പാലക്കാട്: സ്ഥാനാര്‍ത്ഥികളെ കണ്ടെത്താനാകാതെ സിപിഎം

Sunday 20 March 2016 9:17 pm IST

പാലക്കാട്: ഒരിയ്ക്കല്‍ ഇടതുകോട്ടയായിരുന്ന പാലക്കാട് ജില്ലയില്‍ സ്ഥാനാര്‍ത്ഥികളെ കണ്ടെത്താന്‍ പോലുമാകാതെ സിപിഎം നട്ടംതിരിയുന്നു. തുടര്‍ച്ചയായി സിപിഎം ജയിക്കുന്ന മണ്ഡലങ്ങളില്‍ പോലും സ്ഥാനാര്‍ത്ഥി യുടെ പേരില്‍ കീഴ്ഘടകങ്ങളും മേല്‍ഘടകങ്ങളും തമ്മില്‍ കടുത്ത ഭിന്നതയിലാണ്. മണ്ഡലം കമ്മറ്റികളുടെ നിര്‍ദ്ദേശം അവഗണിച്ചാണ്  ജില്ലാഘടകം സ്ഥാനാര്‍ത്ഥികളുടെ ആദ്യസാധ്യതാ പട്ടിക സംസ്ഥാനത്തിനയച്ചത്. ആ നിര്‍ദ്ദേശം തള്ളിയ സംസ്ഥാന കമ്മറ്റി ചില മണ്ഡലങ്ങളില്‍ വീണ്ടും സ്ഥാനാര്‍ത്ഥിയെ കണ്ടെത്താന്‍ നിര്‍ദ്ദേശിച്ചത് ജില്ലാ നേതൃത്വത്തെയും കീഴ്ഘടകങ്ങളെയും അമര്‍ഷത്തിലാക്കിയിരിക്കുകയാണ്. പാലക്കാട് മണ്ഡലത്തിലേക്ക് സ്ഥാനാര്‍ത്ഥിയെ ഇതുവരെ കണ്ടെത്തിയിട്ടില്ല. മുന്‍ എംപിയും വിഎസ് പക്ഷക്കാരനുമായ എന്‍.എന്‍. കൃഷ്ണദാസിന്റെ പേരാണ് അവസാനം പട്ടികയിലുളളത്. എന്നാല്‍ നെന്മാറ പോലെയുള്ള ഉറച്ച സീറ്റു വേണമെന്ന ആവശ്യം നേരത്തെ കൃഷ്ണദാസ് ഉന്നയിച്ചിരുന്നു. ഒക്‌ടോബറില്‍ നടന്ന തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ കൃഷ്ണദാസിന്റെ നോമിനികളായ രണ്ട് മുന്‍ എംഎല്‍എ മാര്‍ നഗരസഭാ വാര്‍ഡുകളില്‍ ദയനീയമായി പരാജയപ്പെട്ടിരുന്നു. തുടര്‍ച്ചയായി സിപിഎം വിജയിച്ച ഒറ്റപ്പാലത്ത് മൂന്നാമതും സ്ഥാനാര്‍ഥിയെ മാറ്റി നിശ്ചയിച്ചതും ഉള്‍പ്പോര് മൂലമാണെന്നാണ് സൂചന. പാര്‍ട്ടി സംസ്ഥാന കമ്മിറ്റി അംഗവും മുന്‍ ജില്ലാ സെക്രട്ടറിയുമായ പി. ഉണ്ണിയുടെ പേരാണ് അവസാനം ജില്ലാ സെക്രട്ടേറിയറ്റ് യോഗം തീരുമാനിച്ചത്. ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് സുബൈദ ഇസ്ഹാഖിനെയായിരുന്നു ആദ്യം നിശ്ചയിച്ചത്. സിഐടിയു ജില്ലാ സെക്രട്ടറി പി.കെ. ശശിയുടെ പേരാണ് ഒറ്റപ്പാലത്തേക്കു ജില്ലയില്‍ നിന്നു രണ്ടാമത് ശുപാര്‍ശ ചെയ്തിരുന്നത്. സിറ്റിങ് എംഎല്‍എ എം. ഹംസയെ നിലനിര്‍ത്തണമെന്നായിരുന്നു കീഴ്ഘടകങ്ങളുടെ ആവശ്യം. ഇതേത്തുടര്‍ന്ന് സമവായമായാണ് ഉണ്ണിയെ നിര്‍ദ്ദേശിച്ചത് എന്നറിയുന്നു. നേരത്തെ സ്ഥാനാര്‍ഥി നിര്‍ണയം സംബന്ധിച്ച നിര്‍ദേശങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ചേര്‍ന്ന മണ്ഡലം കമ്മിറ്റി യോഗങ്ങളില്‍ ഒറ്റപ്പാലത്തും ഷൊര്‍ണൂരും കടുത്ത എതിര്‍സ്വരമുയര്‍ന്നിരുന്നു. നേതൃത്വം നിശ്ചയിച്ച സ്ഥാനാര്‍ഥിയെ വേണ്ടെന്ന് രണ്ടിടത്തും വലിയൊരു വിഭാഗം മണ്ഡലം കമ്മിറ്റി അംഗങ്ങള്‍ ആവശ്യപ്പെട്ടു. ഒറ്റപ്പാലത്തു സിറ്റിങ് എംഎല്‍എ എം. ഹംസയെയും ഷൊര്‍ണൂരില്‍ പാര്‍ട്ടി ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി.കെ. സുധാകരനെയും മത്സരിപ്പിക്കണമെന്നാണു വാദം. മണ്ഡലം കമ്മറ്റി യോഗത്തില്‍ 24 പേരില്‍ ഭൂരിപക്ഷവും ഹംസയ്ക്കു വേണ്ടി വാദിച്ചു. ഷൊര്‍ണൂര്‍ നിയോജകമണ്ഡലം കമ്മിറ്റിയില്‍ 32 -ല്‍ 19 അംഗങ്ങളും ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി.കെ. സുധാകരനൊപ്പമായിരുന്നു. സുധാകരന്റെ അയോഗ്യത എന്താണെന്നുവരെ ചിലര്‍ തുറന്നടിച്ചു. ഷൊര്‍ണൂര്‍ മണ്ഡലത്തില്‍ അഞ്ചു വര്‍ഷത്തെ വികസന മുരടിപ്പിനു കാരണം മണ്ഡലത്തിനു പുറത്തു നിന്നുള്ള സ്ഥാനാര്‍ഥി ആയതിനാലാണെന്നും തികച്ചും ജനകീയനായ സ്ഥാനാര്‍ഥിയാണ് ഷൊര്‍ണൂരില്‍ വേണ്ടതെന്നും അഭിപ്രായമുയര്‍ന്നു. ഒറ്റപ്പാലത്തു നിന്ന് ഷൊര്‍ണൂരിലേക്ക് സുബൈദയെ മാറ്റാന്‍ ശ്രമിച്ച ജില്ലാ നേതൃത്തിനെതിരെയും ഇതേ അഭിപ്രായമാണ് മണ്ഡലം കമ്മറ്റി ഉന്നയിച്ചത്. എന്നാല്‍ ഇക്കാര്യം പരിഗണിക്കാതെ പി.കെ. ശശിയുടെ പേരു തന്നെ നിലനിര്‍ത്താന്‍ ജില്ലാ നേതൃത്വം തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞ തവണ ഷൊര്‍ണൂരില്‍ നിന്ന് വനിതാ എംഎല്‍എ ആയിരുന്നു. ഇക്കുറി തൃത്താല മണ്ഡലത്തില്‍ ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡണ്ട് അഡ്വ. വി.പി. റജീനയെ നിശ്ചയിച്ചതോടെ സുബൈദ ഇസ്ഹാഖിന്റെ സ്ഥാനാര്‍ത്ഥിത്വം അനിശ്ചിതത്വത്തിലാണ്. നെന്മാറ മണ്ഡലം കമ്മിറ്റിയില്‍ ഒരു വിഭാഗം അംഗങ്ങള്‍ക്ക് ജില്ലാ സെക്രട്ടേറിയറ്റ് അംഗം ആര്‍. ചിന്നക്കുട്ടനെ സ്ഥാനാര്‍ഥിയാക്കണമെന്ന് അഭിപ്രായമുണ്ട്. ഇവിടെ കൊല്ലങ്കോട് ഏരിയ സെക്രട്ടറി കെ. ബാബുവാണ് സ്ഥാനാര്‍ത്ഥി. ഈ ഭിന്നത തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ അഭിപ്രായം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.