ്ണുക്കളുടെ കൈയ്യിലാണ് സാക്ഷര കേരളം എത്തിപ്പെട്ടിട്ടുള്ളതെന്നത് ഒരു ദുഃഖസത്യമാണ്. ജനാധിപത്യത്തിന്റെ അടിസ്ഥാന പ്രമാണമനുസരിച്ച് ജനങ്ങള്‍ തെരഞ്ഞെടുത്തവര്‍ക്ക് ഭരിക്കാനുള്ള അഞ്ചുവര്‍ഷത്തെ സാവകാശം നല്‍കയാണുവേണ്ടത്. പക്ഷേ ഇവിടെ അതല്ല സംഭവിക്കുന്നത്. കേരളത്തില്‍ ഈയടുത്തകാലത്ത് ഒരു മുഖ്യാധാരാ ദിനപത്രത്തിന്റെ വിവിധ സ്ഥലങ്ങളിലെ ഓഫീസുകളില്‍ കയറി അക്രമങ്ങള്‍ നടത്തുകയും പത്രസ്ഥാപനത്തിന്റെ നിലനില്‍പ്പുതന്നെ അപകടത്തലാവുന്ന സ്ഥിതിവിശേഷം സംജാതമാകുകയും ചെയ്തിരുന്നു. പ്രവാചകനിന്ദ നടത്തിയെന്നതായിരുന്നു ആരോപണം. പ്രസ്തുത ഫേസ്ബുക്ക് വരികള്‍ അത്യന്തം വിഷലിപ്തമായിരുന്നു എന്നത് സത്യമാണ്. പക്ഷേ താലിബാന്‍ മോഡല്‍ പ്രതിവിധിയല്ലല്ലോ ആ കുറ്റത്തിന് നല്‍കേണ്ടത്? പ്രസ്തുത പത്രം ആ വാര്‍ത്ത പ്രസിദ്ധീകരിക്കാനിടയായതിന്റെപേരില്‍ പരസ്യമായി മാപ്പ് ചോദിക്കുകയും വാര്‍ത്ത പിന്‍വലിക്കുകയും ചെയ്തിരുന്നു. എന്നാല്‍ മാധ്യമസ്വാതന്ത്ര്യത്തിനുനേരെ നടന്ന കൈയേറ്റങ്ങളില്‍ പ്രതിഷേധിക്കാനോ അങ്ങനെയൊരു സംഭവം നടന്ന വിവരം പുറംലോകത്തെ അറിയിക്കാന്‍ പോലുമോ കേരളത്തിലെ പ്രധാന മാധ്യമങ്ങള്‍ തയ്യാറായില്ല. മനുഷ്യാവകാശങ്ങളുടെ സംരക്ഷകരും ഫാസിസ്റ്റ് വിരുദ്ധ സമരത്തിന്റെ നായകന്മാരുമൊക്കെ എന്തേ മൗനികളായിപ്പോയി? ആരെയാണിവര്‍ ഭയപ്പെടുന്നത്? അക്രമസംഭവത്തിന്റെപേരില്‍ കേസുകളൊന്നും രജിസ്റ്റര്‍ ചെയ്തതായി അറിവായിട്ടില്ല. അറിയാനുള്ള പൗരന്റെ അവകാശം നിഷേധിക്കപ്പെടുകയും മാധ്യമസ്വാതന്ത്ര്യം കയ്യേറ്റത്തിനു വിധേയമാവുകയും നിരവധി പത്രജീവനക്കാര്‍ക്ക് ജോലി നഷ്ടപ്പെടുകയും ചെയ്തിട്ടും എന്തേ നമ്മുടെ ബുദ്ധിജീവികള്‍ വാതുറക്കാനോ തൂലിക ചലിപ്പിക്കാനോ തയ്യാറായില്ല? മനുഷ്യാവകാശങ്ങളെക്കുറിച്ച് പറയാന്‍ ഇവര്‍ക്കൊക്കെ എന്തവകാശമാണുള്ളത്? മാനവരാശി നേരിടുന്ന ഏറ്റവും വലിയ വിപത്തുകളിലൊന്നായി ഐഎസ്‌ഐഎസ് മാറിയിട്ടും അത്തരം പ്രവണതകള്‍ക്ക് വളക്കൂറുള്ള മണ്ണായി കേരളം മാറുന്നത് പകല്‍പോലെ വ്യക്തമായിട്ടും ഇവിടെ ആരും ഒന്നും ഇരിയാടുന്നില്ല. ലോകം കണ്ട ഏറ്റവും വലിയ ക്രൂരതകള്‍ ദൈവത്തിന്റെ പേരില്‍ ഇസ്ലാമിക് സ്റ്റേറ്റ് സംഘടിപ്പിക്കുമ്പോള്‍ അത് കണ്ടില്ലെന്ന് നടിക്കുന്ന കപടമനുഷ്യസ്‌നേഹികള്‍ ധാരാളമുള്ള നാടാണ് കേരളം. ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആന്റ് സിറിയ എന്ന് പേരിലറിയപ്പെടുന്ന ഈ മതഭീകരവാദ സംഘടന നടത്തുന്ന പൈശാചികമായ പ്രവര്‍ത്തികള്‍ക്കെതിരെ പ്രതികരിക്കാത്തവരാണ് ഇവിടെ നരേന്ദ്രമോദിക്കും അദ്ദേഹത്തിന്റെ പ്രസ്ഥാനത്തിനുമെതിരെ കൊലവിളി നടത്തുന്നത്. 1922 നവംബറില്‍ തുര്‍ക്കിയില്‍ മുസ്തഫ കമാലിന്റെ നേതൃത്വത്തില്‍ സുല്‍ത്താനേറ്റ് ഇല്ലാതാക്കിയതിനെത്തുടര്‍ന്ന് അത് സ്ഥാപിച്ചെടുക്കാനായി നടത്തുന്ന ശ്രമങ്ങള്‍ ഇപ്പോഴത്തെ ഇസ്ലാം സ്റ്റേറ്റ് വാദത്തോളം വളര്‍ന്നിരിക്കുന്നു എന്നതാണ് വസ്തുത. 1928 ല്‍ ഈജിപ്ത് ട്രസ്റ്റ് സ്ഥാപിച്ച മദര്‍ഹുഡും അത് അടിസ്ഥാനമായി രൂപപ്പെട്ട അല്‍ഖ്വയ്ദയും അതിന്റെ കൂടുതല്‍ രൂക്ഷഭാവമായ ഐഎസ്സുമെല്ലാം ചേര്‍ന്ന് ഒരുക്കുന്ന വിപത്തിനെതിരെ ചെറുവിരലനക്കാത്ത സംസ്‌കാരിക നായകന്മാരുടെ, ബിജെപിക്കെതിരായ യുദ്ധപ്രഖ്യാപനങ്ങളെ ചെറുത്തുതോല്‍പ്പിക്കുകയാണ് വേണ്ടത്. അസഹിഷ്ണുതയ്ക്ക് ലേബലൊട്ടിച്ച് പ്രതികരിക്കുന്ന ഒരു സ്വഭാവം ഇവിടെ സജീവമാണെന്ന കാര്യം എടുത്തുപറയേണ്ടതുണ്ട്. സിപിഎം ഉള്‍പ്പെടെയുള്ള കക്ഷികളുടെ ക്രൂരയാഥാര്‍ത്ഥ്യങ്ങള്‍ മറച്ചുവെക്കുകയും സംഘപരിവാറിനുനേരെ നട്ടാല്‍ പൊടിക്കാത്ത ആരോപണങ്ങളുയര്‍ത്തുകയും ചെയ്യുന്ന രീതി ബുദ്ധിജീവികളുടെ ഇടയില്‍ ഉള്‍പ്പെടെ സജീവമാണ്. ഇലക്ഷന്‍ കാലത്ത് ചീമേനിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സിപിഎമ്മുകാരെ തീയിട്ടുകൊന്ന നീച പ്രവൃത്തി ഇപ്പോഴും പലവിധത്തില്‍ തുടരുന്നില്ലേ? അച്യുതമേനോന്‍ മുഖ്യമന്ത്രിയായതില്‍ പ്രതിഷേധിച്ച് നടത്തിയ ബന്ദില്‍ അഞ്ച് ബസ് യാത്രക്കാരെയാണ് സിപിഎമ്മുകാര്‍ തീയിട്ട് കൊന്നത്. ബന്ദിനെക്കുറിച്ചറിയാതെ പുലര്‍ച്ചെ അഞ്ചിന് ജോലിക്ക് പോകാന്‍ ബസ്സില്‍ കയറിയ ഹതഭാഗ്യര്‍ക്കാണ് ഈ ഗതിയുണ്ടായത്. അസഹിഷ്ണുതയ്‌ക്കെതിരെ തൊണ്ടതുറക്കുന്നവര്‍ പലപ്പോഴും അസഹിഷ്ണുതയെ താലോലിക്കുന്ന സമീപനമല്ലേ പുലര്‍ത്തുന്നത്? പാപ്പിനിശ്ശേരിയില്‍ മിണ്ടാപ്രാണികളെ ചുട്ടെരിച്ചവര്‍, ക്ലാസ് മുറിയില്‍ അദ്ധ്യാപകനെ വെട്ടിക്കൊന്നവര്‍, നെയ്യാറ്റിന്‍കരയില്‍ പിഞ്ചുകുഞ്ഞിന്റെ പാദം വെട്ടിയരിഞ്ഞവര്‍, കൊലപാതകം നടത്തിയതിന്റെ സ്മരണ പുതുക്കാന്‍ കതിരൂരില്‍ വൈദ്യുതികാലില്‍ നായ്ക്കളെ വെട്ടിക്കൊന്ന് തൂക്കിയവര്‍ അങ്ങനെ സമൂഹത്തില്‍ ഐഎസ് തീവ്രവാദികളെക്കാള്‍ ഭീകരമായി ക്രൂരതവിതച്ചവരാണ് സിപിഎം. എന്നാല്‍ അതൊക്കെ സൗകര്യപൂര്‍വ്വം മറച്ചുവെച്ചുകൊണ്ട് സംഘപരിവാര്‍ സംഘടനകള്‍ക്കുനേരെ വിദ്വേഷജല്‍പ്പനങ്ങളുമായി രംഗത്തിറങ്ങുകയാണ് ബുദ്ധിജീവികള്‍ ഉള്‍പ്പെടെയുള്ളവരുടെ നടപ്പുരീതി. യാഥാര്‍ത്ഥ്യങ്ങളെ സൗകര്യപൂര്‍വ്വം വിസ്മരിക്കുകയും അസംബന്ധങ്ങള്‍ കൊട്ടിഘോഷിച്ച് നടക്കുകയും ചെയ്യുന്നത് തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജ്ജം പകരുകയേയുള്ളൂ. സമീപകാല സംഭവങ്ങള്‍ പലതും വിരല്‍ചൂണ്ടുന്നത് അപകടകരമായ സ്ഥിതിവിശേഷത്തിലേക്കാണ്. വസ്തുതകളെ അതിന്റെ സമഗ്രമായ രീതിയില്‍ സമൂഹത്തിന് നല്‍കേണ്ട മാധ്യമപ്രവര്‍ത്തകരെപോലും നിശബ്ദരാക്കുന്ന തരത്തിലേക്ക് കാര്യങ്ങള്‍ വഴിമറിഞ്ഞു പോയിരിക്കുന്നു. ഈ അപകടകരമായ സ്ഥിതിവിശേഷം ഇല്ലാതാവണമെങ്കില്‍ സത്യസന്ധമായ നിലപാടും നിരീക്ഷണവും ആവശ്യമാണ്.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.