മനോജ് വധം : ജയരാജന്റെ ജാമ്യാപേക്ഷ നാളത്തേയ്ക്ക് മാറ്റി

Monday 21 March 2016 12:41 pm IST

തൃശൂര്‍: കതിരൂര്‍ മനോജ് വധക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന സിപി‌എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്റെ ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് നാളത്തേക്ക് മാറ്റി. തലശേരി സെഷന്‍സ് കോടതിയാണ് വിധി പറയുന്നത് മാറ്റിയത്. അന്വേഷണ സംഘത്തോട് പൂര്‍ണമായും സഹകരിച്ച ജയരാജന് ആരോഗ്യ പ്രശ്നങ്ങള്‍ കണക്കിലെടുത്ത് ജാമ്യം നല്‍കണമെന്നാണ് പ്രതിഭാഗം കോടതിയില്‍ ആവശ്യപ്പെട്ടത്. ഗൂഢാലോചന കുറ്റം ചുമത്തിയ തനിക്കെതിരെ, സിബിഐ സംഘത്തിന് ഒരു തെളിവും ഹാജരാക്കാന്‍ കഴിയുന്നില്ലെന്നാണ് ജയരാജന്റെ വാദം. സിബിഐ സമര്‍പ്പിച്ച്‌ കേസ് ഡയറിയില്‍ ജയരാജനെതിരെ ഒരു പരാമര്‍ശവുമില്ലെന്നും യുഎപിഎ ജയരാജനെതിരെ മാത്രം ചുമത്തിയത് നിലനില്‍ക്കില്ലെന്നും അഭിഭാഷകനായ കെ വിശ്വന്‍ കഴിഞ്ഞ ദിവസം കോടതിയില്‍ വാദിച്ചിരുന്നു. എന്നാല്‍ കൊലയുടെ ആസൂത്രകന് ജാമ്യം അനുവദിക്കുന്നത് അന്വേഷണത്തെ, ബാധിക്കുമെന്നാണ് സി ബി ഐ നിലപാട്. കൂടാതെ കേസ് ഡയറിയും സി ബി ഐ കോടതിക്ക് കൈമാറിയിട്ടുണ്ട്. കോടതിയില്‍ കീഴടങ്ങിയ ജയരാജനില്‍ നിന്നും വ്യക്തമായ മൊഴി രേഖപ്പെടുത്താന്‍ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ലെന്നും പൂര്‍ണമായും പൊലീസ് കസ്റ്റഡിയില്‍ വിട്ട് കിട്ടണമെന്നും ജാമ്യ ഹര്‍ജിയെ എതിര്‍ത്ത് കൊണ്ട് സിബിഐ പ്രോസിക്യൂട്ടര്‍ കോടതിയില്‍ വ്യക്തമാക്കിയിരുന്നു. ജഡ്ജി വി ജി അനില്‍കുമാറാണ് കേസ് പരിഗണിക്കുന്നത്. അടുത്ത മാസം എട്ട് വരെയാണ് ജയരാജന്റെ റിമാന്‍ഡ് കാലാവധി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.