വീട് കുത്തിത്തുറന്ന് മോഷണം; നാടോടി യുവതി പിടിയില്‍

Sunday 20 March 2016 8:58 pm IST

തിരുവല്ല: വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ നാടോടി യുവതി പിടിയില്‍. തമിഴ്‌നാട് പൊളളാച്ചി കുളക്കപ്പാളയം മുത്തുമാരി (38) യെയാണ് വളളംകുളം മുരിങ്ങശ്ശേരില്‍ ബിജു ഉമ്മന്റെ വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ കേസില്‍ തിരുവല്ല പോലീസ് ഇന്നലെ പിടികൂടിയത്. ഓശാന ഞായറാഴ്ച്ചയോട് അനുബന്ധിച്ച് വീട്ടുകാര്‍ പളളിയില്‍ പോയ തക്കം നോക്കി രാവിലെ 11 മണിയോടെ വീടിന് പിന്നിലെ അടുക്കള വാതില്‍ കുത്തിത്തുറന്ന് അകത്തു കടന്ന യുവതി മുറിക്കുളളിലെ അലമാരയുടെ താഴ് തകര്‍ത്ത് ബാഗും അടുക്കളയിലെ പാത്രങ്ങളുമായി കടക്കാന്‍ ശ്രമിക്കുകയായിരുന്നു. മോഷ്ടിച്ച സാധനങ്ങള്‍ കടത്താന്‍ ശ്രമിക്കുന്നതിനിടെ അയല്‍ക്കാര്‍ എത്തുന്നത് കണ്ട യുവതി സാധനങ്ങള്‍ ഉപേക്ഷിച്ച് ഇവിടെ നിന്നും രക്ഷപെടുകയായിരുന്നു. അയല്‍ക്കാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്നെത്തിയ പോലീസ് നെല്ലാട് ജംഗ്ഷന് സമീപത്ത് നിന്നും 12 മണിയോടെ ഇവരെ പിടികൂടി. കോഴഞ്ചേരിയില്‍ താവളമടിച്ചിരിക്കുന്ന നാടോടി സംഘത്തില്‍ പെട്ടതാണ് യുവതിയെന്ന് പോലീസ് അറിയിച്ചു. എസ്.ഐ വിനോദ്കൃഷ്ണന്‍, എഡീഷണല്‍ എസ്.ഐ പ്രഭാകരന്‍, സി.പി.ഒ മാരായ ഒളിവര്‍, മാത്യു, ശ്രീദേവി എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസറ്റ്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.