ഇടുക്കി ജലനിരപ്പ് താഴുന്നു

Sunday 20 March 2016 11:12 pm IST

ഇടുക്കി: കടുത്ത വേനലില്‍ മുല്ലപ്പെരിയാറിനുപിന്നാലെ ഇടുക്കി ഡാമിലും ജലനിരപ്പ് താഴുന്നു. ഡാമിലെ നിലവിലെ ജലനിരപ്പ് 2341.30 ആണ്. മുന്‍ വര്‍ഷത്തേക്കാള്‍ 19.46 അടി കുറവാണ് ജലനിരപ്പ്. കഴിഞ്ഞ വര്‍ഷം ഇതേസമയം ഇടുക്കി ഡാമിലെ ജലനിരപ്പ് 2360.76 ആയിരുന്നു. വേനല്‍ കടുത്തതോടെ ജില്ലയിലെ ഡാമുകളിലെ ജലനിരപ്പ് അതിവേഗം താഴ്ന്നുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ മേഖലയില്‍ ചെറിയ തോതില്‍ വേനല്‍ മഴ ലഭിച്ചെങ്കിലും രണ്ടുദിവസമായി പദ്ധതി പ്രദേശത്ത് മഴ പെയ്തിട്ടില്ല. കാലവര്‍ഷവും തുലാവര്‍ഷവും പ്രതീക്ഷിച്ചതിലും കുറഞ്ഞതാണ് ജലനിരപ്പ് കുറയാന്‍ കാരണമായത്. സംസ്ഥാനത്തെ തന്നെ ഏറ്റവും പ്രധാനപ്പെട്ട വൈദ്യുതി ഉല്‍പ്പാദന കേന്ദ്രത്തിലെ ജലനിരപ്പ് താഴുന്നത് ആശങ്ക ഉയര്‍ത്തുകയാണ്. ഇന്നലെ 9.155 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് മൂലമറ്റം പവര്‍ ഹൗസില്‍ ഉല്‍പ്പാദിപ്പിച്ചത്. സംഭരണ ശേഷിയുടെ 38.54 ശതമാനം ജലമാണ് ഇപ്പോള്‍ ഡാമിലുള്ളത്. വൈദ്യുതി ഉല്‍പ്പാദനം സര്‍വ്വകാല റെക്കോഡും ഭേദിച്ച് മുന്നോട്ടുപോകുകയാണ്. വേനല്‍ മഴ ലഭിച്ചില്ലെങ്കില്‍ ഡാമിലെ വൈദ്യുതി ഉല്‍പ്പാദനം കുറയ്‌ക്കേണ്ടി വരുമെന്നാണ് അധികൃതര്‍ നല്‍കുന്ന സൂചന. അതേസമയം വൈദ്യുതി ഉല്‍പ്പാദനം ഇതേ നിലയില്‍ തുടര്‍ന്നാല്‍ രണ്ട് മാസത്തേക്കുള്ള വെള്ളം മാത്രമാണ് ഡാമില്‍ അവശേഷിക്കുന്നത്. ഇതോടൊപ്പം ജൂണ്‍ ആദ്യവാരം ആരംഭിക്കുന്ന മഴക്കാലം എത്താന്‍ വൈകിയാല്‍ ഡാമിലെ വൈദ്യുതി ഉല്‍പ്പാദനം തടസ്സപ്പെടും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.