ഈ മാസ്റ്റര്‍ പ്ലാന്‍ കീറിയെറിയണം

Sunday 20 March 2016 9:59 pm IST

തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സില്‍ യോഗത്തില്‍ തുരുത്തുംമൂല ബി ജെ പി കൗണ്‍സിലര്‍ വി വിജയകുമാറിനെ എല്‍ ഡി എഫ് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എസ് ഉണ്ണികൃഷ്ണന്‍, കാട്ടായിക്കോണം കൗണ്‍സിലര്‍ സിന്ധു ശശി എന്നിവരുടെ നേതൃത്വത്തില്‍ മര്‍ദിക്കുന്നു

തിരുവനന്തപുരം നഗരത്തിനായി തയ്യാറാക്കിയ മാസ്റ്റര്‍ പ്ലാന്‍ തെരുവിലും നഗരസഭയ്ക്കത്തും സംഘര്‍ഷത്തിന് കാരണമായിരിക്കുകയാണ്. നാലുവര്‍ഷം മുമ്പ് തയ്യാറാക്കിയ മാസ്റ്റര്‍ പ്ലാന്‍ നഗര വികസനത്തിനല്ല, വലിയൊരു ജനവിഭാഗത്തെ പിഴുതെറിയാനാണെന്ന ആരോപണം നേരത്തെ തന്നെയുണ്ട്. ഒരു കൂടിയാലോചനയുമില്ലാത്തതും നഗരാസൂത്രണത്തിന്റെ മാനദണ്ഡങ്ങള്‍ പാലിക്കാത്തതും പ്രൊഫഷണലിസം തൊണ്ടുതീണ്ടാത്തതുമാണതെന്ന് ആക്ഷേപമുണ്ട്.

മുന്‍ മാസ്റ്റര്‍ പ്ലാനുകളുമായി ഒരു പൊരുത്തവുമില്ലാത്തതും സുതാര്യത ഇല്ലാത്തതുമാണത്. ചില സാമുദായിക കക്ഷികളും ഭൂമാഫിയകളും അഴിമതിക്കാരായ ഭരണ-പ്രതിപക്ഷ രാഷ്ട്രീയ നേതാക്കളും ഒളിഞ്ഞും തെളിഞ്ഞും മാസ്റ്റര്‍ പ്ലാനിനായി നിലകൊള്ളുകയാണ്. പ്ലാന്‍ യാഥാര്‍ത്ഥ്യമാകുമ്പോള്‍ പുറന്തള്ളപ്പെടുന്ന ആയിരക്കണക്കിന് കുടുംബങ്ങള്‍ പ്രത്യക്ഷ സമരത്തിനിറങ്ങിയപ്പോള്‍ തല്‍ക്കാലം നടപ്പിലാക്കില്ലെന്നറിയിച്ചിരുന്നു.

വീണ്ടും പൊടിതട്ടിയെടുക്കുകയാണുണ്ടായത്. ഇതറിഞ്ഞ് പ്രതിഷേധപ്രകടനം നടത്തിയ ബിജെപി പ്രവര്‍ത്തകരെ സായുധാക്രമണത്തിലൂടെ നേരിട്ട സിപിഎം തങ്ങള്‍ മാസ്റ്റര്‍ പ്ലാനിന് എതിരാണെന്ന് ഇപ്പോള്‍ പറയുന്നത് ഇരട്ടത്താപ്പാണ്. മാസ്റ്റര്‍ പ്ലാനിനെതിരാണെങ്കില്‍ എന്തിനാണ് പ്രകടനം നടത്തിയവരെ ആക്രമിച്ചതെന്ന ചോദ്യത്തിന് ഉത്തരം നല്‍കിയിട്ടില്ല. ഈ വിഷയം നഗരസഭയിലെത്തിയപ്പോള്‍ അവിടെയും കയ്യാങ്കളി നടത്തുന്ന കാഴ്ചയാണ് ശനിയാഴ്ച കണ്ടത്. സ്ത്രീകളടക്കമുള്ള സിപിഎം കൗണ്‍സിലര്‍മാര്‍ വിഷയം ഉന്നയിച്ച ബിജെപി കൗണ്‍സിലര്‍മാരെ മര്‍ദ്ദിക്കാനാണ് മുതിര്‍ന്നത്. ചെങ്കൊടിമാത്രം പിടിച്ച് ശീലിച്ച പാവപ്പെട്ട സ്വന്തം അണികളെ ബലികൊടുക്കാനുള്ള നേതൃത്വത്തിന്റെ കള്ളക്കളി വെളിച്ചത്തുകൊണ്ടുവരുന്നതിലുള്ള വെപ്രാളമാണ് അവര്‍ കാണിച്ചിരിക്കുന്നത്.

കാട്ടായിക്കോണം മാസ്റ്റര്‍ പ്ലാന്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് എല്‍ഡിഎഫ് കൗണ്‍സിലര്‍മാരാണ് പ്രത്യേക കൗണ്‍സില്‍ യോഗം വിളിക്കണമെന്നാവശ്യപ്പെട്ടത്. എന്നാല്‍ മാസ്റ്റര്‍ പ്ലാന്‍ റദ്ദാക്കണമെന്ന ആവശ്യത്തിനെക്കാള്‍ കാട്ടായിക്കോണത്ത് ബിജെപി കലാപമുണ്ടാക്കിയെന്ന് വരുത്തിത്തീര്‍ക്കാനായിരുന്നു എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ ശ്രമിച്ചത്. ബിജെപി കൗണ്‍സിലര്‍മാര്‍ ശക്തമായി പ്രതിഷേധിച്ചത് കൗണ്‍സിലിനെ സംഘര്‍ഷത്തിന്റെ വക്കിലെത്തിക്കുകയായിരുന്നു. ബിജെപിയെ കരിവാരിത്തേക്കാനുള്ള ശ്രമം പരാജയപ്പെട്ടതോടെ ആക്ഷേപിച്ച് പ്രകോപനം സൃഷ്ടിക്കാനുള്ള നീക്കം എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ നടത്തുന്നതാണ് കാണാനായത്.

ഒരുഘട്ടത്തില്‍ അക്രമത്തിന്റെ ദൃശ്യങ്ങളടങ്ങിയ പോസ്റ്ററുകള്‍ ബിജെപി കൗണ്‍സിലര്‍മാര്‍ ഉയര്‍ത്തിക്കാണിച്ചു. സ്വന്തം ചെയ്തികളെ ന്യായീകരിക്കാനാകാതെ എല്‍ഡിഎഫ് നിരന്തരം ബിജെപി നേതാക്കളെ പ്രകോപിപ്പിക്കാനായിരുന്നു ശ്രമിച്ചത്. പ്ലാന്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഓഫീസിനുമുന്നില്‍ മേയറുടെ നേതൃത്വത്തില്‍ കുത്തിയിരിപ്പു സമരം നടത്തിയത് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണെന്ന് ഇപ്പോള്‍ വെളിപ്പെട്ടിരിക്കുകയാണ്. അക്രമത്തിലൂടെ തിരുവനന്തപുരത്തെ കണ്ണൂരാക്കാന്‍ സിപിഎമ്മിനെ അനുവദിക്കില്ലെന്ന മുന്നറിയിപ്പും ബിജെപി കൗണ്‍സിലര്‍മാര്‍ നല്‍കി. നില്‍ക്കകള്ളിയില്ലാതെ സിപിഎം പതിവ് ശൈലിയില്‍ ബിജെപിനേതാക്കള്‍ക്കെതിരെ ആക്ഷേപം ചൊരിഞ്ഞ് കൗണ്‍സില്‍ യോഗം അലങ്കോലപ്പെടുത്തുന്നതാണ് കണ്ടത്.

മാസ്റ്റര്‍ പ്ലാനിന് അനുകൂലമായിരുന്നു കഴിഞ്ഞ ഭരണകാലത്ത് മേയര്‍ എന്ന് വ്യക്തമാണ്. വകുപ്പ് മന്ത്രി മഞ്ഞളാംകുഴി അലിയും എത്രയും വേഗം മാസ്റ്റര്‍ പ്ലാന്‍ നടപ്പിലാക്കാനുള്ള തിടുക്കത്തിലായിരുന്നു. ഇടതുപക്ഷവും വലതുപക്ഷവും ചേര്‍ന്ന് ഭൂമാഫിയക്ക് അനുകൂലമായ ചരടുവലിക്കെതിരെ നാട്ടുകാര്‍ മുന്നോട്ടുവന്നപ്പോള്‍ ഒപ്പംനിന്നതാണ് ബിജെപി ചെയ്ത കുറ്റം. നിജസ്ഥിതി മനസിലാക്കിയ നാട്ടുകാര്‍ ബിജെപിയോട് സഹകരിക്കാതിരിക്കാനാണ് അക്രമണം തുടരുന്നത്.

വളരെ പാവപ്പെട്ടവരും കര്‍ഷകരും കൂലിപ്പണിക്കാരുമെല്ലാം കഴിയുന്ന ചന്തവിള, കാട്ടായിക്കോണം, ചെങ്കോട്ടുകോണം എന്നീ പ്രദേശങ്ങളാണ് മാസ്റ്റര്‍പ്ലാനിന്റെ ടൗണ്‍ഷിപ്പ് വന്നാല്‍ ഇല്ലാതാവുക. സിപിഎം നേതാവായ പ്രൊഫ. ചന്ദ്രിക മേയറായിരുന്നപ്പോള്‍ ഈ മാസ്റ്റര്‍ പ്ലാന്‍ അവതരിപ്പിച്ചത് സന്തോഷം പ്രകടിപ്പിച്ചുകൊണ്ടായിരുന്നു. തിരുവനന്തപുരത്തെ കൂടുതല്‍ ജീവിതയോഗ്യമാക്കുന്നതിന് ഉപകരിക്കുന്നതാണ് മാസ്റ്റര്‍ പ്ലാന്‍ എന്നവര്‍ അവകാശപ്പെട്ടിരുന്നു.

2008 നവംബര്‍ 13 ലെ സര്‍ക്കാര്‍ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ 2011 ജൂണ്‍ 24 നാണ് നഗരസഭ മാസ്റ്റര്‍ പ്ലാന്‍ ഉണ്ടാക്കാന്‍ തീരുമാനിച്ചത്. ജേക്കബ് ഈശോ നയിച്ച പ്ലാനിംഗ് ടീമാണ് ഇതിനായി പ്രവര്‍ത്തിച്ചത്. ചീഫ് ടൗണ്‍ പ്ലാനര്‍ ഈപ്പന്‍ വര്‍ഗീസ് മുന്‍കൈ എടുത്ത് വളരെ പെട്ടെന്നുതന്നെ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കി.

അവസാന രൂപം നല്‍കുന്നതിന് മുന്‍പ് വകുപ്പുമന്ത്രിയേയും മേയറേയും കൗണ്‍സിലര്‍മാരെയും കണ്ട് കാര്യങ്ങള്‍ ബോധ്യപ്പെടുത്തി എന്നാണ് സിടിഒ പ്ലാനിന്റെ മുഖവുരയില്‍ പറയുന്നത്. എന്നാല്‍ ബിജെപി കൗണ്‍സിലര്‍മാര്‍ തുടക്കം മുതല്‍ തന്നെ ഈ മാസ്റ്റര്‍ പ്ലാനിന്റെ അപാകതയും അസന്തുലിതാവസ്ഥയും ചൂണ്ടിക്കാണിച്ചിരുന്നു. അത് ചെവിക്കൊള്ളാന്‍ തയ്യാറാകാത്ത സര്‍ക്കാരും സിപിഎമ്മും ഇപ്പോള്‍ പിത്തലാട്ടം നടത്തുകയാണ്.

ആയിരക്കണക്കിന് വീട്ടുകാര്‍ മാത്രമല്ല, ക്ഷേത്രങ്ങളും മഠങ്ങളും കാവുകളും കോവിലുകളും വയലും തെങ്ങിന്‍തോപ്പുകളുമെല്ലാം നഷ്ടപ്പെടുമെന്ന ഭീതിയിലാണ് ജനങ്ങള്‍. ജനങ്ങളെ പറിച്ചെറിഞ്ഞ് പ്രകൃതിയെ നശിപ്പിച്ച് മാഫിയകളെ താലോലിക്കാനുള്ള ഈ വ്യഗ്രത അനുവദിച്ചുകൊടുക്കാനാവില്ല. ആരുശ്രമിച്ചാലും നടക്കാന്‍ പോകുന്നില്ല. ഈ മാസ്റ്റര്‍ പ്ലാന്‍ കീറിയെറിയുകയാണ് വേണ്ടത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.