കലാഭവന്‍ മണിയുടെ മരണം സിബിഐ അന്വേഷിക്കണം: കുമ്മനം

Sunday 20 March 2016 4:40 pm IST

ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ കലാഭവന്‍ മണിയുടെ വീട്ടിലെത്തി ഭാര്യയുമായി സംസാരിക്കുന്നു

ചാലക്കുടി: കലാഭവന്‍ മണിയുടെ മരണത്തെക്കുറിച്ച് സിബിഐ അന്വേഷിക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ആവശ്യപ്പെട്ടു. കലാഭവന്‍ മണിയിലൂടെ കലാകേരളത്തിന് നഷ്ടപ്പെട്ടിരിക്കുന്നത് അതുല്യ സര്‍ഗ്ഗപ്രതിഭയെയാണ്, കുമ്മനം പറഞ്ഞു.
മണിയുടെ വീട്ടിലെത്തിയ കുമ്മനം രാജശേഖരന്‍ ഭാര്യ നിമ്മി,സഹോദരന്‍ ആര്‍.എല്‍.വി രാമകൃഷ്ണന്‍, മകള്‍ ശ്രീലക്ഷ്മി എന്നിവരെ ആശ്വസിപ്പിച്ചു. മരണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചോദിച്ചുമനസിലാക്കി.

മണി മരിച്ച് രണ്ടാഴ്ച കഴിഞ്ഞിട്ടും സര്‍ക്കാര്‍ ഇക്കാര്യത്തില്‍ കാര്യമായി ഒന്നും ചെയ്തില്ല. സംഭവത്തിലെ എല്ലാ ദുരൂഹതകളും പുറത്തുവരണം. അതിനുപിന്നില്‍ എത്ര ഉന്നതരായാലും അവരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരേണ്ടത് സര്‍ക്കാരിന്റെ ബാധ്യതയാണ്. നാളിതുവരെയുള്ള അന്വേഷണത്തില്‍ തൃപ്തിയിലാത്ത സാഹചര്യത്തില്‍ സമഗ്രവും, ശാസ്ത്രീയവുമായ ഒരന്വേഷണമാണ് ആവശ്യം. അത് നടത്തുവാന്‍ സര്‍ക്കാര്‍ തയ്യാറാവണം. മണിക്ക് നേരെയുണ്ടായിരുന്ന ഭീഷണികള്‍ മറ്റുകേസുകള്‍ സംബന്ധിച്ച കാര്യങ്ങള്‍, വ്യാപകമായി മണിക്കെതിരെ ഉയരുന്ന വ്യാജപ്രചാരണം എന്നിവയെക്കുറിച്ചെല്ലാം വിശദമായ അന്വേഷണം വേണം.

വ്യാജപ്രചാരണം നടത്തുന്നതും അവരുടെ ലക്ഷ്യവും കണ്ടത്തേണ്ടതുണ്ട്.
ജനങ്ങള്‍ ഇഷ്ടപ്പടുന്ന ഒരു കലാകാരന്റെ മരണത്തെ സംബന്ധിച്ച സംശയങ്ങള്‍ക്ക് പരിഹാരം കാണുവാനും, മണിയെപ്പോലുള്ള ഒരു കലാകാരന്റെ മരണത്തെ സംബന്ധിച്ച് ജനങ്ങളും ആരാധകരും ആശങ്കയിലാണ്. ഇതിന് പരിഹാരം കാണുവാന്‍ സര്‍ക്കാരിന് ഉത്തരവാദിത്തം ഉണ്ട്. മണിയുടെ മരണം യാദൃശ്ചിക സംഭവമായി കാണുവാന്‍ കഴിയുകയില്ല. അദ്ദേഹത്തിന്റെ മരണവുമായി ബന്ധപ്പെട്ട് കുടുംബാംഗങ്ങളും മറ്റും സംശയം ഉന്നയിക്കുന്ന സാഹചര്യത്തില്‍ കേസ് സിബിഐയെ ഏല്‍പ്പിക്കുവാന്‍ സര്‍ക്കാര്‍ തയ്യാറാക്കണം.
കലാഭവന്‍ മണിയുടെ വീട്ടിലെത്തിയ കുമ്മനം രാജശേഖരന്‍ മണിയുടെ കുഴിമാടത്തില്‍ ആദരാഞ്ജലി അര്‍പ്പിച്ചു. മണിയെ അവശനിലയില്‍ കാണപ്പെട്ട പാഡിയും കുമ്മനം സന്ദര്‍ശിച്ചു. കേസ് അന്വേഷണത്തില്‍ വേണ്ടത്ര സംതൃപ്തിയില്ലെന്നും ആവശ്യമായ സഹായം വേണമെന്നും രാമകൃഷ്ണന്‍ ആവശ്യപ്പെട്ടപ്പോള്‍ എല്ലാവിധ സഹായങ്ങളും കുമ്മനം വാഗ്ദാനം ചെയ്തു. ദേശീയ നിര്‍വ്വാഹക സമിതിയംഗം പി.കെ.കൃഷ്ണദാസ്, സംസ്ഥാന വൈസ് പ്രസിഡന്റ് പി.എം.വേലായുധന്‍, ശശി അയ്യന്‍ച്ചിറ, ജില്ലാ പ്രസിഡന്റ് എ.നാഗേഷ്,ജനറല്‍ സെക്രട്ടറി കെ.പി.ജോര്‍ജ്ജ്, കാലടി മണ്ഡലം പ്രസിഡന്റ് എം.എന്‍.ഗോപി,മണ്ഡലം ഭാരവാഹികളായ ടി.വി.ഷാജി, കെ.എ.സുരേഷ്. ബൈജു ശ്രീപുരം. കെ.വി.അശോകന്‍. അഡ്വ.സജികുറുപ്പ്, ടി.എസ്.മുകഷ് തുടങ്ങിയവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.